SWISS-TOWER 24/07/2023

ചരിത്രമെഴുതിയ വെടിയൊച്ച; അഭിനവ് ബിന്ദ്രയുടെ ഒളിമ്പിക് സ്വർണത്തിന് 17 വയസ്സ്

 
Bindra's Historic Olympic Gold Medal for India Turns 17, a Milestone in Indian Sports History
Bindra's Historic Olympic Gold Medal for India Turns 17, a Milestone in Indian Sports History

Photo Credit: Facebook/ Abhinav A Bindra

● ഹോക്കിക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം.
● പദ്മഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
● 2016-ൽ റിയോ ഒളിമ്പിക്സോടെ കരിയർ അവസാനിപ്പിച്ചു.
● നിലവിൽ ഐഒസി അത്‌ലറ്റിക് കമ്മീഷൻ അംഗമാണ്.

നവോദിത്ത് ബാബു

(KVARTHA) ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യയുടെ വ്യക്തിഗത ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേട്ടത്തിന് ഇന്ന് (ഒഗസ്റ്റ് 11) 17 വയസ്സ് പൂർത്തിയാകുന്നു. വെടിയുതിർത്ത് ചരിത്രമെഴുതിയ പോരാളിയായ അഭിനവ് ബിന്ദ്രയുടെ ഈ നേട്ടം ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ഒന്നായിരുന്നു.

Aster mims 04/11/2022

ലോക കായിക ഭൂപടത്തിൽ പല ഇനങ്ങളിലും ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണ്. ലോക രാജ്യങ്ങൾ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായിക മേളകളിൽ കുതിപ്പുകൾ തുടരുമ്പോൾ മെഡൽ പട്ടികയിൽ പിന്നോട്ട് പോകുന്ന ഇന്ത്യൻ കായിക താരങ്ങൾ ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം സാധാരണ കാഴ്ചയായിരുന്നു.

ഹോക്കി എന്ന ടീം ഇനത്തിലെ സ്വർണം കഴിഞ്ഞാൽ ഒരു വ്യക്തിഗത സ്വർണം എന്നത് ഇന്ത്യക്ക് എന്നും സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നത്തിന് യാഥാർത്ഥ്യത്തിന്റെ ചിറകുകൾ ആദ്യമായി നൽകിയത് 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ് ഒളിമ്പിക്സിൽ ഇന്ത്യൻ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയാണ്.

ഷൂട്ടിങ് മത്സരത്തിൽ 10 മീറ്റർ എയർ റൈഫിൾസ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടി ബിന്ദ്ര ചരിത്രം കുറിച്ചു. ഈ അപൂർവ്വ നേട്ടത്തിന് 2009-ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ബിന്ദ്രയെ ആദരിക്കുകയുണ്ടായി.

1896-ൽ ആരംഭിച്ച ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യക്ക് ഒരു വ്യക്തിഗത സ്വർണ മെഡൽ ലഭിക്കാൻ സ്വാതന്ത്ര്യം ലഭിച്ച് 61 വർഷം കാത്തിരിക്കേണ്ടി വന്നു എന്നത് ഇന്ത്യൻ കായിക രംഗത്തിന്റെ ശോച്യാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു എന്ന കാര്യം സത്യമാണ്.

ഹോക്കിയിൽ ലഭിക്കുന്ന സ്വർണം അല്ലാതെ മറ്റ് വ്യക്തിഗത സ്വർണ മെഡലുകൾ ഒന്നും ഇല്ലാത്ത ദയനീയമായ അവസ്ഥ. ലോകത്തിലെ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യത്തിന് (ഇന്ന് ഒന്നാം സ്ഥാനം) കായിക മേഖലയിൽ ഒരു കുതിച്ചുചാട്ടത്തിന് സാധിക്കാതെ വന്നത് ദീർഘവീക്ഷണത്തോടെ കായിക മേഖലയെ സമീപിക്കുന്നതിൽ കായിക ഭരണാധികാരികൾക്ക് സംഭവിച്ച വീഴ്ച കൊണ്ടാണെന്ന് നിസ്സംശയം പറയാം.

കായിക താരങ്ങൾക്ക് പകരം ഒഫീഷ്യലുകളെ കയറ്റി അയക്കുകയും അവർക്ക് ആഘോഷിക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്ന ഒരു വേദിയായി ലോക കായിക മാമാങ്കങ്ങൾ ഇന്ത്യൻ കായികലോകത്തിനു മാറി എന്ന് അന്നത്തെ ചില പത്രപ്രവർത്തകർ വിമർശിച്ചിരുന്നു.

ഒളിമ്പിക്സ് വേദികളിൽ മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്ന ഒഫീഷ്യൻമാരുടെ എണ്ണവും അവരുടെ കായിക താരങ്ങൾ നേടുന്ന മെഡലുകളും താരതമ്യം ചെയ്ത് അവർ പറഞ്ഞത് തീർച്ചയായും ഗൗരവത്തിൽ ചിന്തിക്കേണ്ട വിഷയമാണ്.

കായിക താരങ്ങളെക്കാൾ ഒഫീഷ്യലുകൾ എല്ലാ കായിക മേളകളിലും പങ്കെടുക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. കായിക മേളകളെ ആഘോഷമാക്കി മാറ്റുന്ന ഒഫീഷ്യലുകളുടെ ഈ രീതി ഇന്നും മാറ്റമില്ലാതെ തുടരുന്നു.

2008-ൽ ബിന്ദ്ര സ്വർണം നേടിയെങ്കിൽ തുടർന്ന് ഇത്രയും കാലത്തിനിടയിൽ നീരജ് ചോപ്രയുടെ ഒരു സ്വർണം കൂടി മാത്രമാണ് 130 കോടി ജനങ്ങൾക്ക് എടുത്തുപറയാനുള്ളത്. ലോകത്ത് ഏതാനും ചില ബ്രിട്ടീഷ് കോളനി രാജ്യങ്ങളിൽ മാത്രം നടക്കുന്ന ക്രിക്കറ്റ് ഒഴികെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വിലാസമുള്ള ഏക കായിക ഇനം ഹോക്കി മാത്രമാണ്.

അതിലും ഒരുകാലത്ത് ലോകത്തെ അടക്കി ഭരിച്ചിരുന്ന ഇന്ത്യക്ക് പാശ്ചാത്യ രാജ്യങ്ങൾ ബഹിഷ്കരിച്ച 1980-ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം ഒരു മെഡൽ നേട്ടത്തിനായി 2020 വരെ കാത്തിരിക്കേണ്ടിവന്നു. ഇത് ഹോക്കിയിൽ പോലും നമ്മുടെ രാജ്യത്തിന് സംഭവിച്ച നിലവാര തകർച്ച കായിക ഭരണാധികാരികൾ അർഹിച്ച പ്രാധാന്യത്തോടെ കാണുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

2012, 2016 ഒളിമ്പിക്സുകളിലും ബിന്ദ്ര മത്സരിച്ചെങ്കിലും മെഡൽ നേട്ടം ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2016-ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പതാകവാഹകനായിരുന്ന ബിന്ദ്ര നാലാം സ്ഥാനത്തെത്തിക്കൊണ്ടാണ് തന്റെ കരിയറിന് വിരാമമിട്ടത്. ഒരു മെഡലോടെ കരിയർ അവസാനിപ്പിക്കണം എന്ന സ്വപ്നം സഫലമാവാതെ അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നു.

വിരമിച്ച ശേഷം കായിക ഭരണ രംഗത്ത് സജീവമായ ബിന്ദ്ര 2018 മുതൽ ഐ.ഒ.സി അത്‌ലറ്റിക് കമ്മീഷനിൽ അംഗമാണ്. ഒളിമ്പിക്സ് പ്രസ്ഥാനത്തിന് മികച്ച സംഭാവന നൽകിയവർക്കുള്ള അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതിയുടെ പരമോന്നത ആദരമായ ഒളിമ്പിക് ഓർഡർ 2024-ലെ പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് ബിന്ദ്രയ്ക്ക് നൽകി ആദരിക്കുകയുണ്ടായി.

1982 സെപ്റ്റംബർ 28-ന് ഡെറാഡൂണിൽ ജനിച്ച ബിന്ദ്ര 1998-ലെ കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, അർജുന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ നേട്ടത്തിന്റെ പേരിൽ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

അഭിനവ് ബിന്ദ്രയുടെ ഈ നേട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Abhinav Bindra's Olympic gold victory turns 17.

#AbhinavBindra #OlympicGold #IndianSports #Shooting #Beijing2008 #SportsHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia