അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

 


ADVERTISEMENT

ക്രൈസ്റ്റ് ചര്‍ച്ച്: (www.kvartha.com 30.01.2018) അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ ഏറ്റുമുട്ടുക.

ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടു നല്‍കി നാലു വിക്കറ്റെടുത്ത ഇഷാന്‍ പൊറേലിന്റെ മികവാണ് ഇന്ത്യക്കു തുണയായത്. റിയാന്‍ പരാഗ് നാലു ഓവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശിവ സിങ് എട്ടു ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. അനുകൂല്‍ സുധാകര്‍ റോയ്, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും. ബാറ്റിങ്ങില്‍ പാകിസ്ഥാന്റെ മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത്, റൊഹൈല്‍ നാസിര്‍(18), സാദ് ഖാന്‍(15), മുഹമ്മദ് മൂസ(11).

അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ടീം സ്‌കോര്‍ പത്ത് റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ മുഹമ്മദ് സയിദ് ആലം (7) പവലിയനില്‍ മടങ്ങിയെത്തി. മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ മറ്റൊരു ഓപ്പണറായ ഇമ്രാന്‍ ഷാ (2) യും മടങ്ങി. പിന്നാലെ വന്ന റൊഹെയ്ല്‍ നസീര്‍ (18) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാഗിന്റെ പന്തില്‍ ഗില്ലിന് ക്യാച്ച് നല്‍കി മടങ്ങി.

പിന്നീട് വന്ന അല്‍ സരിയാബ് ആസിഫ് (1), അമ്മദ് ആലം (4), മുഹമ്മദ് താഹ (4) എന്നിവര്‍ ചെറുത്തുനില്‍പില്ലാതെ മടങ്ങിയതോടെ പാകിസ്ഥാന്‍ ആറിന് 41 എന്ന ദയനീയ നിലയിലേക്ക് വീണു. സാദ് ഖാന്‍ (15) വാലറ്റത്തെ കൂട്ടുപിടിച്ച് നേരിയ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും വിജയം പിന്നെയും അകന്നു നിന്നു. നസീറാണ് പാക് നിരയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത്.

നേരത്തെ, 94 പന്തില്‍ ഏഴു ബൗണ്ടറിയോടെ സെഞ്ച്വറി നേടി (പുറത്താകാതെ 102 റണ്‍സ്) മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലിന്റെ തോളിലേറിയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. പൃഥ്വി ഷായും മന്‍ജ്യോത് കല്‍റയും ചേര്‍ന്നുണ്ടാക്കിയ 89 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് വന്‍സ് കോറിലേക്ക് ഇന്ത്യ നീങ്ങുമെന്ന സൂചന നല്‍കിയെങ്കിലും 41 റണ്‍സെടുത്ത പൃഥ്വി ഷാ റണ്‍ഔട്ടായി. 47 റണ്‍സെടുത്ത കല്‍റയും പിന്നാലെ പുറത്തായി.

ഒരു വശത്ത് ശുഭ്മാന്‍ ഗില്‍ വീറോടെ പൊരുതിനിന്നപ്പോള്‍ മറുവശത്തെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പിന്നാലെ ഒന്നായി കാര്യമായ സ്‌കോര്‍ കൂട്ടിച്ചേര്‍ക്കാതെ മടങ്ങി. വാലറ്റത്ത് 33 റണ്‍സെടുത്ത അങ്കുല്‍ റോയിയുടെ ബാറ്റിങ്ങാണ് ശുഭ്മാന് തുണയായത്.


10 ഓവറില്‍ 67 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടിയ മുഹമ്മദ് മൂസയും 51 റണ്‍സ് വിട്ടുനില്‍കി മൂന്നു വിക്കറ്റ് നേടിയ അര്‍ഷാദ് ഇഖ്ബാലും പാക് ബോളിങ്ങില്‍ തിളങ്ങി. ക്വാര്‍ട്ടര്‍ ഫൈനല്‍ അടക്കം ഇതുവരെയുള്ള നാലു മത്സരങ്ങളും വന്‍മാര്‍ജിനില്‍ ജയിച്ചുകയറിയാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മത്സരത്തില്‍ ഓസീസിനെ 100 റണ്‍സിനു തോല്‍പിച്ച ശേഷം തുടര്‍ന്നുള്ള മത്സരങ്ങളില്‍ പാപുവ ന്യൂഗിനി, സിംബാബ് വെ എന്നിവര്‍ക്കെതിരെ പത്തു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയ ഇന്ത്യ ക്വാര്‍ട്ടറിലും മോശമാക്കിയില്ല. ബംഗ്ലാദേശിനെ തോല്‍പിച്ചത് 131 റണ്‍സിന്. ബാറ്റിങ്ങില്‍ ഉജ്വല ഫോമിലായ ശുഭ് മാന്‍ ഗില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമാണ്.

മറുഭാഗത്ത് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ മുന്നേറ്റം അനായാസമായിരുന്നില്ല. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടു തോറ്റ ടീം തുടര്‍ന്നുള്ള മൂന്നുമത്സരങ്ങളിലും വിജയം കണ്ടു. ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ മൂന്നുവിക്കറ്റിന്റെ ജയത്തോടെ പാകിസ്ഥാന്‍ കടന്നുകൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: U-19 World Cup Semi Final, India Beat Pakistan by 203 Runs, Highlights: As It Happened, World Cup, News, Cricket Test, Cricket, Sports, Winner, Pakistan, Australia, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia