Dress Code | ക്രോപ്പ് ടോപ്പ് വസ്ത്രം ധരിച്ച് വിമാനത്തില്‍ കയറിയ യുവതികളെ ഇറക്കിവിട്ടതായി പരാതി; മാന്യമല്ലാത്ത വസ്ത്രധാരണമെന്ന് പറഞ്ഞ് അപമാനിച്ചതായും ആരോപണം; ചിത്രങ്ങള്‍ പുറത്ത്
● മോശം പെരുമാറ്റം നേരിടേണ്ടി വന്നത് താര കെഹിദി, ആന്‍ജ് തെരേസ ആരൗജോ എന്നിവര്‍ക്ക്
● നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ്
● മറ്റൊരു വിമാനം ബുക്ക് ചെയ്ത് പോവാനായി വേണ്ടി വന്നത് 10000 ഡോളര്‍
ന്യൂയോര്‍ക്ക്: (KVARTHA) ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ക്രോപ്പ് ടോപ്പ്. അതുകൊണ്ടുതന്നെ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ ഇത് ധരിക്കുന്നത് പതിവാണ്. എന്നാല്‍ ഈ വസ്ത്രം ധരിച്ചതിന്റെ പേരില്‍ രണ്ട് യുവതികളെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുവതികള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ന്യൂയോര്‍ക്ക് പോസ്റ്റും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോസ് ആഞ്ചല്‍സില്‍ നിന്ന് ന്യൂ ഓര്‍ലിയന്‍സിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയര്‍ലൈന്‍സില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. താര കെഹിദി, ആന്‍ജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. വിമാനത്തില്‍ കയറിയിരുന്ന ഉടന്‍ തന്നെ യുവതികളുടെ വസ്ത്രത്തെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടക്കത്തില്‍ കമ്പിളി വസ്ത്രങ്ങള്‍ അണിഞ്ഞിരുന്ന ഇവര്‍ക്ക് വിമാനത്തിലെ മോശം ശീതികരണം കാരണം അത് അഴിക്കേണ്ടി വന്നു. പിന്നീട് ധരിച്ചത് വയറുകാണിക്കുന്ന ക്രോപ്പ് ടോപ്പ് വസ്ത്രമാണ്. അതാണ് പ്രശ്നത്തിന് കാരണമായതെന്ന് യുവതികള്‍ ആരോപിച്ചു.
ഞങ്ങള്‍ ക്രോപ്പ് ടോപ്പാണ് ധരിച്ചതെന്നും അല്‍പ്പം വയര്‍ മാത്രമാണ് കാണുന്നുണ്ടായിരുന്നതെന്നും വിവേചനമപരമായ നടപടിയാണിതെന്നും യുവതികളിലൊരാളായ കെഹ്ദി മാധ്യമങ്ങളോട് വിശദീകരിച്ചു. സഹയാത്രികര്‍ യുവതികള്‍ക്കായി നിലകൊണ്ടെങ്കിലും പൊലീസിനെ വിളിക്കുമെന്ന് സൂപ്പര്‍വൈസര്‍ പറഞ്ഞതോടെ യുവതികള്‍ക്ക് വിമാനത്തിന്‍ നിന്ന് ഇറങ്ങേണ്ടിവന്നു.
ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഫ്ളൈറ്റിലെ പുരുഷ ഉദ്യോഗസ്ഥന്‍ ഇവര്‍ക്കരികിലേക്ക് വന്ന് എന്തെങ്കിലും വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തിലെ വസ്ത്രനിയമങ്ങള്‍ എന്താണെന്നും അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്താണെന്നും ചോദിച്ചെങ്കിലും അതൊന്നും വ്യക്തമാക്കാതെ ഉദ്യോഗസ്ഥന്‍ പോവുകയായിരുന്നു.
യുവതികള്‍ക്ക് വീണ്ടും മറ്റൊരു വിമാനം ബുക്ക് ചെയ്ത് പോവാനായി ഏകദേശം 10000 ഡോളര്‍ ചിലവായെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇവര്‍ പറയുന്നു. ഫ് ളൈറ്റിലെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെയാണ് ഇവര്‍ പോസ്റ്റില്‍ പങ്കുവെച്ചത്. വീണ്ടും കമ്പിളി വസ്ത്രങ്ങള്‍ ധരിച്ച് യാത്ര ചെയ്യാന്‍ പോലും ഉദ്യോഗസ്ഥര്‍ അവസരം തന്നില്ലെന്നും ക്രിമിനലുകളെ പോലെയാണ് ഞങ്ങളെ കൈകാര്യം ചെയ്തതെന്നും യുവതികള്‍ ആരോപിക്കുന്നു. നിയമനടപടികള്‍ക്കായി മുന്നോട്ട് പോവുകയാണെന്നും ഇവര്‍ വ്യക്തമാക്കി.
സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ പോളിസി പ്രകാരം മാന്യമായി വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് നിയമാവലിയില്‍ പറയുന്നത്. എന്നാല്‍ ഏത് തരം വസ്ത്രം ധരിക്കരുതെന്ന് വ്യക്തമാക്കിയിട്ടില്ല. മാന്യമല്ലാത്ത വസത്രം ധരിച്ച് വരാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുവതികളുടെ വാര്‍ത്തകള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. എയര്‍ലൈനിന്റെ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. വ്യക്തമായ നിയമാവലി തയ്യാറാക്കാതെ ഇത്തരം നടപടികള്‍ക്ക് മുതിരുന്നത് യാത്രക്കാരെ ക്രൂരമായി അപമാനിക്കലാണെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.
#DressCodeControversy #SpiritAirlines #CropTop #FashionDebate #ViralNews #PassengerRights