App | ആളുകൾ ഏറ്റവും കൂടുതൽ ഡിലീറ്റ് ചെയ്യുന്ന ആപ്പ് ഏതാണെന്നറിയാമോ? ഞെട്ടിക്കും!


ന്യൂഡൽഹി: (KVARTHA) സോഷ്യൽ മീഡിയ (Social Media) നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എങ്കിലും, ഈ പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയിലും വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്. 2023-ൽ ഏറ്റവും കൂടുതൽ പേർ ഡിലീറ്റ് (Most deleted) ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ (App) ഏതാണെന്നറിയുണ്ടോ? അത് ഇൻസ്റ്റഗ്രാം (Instagram) തന്നെയാണ്! കഴിഞ്ഞ ദിവസം ട്വിറ്റർ സിഇഒയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളുമായ ഇലോൺ മസ്‌ക് പങ്കുവെച്ച ഒരു പോസ്റ്റ് ഈ ചർച്ചയ്ക്ക് കാരണമായി.
Lalala https://t.co/8OHzKI7YpF
— Elon Musk (@elonmusk) July 19, 2024
യുഎസ് ആസ്ഥാനമായ ടെക് സ്ഥാപനമായ ട്രി ആർ ജി ഡാറ്റാസെന്റേഴ്സ് (TRG Datacenters) നടത്തിയ പഠനത്തിൽ 2023-ൽ ഏറ്റവും കൂടുതൽ പേർ ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ തിരയൽ ചരിത്രം (Search History) അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഓരോ മാസവും എത്ര പേർ 'എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം' എന്ന് തിരഞ്ഞു എന്നതാണ് പഠനം പരിശോധിച്ചത്.
പഠനത്തിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
ലോകമെമ്പാടുമുള്ള ശരാശരി കണക്കിൽ, പ്രതിമാസം 10 ലക്ഷത്തിലധികം പേരാണ് 'എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം' എന്ന് തിരഞ്ഞത്. 1,00,000 പേരിൽ ഏകദേശം 12,500 പേർ ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ച് തിരഞ്ഞു എന്നാണ് ഇത് അർത്ഥമാക്കുന്നത്. അമേരിക്കയിൽ, ഈ കണക്ക് കൂടുതൽ കൂടുതലാണ്. പ്രതിമാസം ശരാശരി 2,14,000 പേർ ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ച് തിരഞ്ഞു. അതായത്, 1,000 പേരിൽ 60 ഓളം പേർ യുഎസ്സിൽ ഇൻസ്റ്റാഗ്രാം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു.
കാരണങ്ങൾ
എന്തുകൊണ്ടാണ് ഇത്രയധികം പേർ ഇൻസ്റ്റാഗ്രാം ഉപേക്ഷിക്കുന്നത്? പഠനം കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫോട്ടോ പങ്കിടൽ എന്ന ആദ്യകാല ലക്ഷ്യത്തിൽ നിന്ന് വ്യത്യസ്തമായി, ഇൻസ്റ്റാഗ്രാം ഇപ്പോൾ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനും (Social Media Influencer) ബ്രാൻഡുകൾക്കും വേണ്ടിയുള്ള ഒരു പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു. പരസ്യങ്ങളുടെ വർദ്ധനവ് ഉപയോക്താക്കളുടെ അനുഭവത്തെ ബാധിക്കുന്നുവെന്ന് പഠനം പറയുന്നു. ഓരോ മാസവും ഒരു ദശലക്ഷം ആളുകൾ ആപ്പ് ഡിലീറ്റാക്കുന്നത് തുടർന്നാൽ, ഭാവിയിൽ അത് ജനപ്രിയ ആപ്പിന് നാശം വിതച്ചേക്കാം എന്ന് ഗവേഷകർ കരുതുന്നു.
മറുവശത്ത് മറ്റ് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ സ്നാപ്‌ചാറ്റ്, ടെലഗ്രാം, ഫേസ്ബുക്ക് എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു. വാട്സ്ആപ്പും വീചാറ്റും പോലുള്ള മെസേജിംഗ് ആപ്ലിക്കേഷനുകൾ കുറച്ച് ആളുകൾ മാത്രമാണ് ഡിലീറ്റ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്. സ്നാപ്‌ചാറ്റ്: 1,28,500, ടെലഗ്രാം: 71,700, ഫേസ്ബുക്ക്: 49,000,
ടിക് ടോക്ക്: 24,900, യൂട്യൂബ്: 12,500, ട്വിറ്റർ: 12,300 വാട്സ്ആപ്പ്: 4,950, വീചാറ്റ്: 2,090 എന്നിങ്ങനെയാണ് കണക്കുകൾ.
ഈ പഠനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളെ നിലനിർത്തുന്നതിനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നു. ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി പ്ലാറ്റ്‌ഫോമുകൾ എന്ത് മാറ്റങ്ങൾ വരുത്തും എന്നു കാത്തിരുന്ന് കാണണം.