Social Media | ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകൾക്ക് പൂട്ട്: ഫോളോവേഴ്സിനെ ആപ്പ് കെണികളിൽ വീഴ്ത്തുന്ന സാമൂഹ്യ മാധ്യമ ഇൻഫ്ലുവൻസർമാർ; കോടികളുടെ മണി കിലുക്കം വഴിയൊരുക്കുന്നത് കൊടുംചതിക്ക് 

 
 Instagram influencers promoting gambling apps and scams
 Instagram influencers promoting gambling apps and scams

Representational Image Generated by Meta AI

● ഓൺലൈൻ ഗാംബ്ലിങ്ങും ബെറ്റിങ്ങും തഴച്ചുവളരുകയാണ്.
●  വിജയികൾക്ക് കോടികളാണ് വാഗ്ദാനം ചെയ്യുന്നത്.
● ഇൻഫ്ളുവൻസർമാർ പണം കൊയ്യാനാണ് ഇടനിലക്കാരായി നിന്ന് പ്രവർത്തിക്കുന്നത്.

കണ്ണൂർ: (KVARTHA) സോഷ്യൽ മീഡിയയിലൂടെ താരങ്ങളും ഇൻഫ്ലുവൻസർമാരും പറയുന്നത് കണ്ണടച്ചു വിശ്വസിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. സോഷ്യൽ മീഡിയയിൽ ഇങ്ങനെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുമുണ്ട്. ഓൺലൈൻ റമ്മികളും ഗെയിമുകളും ട്രേഡിങ്ങുമൊക്കെ വിന്നർമാർക്ക് കോടികളാണ് വാഗ്ദ്ധാനം ചെയ്യുന്നത്. ഇത്തരം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ പണം കൊയ്യുക മാത്രമേ ലക്ഷ്യമിടുന്നുള്ളു. മറ്റുള്ളവരെ കടക്കെണിയിലാക്കി അവരുടെ ജീവിതം തുലയ്ക്കുന്ന ഏർപ്പാടാണ് ഇതെന്ന തിരിച്ചറിവ് അവർക്കില്ല. 

'ഓൺലൈൻ റമ്മികളിക്കു പൈസ നേടൂ, ഇതാ ഞാന്‍ ഈ ഗെയിം കളിച്ച് ലക്ഷങ്ങള്‍ ഉണ്ടാക്കി, റമ്മി കളിച്ചാല്‍ ഒരുദിവസം പതിനായിരം രൂപ വരെ…' ഇത്തരം മധുരമനോഹരമായ വാഗ്ദാനങ്ങളാണ് അവർ നൽകുന്നത്. ഇതിനായി ഇത്തരം പ്രൈസുകൾ ലഭിച്ചുവെന്ന് വിശ്വസിപ്പിക്കാൻ സാധാരണക്കാരെയും പരസ്യ ചിത്രങ്ങളിൽ അഭിനയിപ്പിക്കുന്നുണ്ട്. പക്ഷെ ചതിയാണ് പിന്നിലെന്ന് വലയിൽ കുടുങ്ങി കഴിഞ്ഞാൽ മാത്രമേ പലരും തിരിച്ചറിയുകയുള്ളുവെന്നാണ് യാഥാർത്ഥ്യം. 

ഒരുപാട് പേരുടെ ജീവന്‍ കളഞ്ഞ, പണം പോകുന്ന ഏര്‍പ്പാടാണ് ഇപ്പോഴും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഒരുപാട് വാര്‍ത്തകള്‍ കണ്ണൊന്ന് തുറന്നുപിടിച്ചാല്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. എന്നിട്ടും ഈ ഓണ്‍ലൈന്‍ ഗാംബ്ലിങ്ങും ബെറ്റിങ്ങും തഴച്ചുവളരുക തന്നെയാണ്. ഇവയ്ക്ക് പ്രചാരം നല്‍കുന്നവരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനമുള്ളവരുമുണ്ട്. ഇൻഫ്ളുവൻസർമാരെന്ന ഓമന പേരിലാണ് ഇവർ അറിയപ്പെടുന്നത്. 

കഴിഞ്ഞ ദിവസമാണ് ബെറ്റിങ് ആപ്പുകളെയും ഗെയിമിങ് ആപ്പുകളെയും പ്രൊമോട്ട് ചെയ്ത ചില ജനപ്രിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെ നമ്മുടെ കേരള പൊലീസ് പൂട്ടിച്ചത്. ജിയാസ് ജമാല്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലായിരുന്നു ഈ നടപടി. വയനാടന്‍ വ്ലോഗര്‍, മല്ലു ഫാമിലി സുജിന്‍, ഫഷ്മിന സാക്കിര്‍ തുടങ്ങിയ നിരവധി പേരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് പൂട്ടിയത്. ആപ്പുകളില്‍ നിന്ന് പ്രൊമോഷന് വേണ്ടി വന്‍ തുക വാങ്ങുക. ശേഷം തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ ഈ ആപ്പിലൂടെ ഗെയിം കളിച്ചുണ്ടാക്കിയതാണെന്ന തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിക്കുക ഇതാണ് രീതിയെന്ന് പൊലീസ് പറയുന്നു. 

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവന്‍സേഴ്സ് ഇത്തരത്തില്‍ ഗാംബ്ലിങ് ആപ്പുകളെ പ്രെമോട്ട് ചെയ്യുന്നതായി ചൂണ്ടിക്കാട്ടി യെസ് അഭിജിത്ത് എന്ന വ്യക്തി രംഗത്ത് വന്നിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. നിങ്ങളൊന്ന് ആലോചിച്ചുനോക്കണം, നമ്മുടെയെല്ലാം നിത്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന, ഇത്തരം ഇൻഫ്ലുവെന്‍സേര്‍സ് എന്ത് തരം കണ്ടന്റുകളെയാണ് പ്രൊമോട്ട് ചെയ്യുന്നതെന്ന്. ആളെ കൊല്ലിക്കുന്ന, പണം പോകുന്ന ഈ ആപ്പുകളെ എന്ത് കണ്ടിട്ടാണ്, പൊതുമധ്യത്തില്‍ തന്നെ ഇവര്‍ പ്രൊമോട്ട് ചെയ്യുന്നത് തങ്ങൾക്ക് ഇടനിലക്കാരായി നിന്ന് പണം കൊയ്യാനാണ്. 

കേന്ദ്ര സർക്കാർ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും, പലതവണ ആപ്പുകള്‍ നിരോധിച്ചിട്ടും കൂടിയാണ് ഈ പ്രൊമോഷന്‍ തുടരുന്നത്. മഹാദേവ് ബെറ്റിങ് ആപ്പ് തട്ടിപ്പ് പലരും കേട്ടിട്ടുണ്ടാകുമല്ലോ. ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പായിരുന്ന മഹാദേവ് ആപ്പ് വഴി കോടികളാണ് സൗരബ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നിവര്‍ തട്ടിയത്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ബെറ്റിങ് നിരോധിച്ചിരുന്നതോടെ ദുബൈയില്‍ നിന്നായിരുന്നു ഇവരുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പിന്റെ പേരില്‍പോലും ഇവര്‍ ബെറ്റിംഗ് നടത്തിപ്പോന്നിരുന്നു. ഇത്തരത്തില്‍ ബെറ്റ് വെച്ച് എത്ര പേര്‍ ജയിച്ചാലും തോറ്റാലും, പണം വന്നുവീഴുക ഉടമകളുടെ പോക്കറ്റിലേക്കായിരുന്നു. ഇത്തരത്തില്‍ സെറ്റ് ചെയ്ത അല്‍ഗോരിതം ഇവരെ കോടീശ്വരന്മാരാക്കി, ഒടുവില്‍ പിടിവീണു. 

മഹാദേവ് ബെറ്റിങ്ങ് ആപ്പിന്റെ ചതിയില്‍പ്പെട്ട് പണം നഷ്ടപ്പെട്ടവര്‍ അനവധിയായിരുന്നു. സെലിബ്രിറ്റികള്‍ പോലും ഇത്തരം ആപ്പുകളെ പ്രൊമോട്ട് ചെയ്തിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, ഹുമ ഖുറേഷി തുടങ്ങി അനവധി പേരെയാണ് മഹാദേവ് ആപ്പ് കേസ് സംബന്ധിച്ച് ഇഡി ചോദ്യം ചെയ്തത്. ഫെയര്‍പ്ലെ ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്തതിന്റെ പേരില്‍ നടിമാരായ തമന്നയെയും കാജൽ അഗർവാളിനെയും കഴിഞ്ഞ ദിവസം പൊലിസ് ചോദ്യം ചെയ്തിരുന്നു. ഭരണകൂടവും ഇതാദ്യമായല്ല ബെറ്റിങ് അപ്പുകള്‍ക്കെതിരെ മുന്നറിയിപ്പും നടപടിയുമായി രംഗത്തുവരുന്നത്. 2023ല്‍ 22 ആപ്പുകളെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. തുടര്‍ന്നും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ഇപ്പോഴും ഇതിൽ വീണു പോകുന്നവരുടെ 'പിന്തുണ' കൊണ്ടാണ് ഇവർ തഴച്ചുവളരുന്നത്. 

ബെറ്റിങ് ആപ്പ് ഉപയോഗിച്ചതുവഴി 80 ലക്ഷം രൂപ കടംകയറി ഒരു കൗമാരക്കാരന്‍ മരിച്ചതടക്കമുള്ള സംഭവമുള്ളപ്പോഴാണ്, ഈ നിയമവിരുദ്ധ പ്രവൃത്തിക്ക് പരസ്യമായ പിന്തുണ എറിയേറിവരുന്നത്. നമ്മുടെയെല്ലാം നിത്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നവരാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്നതാണ് ഏറ്റവും സങ്കടകരം. ഇത്തരം സംഭവങ്ങളെപ്പറ്റി ഒന്ന് പഠിച്ച്, വേണ്ട മുന്‍കരുതലുകള്‍ ഈ ഇൻഫ്ലുവെന്‍സേര്‍സ് എടുക്കുന്നില്ല എന്നത് പരിതാപകരമാണ്. 'ഇൻഫ്ലുവെന്‍സ്' ചെയ്യപ്പെടുക എന്നത് 'ന്യൂ നോര്‍മല്‍' ആയ ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അപ്പോള്‍പ്പോലും ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്നത് എന്ത് തരം മൂല്യച്യുതിയാണെന്ന് ഇവര്‍ സ്വയം ചിന്തിക്കേണ്ടേ. 

പുതിയ തലമുറ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന ഇന്‍സ്റ്റാഗ്രാമിനെയാണ് ബെറ്റിംഗ് ആപ്പുകള്‍ പ്രൊമോഷനായി ലക്ഷ്യം വെയ്ക്കുന്നത്. അവിടെ നിരവധി കാഴ്ചക്കാരുള്ള ഈ ഇൻഫ്ലുവെന്‍സേര്‍സ് ഇവരെയെല്ലാം തട്ടിപ്പിന് ഇട്ടുകൊടുക്കുകയാണോ വേണ്ടത്? ബോധപൂർവ്വം തങ്ങളിൽ ആകൃഷ്ടരാകുന്ന ഇത്തരം ആർത്തിയുള്ള ഇൻഫ്ളുവൻസർ മാരെ ഇനിയെങ്കിലും തിരിച്ചറിയുകയാണ് വേണ്ടത്. നിയമനടപടികൾക്ക് അതീതമായി സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർ ഇവരെ ഒറ്റപ്പെടുത്താൻ തയ്യാറാകണം. അല്ലെങ്കിൽ കടക്കെണിയിൽ വീണു ജീവിതം പൊലിയുന്നവരുടെ എണ്ണം ഇനിയും കൂടിക്കൊണ്ടിരിക്കുമെന്നത് തീർച്ചയാണ്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Instagram influencers promoting gambling apps are being banned, with followers being lured into scams. Several popular influencers have been involved in such promotions.


#SocialMediaScams #GamblingApps #Influencers #InstagramFraud #KeralaNews #OnlineScams

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia