Rules Change | ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്... ജൂൺ 1 മുതൽ നിരവധി മാറ്റങ്ങൾ; അറിയാം 

 
License


ഇനി സ്വകാര്യ കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താം 

ന്യൂഡെൽഹി: (KVARTHA) ജൂൺ ഒന്ന് രാജ്യത്ത് നിരവധി നിയമങ്ങൾ മാറാൻ പോവുകയാണ്. ഈ മാറ്റങ്ങളിൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്നവയുമുണ്ട്, അത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ജൂൺ ഒന്ന് മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്ന ചില പ്രധാന നിയമങ്ങളുടെ മാറ്റങ്ങൾ ഇതാ.

സ്വകാര്യ കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ്: 

ജൂൺ ഒന്നു മുതൽ പുതിയ ഗതാഗത നിയമങ്ങൾ നടപ്പാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് അംഗീകൃത സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ വ്യക്തികൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താം. മുമ്പ്, സർക്കാർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ (RTO) വഴിയാണ് ടെസ്റ്റ് നടത്തിയിരുന്നത്. ഇനി സർക്കാർ അനുമതിയുള്ള സ്വകാര്യ കേന്ദ്രങ്ങൾക്ക് ടെസ്റ്റ് നടത്താനും ഡ്രൈവിംഗ് ലൈസൻസ് നൽകാനും അധികാരം നൽകും.

ഗതാഗത നിയമലംഘനത്തിന് കടുത്ത പിഴകൾ:

മലിനീകരണം കുറയ്ക്കുന്നതിനായി ഏകദേശം ഒമ്പത് ലക്ഷം പഴയ സർക്കാർ വാഹനങ്ങൾ ഒഴിവാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. കൂടാതെ, കർശനമായ വാഹന പുക പരിശോധന മാനദണ്ഡങ്ങൾ നടപ്പിലാക്കും. ഗതാഗത നിയമലംഘനത്തിന് കടുത്ത പിഴകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ 25,000 രൂപ പിഴ ചുമത്തും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും. 25 വയസ് ആകുന്നതുവരെ ലൈസൻസിന് അപേക്ഷിക്കാനുമാകില്ല.

ആധാർ കാർഡ്:

ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം ജൂൺ 14 വരെ നീട്ടിയിട്ടുണ്ട്. ഈ സൗജന്യ സേവനം ഓൺലൈനിൽ മാത്രമാണ് ലഭ്യമാകുന്നത്. നിങ്ങളുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ തിരുത്താൻ ഈ അവസരം ഉപയോഗിക്കാം. 10 വർഷത്തിലേറെയായി നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തുക. ആധാർ കേന്ദ്രത്തിൽ ചെയ്യുകയാണെങ്കിൽ, നിശ്ചിത ഫീസ് നൽകേണ്ടിവരും.

എൽപിജി സിലിണ്ടർ വില: 

എൽപിജി സിലിണ്ടർ വില സാധാരണയായി ഓരോ മാസത്തിലെയും ഒന്നാം തീയതി പരിഷ്കരിക്കുന്നു. മെയ് മാസത്തിൽ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. ഈ മാസവും വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചേക്കുമെന്നാണ് സൂചന.

ബാങ്ക് അവധി:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച ബാങ്ക് അവധികളുടെ പട്ടിക പ്രകാരം ജൂൺ മാസത്തിൽ 10 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഈദുൽ അദ്ഹ അടക്കമുള്ള അവധികളുമുണ്ട്. എന്നിരുന്നാലും ചില അവധി ദിവസങ്ങള്‍ ചില സംസ്ഥാനങ്ങള്‍ക്കോ പ്രദേശങ്ങള്‍ക്കോ മാത്രമുള്ളതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia