Legend | മുല്ലനേഴി വിട പറഞ്ഞിട്ട് 13 വർഷങ്ങൾ; മലയാള ചലച്ചിത്ര പ്രേമികളിൽ മായാതെ ജീവിക്കുന്നു അപൂർവ ഗാനങ്ങൾ​​​​​​​​​​​​​​

 
Mullanezhi, a prominent Malayalam poet and lyricist
Mullanezhi, a prominent Malayalam poet and lyricist

Photo: Arranged

● മുല്ലനേഴിയുടെ സിനിമാഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരം.
● 'കറുകറുത്തൊരു പെണ്ണാണേ'  മലയാള സിനിമയുടെ അമർത്യ ഗാനങ്ങളിലൊന്ന്.
● ചാവേർപ്പട എന്ന നാടകത്തിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്.

ഭാമനാവത്ത് 

(KVARTHA) മലയാള കവി, ചലച്ചിത്ര ഗാനരചയിതാവ്, നാടക- ചലച്ചിത്ര നടൻ, ഗ്രന്ഥകർത്താവ്  എന്നീ നിലകളിൽ  മലയാള സാഹിത്യ സാംസ്കാരിക നഭോ മണ്ഡലത്തിൽ തിളങ്ങി നിന്ന വ്യക്തിത്വമാണ്  മുല്ലനേഴി എന്ന പേരിൽ അറിയപ്പെടുന്ന എം എൻ നീലകണ്ഠൻ നമ്പൂതിരിപ്പാട്. മലയാള ചലച്ചിത്ര ലോകത്തിന് നിരവധി ഗാനങ്ങൾ സംഭാവന ചെയ്തത് വഴി ആരാധകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന നിരവധി കവികൾ ഉണ്ട്. ഞാവൽപ്പഴങ്ങൾ, മേള, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ കുറച്ചു സിനിമകൾക്കായി കേവലം 69 സിനിമാഗാനങ്ങൾ മാത്രം രചിച്ച വ്യക്തി കാലാതീവർത്തിയായി ജനങ്ങളുടെ മനസ്സിൽ നിലനിൽക്കണമെങ്കിൽ അപൂർവമായ സിദ്ധി  വേണം. 

അത്തരം അപൂർവമായ കഴിവിന്റെ ഉടമയാണ് മുല്ലനേഴി എന്നു പറയുന്നതിൽ യാതൊരു സംശയവുമില്ല. ഞാവൽ പഴങ്ങൾ എന്ന ചിത്രത്തിലെ കറുകറുത്തൊരു പെണ്ണാണെ എന്ന ഗാനം മലയാള സിനിമ  നിലവിലുള്ളടത്തോളം കാലം ഓർമ്മിക്കപ്പെടും എന്ന കാര്യത്തിന് യാതൊരു സംശയവുമില്ല. 1976 ൽ പുറത്തിറങ്ങിയ ഞാവൽ പഴങ്ങൾ മുതൽ 2011 ൽ ഇറങ്ങിയ ഇന്ത്യൻ റുപ്പി വരെയുള്ള 35 വർഷങ്ങൾ കൊണ്ട് കേവലം 69 സിനിമ ഗാനങ്ങൾ മാത്രമെ അദ്ദേഹം എഴുതിയിട്ടുള്ളൂ. തന്റെ  ചിന്തകൾക്കും പ്രതീക്ഷകൾക്കും  താല്പര്യങ്ങൾക്കും  യാതൊരു വിട്ടു വീഴ്ചയും വരുത്താതെ അനുകൂല സാഹചര്യം വരുമ്പോൾ മാത്രമേ അദ്ദേഹം വരികൾ കുറിക്കാറുള്ളൂ. 

2011ൽ ഇന്ത്യൻ റുപ്പിയിലെ  ഈ പുഴകളും സന്ധ്യകളും നീലമിഴികളും എന്ന ഗാനം കേൾക്കുമ്പോൾ ഇത് ഒരു പരിചയസമ്പന്നനായ കവിയുടെ  വരികളായി ആരും ചിന്തിക്കില്ല. ഒരു ന്യൂജനറേഷൻ കവിയുടെത് മാത്രമായിട്ടെ തോന്നുകയുള്ളൂ. അത്രയേറെ വൈദഗ്ധ്യം തന്റെ കവിതകളിൽ സൂക്ഷിക്കാൻ മുല്ലനേഴിക്ക് സാധിച്ചിട്ടുണ്ട്. നമ്മൾ കാണുന്ന മുല്ലനേഴിയെ മുല്ലനേഴി ആക്കുന്നതിൽ  ഏറ്റവും അധികം പങ്കുവഹിച്ചത് അദ്ദേഹം ഗുരു സ്ഥാനത്ത് കാണുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനാണ്. അവിണിശ്ശേരിയിലെ മുല്ലനേഴി ഇല്ലത്തിൽ വിശപ്പിന്റെ വിളികളാൽ ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്നറിയാത്ത കാലഘട്ടത്തിൽ തന്റെ സൈക്കിളിൽ വന്ന്  ഇല്ലത്തേക്ക് അരിയും പല വ്യഞ്ജനങ്ങളും എത്തിക്കുന്ന വൈലോപ്പിള്ളിയെപ്പറ്റി മുല്ലനേഴി അനുസ്മരിച്ചിട്ടുണ്ട്. 

രാമവർമ്മപുരം സ്കൂളിൽ ഏറെക്കാലം അധ്യാപകനായിരുന്ന മുല്ലനേഴി ചലച്ചിത്ര സംവിധായകൻ കൂടിയായ പി എം അബ്ദുൽ അസീസിന്റെ ചാവേർപ്പട  എന്ന നാടകവുമായി സഹകരിച്ചു കൊണ്ടാണ് 1970 കളിൽ കലാസാഹിത്യ വേദികളിലേക്ക് ചുവടുവെക്കുന്നത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിൽ കൂടി അഭിനയിച്ചതിനു പുറമേ ഉപ്പ്, പിറവി,  സ്വം, കഴകം, നീലത്താമര,  സൂഫി പറഞ്ഞ കഥ തുടങ്ങി 12 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജീവിത പ്രാരബ്ധങ്ങളുടെ നടുവിലും അമ്മയുടെ വായിൽ നിന്ന് ചൊല്ലി പഠിച്ച കവിതയുടെ ഈണങ്ങളാണ് താള ബോധമുള്ള കവിയുടെ മനസ്സിൽ ഇത്തരം മനോഹര കവിതകൾ സൃഷ്ടിക്കാൻ കാരണമായത് എന്ന് സാഹിത്യ വിമർശകർ അഭിപ്രായപ്പെടുന്നുണ്ട്.

ആനവാൽ മോതിരം, നാറാണത്ത് ഭ്രാന്തൻ,  രാപ്പാട്ട്, അക്ഷരദീപം, ഹൃദയം പുഷ്പിക്കുന്നു, നന്മ പൂക്കുന്ന കാവ്യ വൃക്ഷം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു രചനകൾ. ലോകത്തിലെ സകല പ്രശ്നത്തിനും കാരണം സമൂഹമാണെന്ന് കരുതുന്ന സാഹിത്യകാരന്മാർക്കിടയിൽ എന്റെയും കൂടി കുറ്റമാണ് എന്ന് ധൈര്യപൂർവം വിളിച്ചു പറയാൻ മടി കാണിക്കാത്ത വ്യക്തിയായിരുന്നു മുല്ലനേഴി. ഉള്ളൂർ കവിത പുരസ്കാരം, നാലപ്പാടൻ  പുരസ്കാരം സാഹിത്യ അക്കാദമി പുരസ്കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങളും കവി ഏറ്റുവാങ്ങിയിട്ടുണ്ട്.

#Mullanezhi #MalayalamCinema #MalayalamSongs #MalayalamLiterature #IndianPoet #Nostalgia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia