Criticized | ജീവാനന്ദം പദ്ധതി ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ കൊള്ളയടിക്കുന്നതിന് തുല്യമെന്ന് രമേശ് ചെന്നിത്തല
 

 
Ramesh Chennithala says Jeevanandam Yojana salary is equivalent to looting by the government, Thiruvananthapuram, News, Politics, Kerala

രാഷ്ട്രപിതാവായ മഹാത്മജിയെപ്പറ്റി ലോകം അറിഞ്ഞത് ഗാന്ധി സിനിമ വന്നതിനുശേഷമാണ് എന്ന് മോദി പറഞ്ഞത് പിന്‍വലിക്കണം


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമും ബിജെപിയും തമ്മില്‍ ഐക്യമുണ്ടായിരുന്നു


 

ശശി തരൂരിന്റെ പാര്‍ട് ടൈം പിഎ യെ കുറിച്ചുള്ള ആരോപണത്തില്‍ തരൂര്‍ എന്ത് പിഴച്ചു എന്നും ചോദ്യം
 

തിരുവനന്തപുരം: (KVARTHA) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അവരുടെ സമ്മതം കൂടാതെ നിശ്ചിത തുക നിക്ഷേപമായി പിടിച്ചുവെയ്ക്കാനുള്ള ജീവാനാന്ദം പദ്ധതി ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ കൊള്ളയടിക്കുന്നതിന് തുല്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജീവനക്കാര്‍ ജോലി ചെയ്യുന്ന ശമ്പളം കൈക്കലാക്കാനുള്ള വളഞ്ഞ വഴിയാണ് ജീവനാന്ദം പദ്ധതി. ജീവനക്കാര്‍ തന്നെ തങ്ങളുടെ സേവിങ്‌സ്, പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെ പല പദ്ധതികളില്‍ നിക്ഷേപിക്കുന്നുണ്ട്. ജീവനക്കാരുടെ കാര്യത്തില്‍ അവര്‍ക്കില്ലാത്ത ആശങ്ക സര്‍ക്കാരിന് വേണ്ട. ഇത് ഒരു തരം സിപിഎമിന്റെ ബക്കറ്റ് പിരിവുപോലെയായിപ്പോയി.  ഈ നിര്‍ബന്ധിത പിരിവ് പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം. നിരുത്തരവാദപരമായ ആസൂത്രണം മൂലം സാമ്പത്തികമായി നട്ടം തിരിയുന്ന സര്‍ക്കാര്‍ ഇത്തരം തട്ടിപ്പ് പദ്ധതി കൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞ കാര്യം സര്‍ക്കാര്‍ അന്വേഷിക്കേണ്ടതാണ്. അദ്ദേഹത്തിന് കിട്ടിയ ഒരു വിവരമാണ് അദ്ദേഹം പുറത്തുവിട്ടത്. അതിനെ പരിഹസിക്കുന്നതിന് പകരം സര്‍കാര്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടത്. അന്വേഷിച്ച് വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. രാജരാജേശ്വരി ക്ഷേത്രത്തില്‍ അത് നടക്കില്ലായെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ അവിടെ അല്ലെങ്കില്‍ മറ്റ് വല്ലയിടത്തും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. 

ഇന്ന് വാസ്തവത്തില്‍ രാജ്യത്ത് നടക്കുന്നത് ഗാന്ധി നിന്ദയാണ്. ഗാന്ധി സിനിമ വന്ന ശേഷമാണോ രാഷ്ട്രപിതാവിനെ തലമുറകള്‍ മനസിലാക്കിയത്? ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും അവിടെയെല്ലാം ഗാന്ധി പ്രതിമകളും ഗാന്ധി റോഡുകളും നമുക്ക് കാണാം. ലോകത്ത് ഇതുപോലൊരു മഹാന്റെ പേരിലുള്ള സ്മാരകങ്ങള്‍ മറ്റ് ആരുടെയും നമുക്ക് കാണാന്‍ കഴിയില്ല. 

ഗാന്ധിജിയെപ്പറ്റി എഴുതിയ പുസ്തകങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ വായിക്കുന്നു. രാഷ്ട്രപിതാവായ മഹാത്മജിയെപ്പറ്റി ലോകം അറിഞ്ഞത് ഗാന്ധി സിനിമ വന്നതിനുശേഷമാണ് എന്ന് മോദി പറഞ്ഞത് പിന്‍വലിക്കണം. അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണം. വാസ്തവത്തില്‍ ഇതൊരു ഗാന്ധി നിന്ദയാണ്. ഗോഡ് സെയുടെ പ്രേതം  മോദിയെ വിട്ടുപോയിട്ടില്ല, ഇപ്പോഴും കൂടെത്തന്നെയുണ്ട് എന്ന് മനസിലാക്കണം. ഗോഡ് സെയുടെ പാതയിലൂടെ സഞ്ചരിക്കുന്ന മോദി ഇതല്ല ഇതിനപ്പുറവും പറയും.

ഈ ഗാന്ധി നിന്ദ അവസാനിപ്പിക്കാന്‍ ബി ജെ പി തയാറുണ്ടോ? ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് രാഷ്ട്ര പിതാവിനെപ്പറ്റി ഇത്തരം പരാമര്‍ശം നടത്തിയിട്ടുള്ളത്. ഇത് പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ പ്രധാനമന്ത്രി തയാറാകണം.

കേരളത്തിലെ ജനങ്ങള്‍ ഇന്ത്യാമുന്നണിക്ക് അനുകൂലമായ വിധിയെഴുത്താണ് നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമും ബിജെപിയും തമ്മില്‍ ഇവിടെ ഐക്യമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് തുടര്‍ ഭരണവും ഇപ്പോഴും തുടരുന്ന അന്തര്‍ധാരയും എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

മുസ്ലീം ലീഗ് എന്നും യുഡിഎഫിന്റെ അഭിവാജ്യ ഘടകമാണ്. ലീഗിന്റേത് എന്നും മതേതര മുഖമാണ്. അവര്‍ക്ക് ഒരു തീവ്രവാദ സംഘടനയുമായും ബന്ധമില്ല. തീവ്രവാദ സംഘടനകളെ തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് ലീഗിനുള്ളത്. ലീഗിനെക്കുറിച്ച് എകെ ബാലന്‍ പറയുന്നതില്‍ കാര്യമില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നതാണ് കാര്യം.

തരൂര്‍ എന്ത് പിഴച്ചു?

ശശി തരൂരിന്റെ പാര്‍ട് ടൈം പിഎ യെ കുറിച്ചുള്ള ആരോപണത്തില്‍ തരൂര്‍ എന്ത് പിഴച്ചു? ആരോപണം ഉയര്‍ന്ന ആളെപ്പറ്റി അന്വേഷിക്കുകയാണ് വേണ്ടത്. പകരം ശശി തരൂരിനെ ആക്ഷേപിക്കുകയല്ല വേണ്ടത്. ശശി തരൂര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് തനിക്ക് ഇത്തരം സംഭവവുമായി ഒരു ബന്ധവുമില്ലാ എന്ന്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രടറി ശിവശങ്കറിന് സ്വര്‍ണക്കള്ളക്കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞശേഷം ശിവശങ്കരനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്തത്. ഇതെല്ലാം അദ്ദേഹം നേരിട്ട് നടത്തിയ കാര്യങ്ങളാണ് എന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത് എന്നും ചെന്നിത്തല മധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia