Progress Report | തൊഴിലവസരങ്ങള്‍ മുതൽ റബറിന്റെ താങ്ങുവില വരെ; 3 വർഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി രണ്ടാം പിണറായി സർക്കാർ 

 
progress

എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ 900 വാഗ്ദാനങ്ങളുടെ പുരോഗതി പ്രോഗ്രസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്

തിരുവനന്തപുരം:  (KVARTHA) സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി. സെക്രട്ടേറിയറ്റ് വളപ്പിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.  നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളാണ് സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതെന്നും  ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച വാഗ്ദാനങ്ങള്‍ എത്ര കണ്ട് നിറവേറ്റി എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രോഗ്രസ് റിപ്പോര്‍ട്ടിൽ പറയുന്നത് 

എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ 900 വാഗ്ദാനങ്ങളുടെ പുരോഗതി പ്രോഗ്രസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാർ അധികാരത്തിലെത്തിയശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ഇതിൽ കാണാം.  '2021 ന് ശേഷം സംസ്ഥാനം പല വെല്ലുവിളികളും നേരിടുകയാണ്. വായ്‌പാ പരിധിയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തുമ്പോഴും ചെലവുകൾ ക്രമീകരിച്ചും തനത് വരുമാനം വർദ്ധിപ്പിച്ചും സാമ്പത്തിക ഞെരുക്കത്തെ നേരിടുവാനുള്ള ശക്തമായ നടപടികൾ സംസ്ഥാനം കൈക്കൊള്ളുകയുണ്ടായി. മറിച്ചുള്ള പ്രചരണങ്ങൾ ഉണ്ടെങ്കിലും കേരളം നേരിടുന്ന പ്രശ്‌നങ്ങളെ ജനപിന്തുണയോടെ അതിജീവിക്കുന്നതിനും നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ പദ്ധതി തയ്യാറാക്കി വിജയകരമായി നടപ്പിൽ വരുത്തുന്നതിനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്', പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പറയുന്നു.

പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍

* ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പ്രകാരം 1,08,242 പേര്‍ക്ക് തൊഴില്‍ നല്‍കി.

* ഇതുവരെ 5,300 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും അതിലൂടെ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

* മൂന്ന് ഐടി പാര്‍ക്കുകളിലുമായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

* 21,311 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍/ ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കി.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 5856 കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ സൗജന്യ കണക്ഷന്‍.

* മൂല്യവര്‍ദ്ധിത റബര്‍ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബര്‍ ലിമിറ്റഡ് സ്ഥാപിച്ചു.

* പാലക്കാട് കിന്‍ഫ്ര മെഗാഫുഡ് പാര്‍ക്കിലെ 5 ഏക്കര്‍ ഭൂമിയില്‍ ഇന്റഗ്രറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

* ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി നടപ്പിലാക്കാന്‍ നിശ്ചയിച്ച 301 കര്‍മ്മ പരിപാടികളില്‍ 275 എണ്ണം പൂര്‍ത്തീകരിച്ചു.

* തൊഴിലുറപ്പു പദ്ധതി വഴി 2023-24ല്‍ 16.61 ലക്ഷം പേര്‍ക്ക് തൊഴില്‍. 75 ദിവസം തൊഴിലെടുത്ത 7,38,130 കുടുംബങ്ങള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സായി 1,000 രൂപ വീതം നല്‍കി.

* അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുണഭോക്താക്കളില്‍ 47.89% പേരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കി

* പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം 10,663 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനഹായം.

* പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങളായ ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവ നിലവിലുള്ള നിരക്കിന്റെ 20% വര്‍ദ്ധിപ്പിച്ചു.

* പട്ടികജാതി വിഭാഗക്കാരുടെ ഭവന നിര്‍മ്മാണത്തിനായി 195 കോടി രൂപ ലൈഫ് മിഷന് കൈമാറി. 56,994 വീടുകള്‍ അനുവദിച്ചു.

* ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസി കുടുംബങ്ങളുടെ 5,570 വീടുകള്‍ പൂര്‍ത്തീകരിച്ചു.

* എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമഗ്ര പുനരധിവാസത്തിനായി കാസർകോട് ജില്ലയില്‍ ആരംഭിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.

* 4,21,832 മുന്‍ഗണന കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് തരംമാറ്റി വിതരണം നടത്തി. 4,48,692 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.

*റബ്ബറിന്റെ താങ്ങുവില 2024 ഏപ്രില്‍ 1 മുതല്‍ 180 രൂപയായി സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.

* ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 1960-ലെ ഭൂപതിവ് നിയമ ഭേദഗതി കേരള നിയമസഭ പാസ്സാക്കി.

* വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ 488 സ്‌കൂള്‍ കെട്ടിടങ്ങളും 41 നവീകരിച്ച ലാബുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കി.

* എട്ട് സര്‍വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രെഡിറ്റേഷന്‍ ലഭിച്ചു. 900 ബിരുദ പ്രോഗ്രാമുകളും 204 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും പുതുതായി അനുവദിച്ചു.

* 2021ലെ കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2023-ലെ പൊതുജനാരോഗ്യ നിയമം എന്നിവ നടപ്പില്‍ വരുത്തി.

* ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു.

* സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു.

* സംസ്ഥാനത്ത് നിലവില്‍ 478 വില്ലേജോഫീസുകള്‍ സ്മാര്‍ട്ട് നിലവാരത്തിലേക്കുയര്‍ത്തി.

* 2023-2024 കാലയളവില്‍ 37,124 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കി. ഇക്കാലയളവില്‍ 1341 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.

* ദേവസ്വം ബോര്‍ഡുകള്‍ക്കും പത്മനാഭ സ്വാമി ക്ഷേത്രത്തിനും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ കാലയളവില്‍ 325.53 കോടി രൂപ നല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia