Mohan Bhagwat | 'ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ട്'; ആർഎസ്എസ് മേധാവി ലക്ഷ്യമിട്ടത് ആരെ?


മിന്റാ മരിയ തോമസ്
(KVARTHA) 'പുരോഗതികൾക്ക് ഒരിക്കലും അന്ത്യമില്ല. ചില ആളുകൾക്ക് സൂപ്പർമാൻ ആകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ആഗ്രഹം അവിടെ അവസാനിക്കുന്നില്ല. പിന്നെ ദേവതയാകണമെന്നു തോന്നും. പിന്നെ ഭഗവാനാകണമെന്നും', ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പറഞ്ഞതാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇങ്ങനെ ചിലരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ ചില പ്രസ്താവനകൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

മോഹൻ ഭാഗവത് പറഞ്ഞത്:
'ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ട്. എന്നാൽ ഭഗവാൻ വിശ്വരൂപമാണ്. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ല. കോവിഡ് 19 മഹാമാരിക്ക് ശേഷം ലോകം മുഴുവൻ ഇന്ത്യയാണ് ലോകത്തിന് സമാധാനത്തിലേക്കുമുള്ള വഴിയൊരുക്കുന്നത് വ്യക്തമായി. സനാതന ധർമ്മം മനുഷ്യരാശിയുടെ ക്ഷേമത്തിൽ വിശ്വസിക്കുന്നു. കഴിഞ്ഞ 2,000 വർഷങ്ങളിൽ വിവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
എന്നാൽ ഇന്ത്യയുടെ പരമ്പരാഗത രീതിയിൽ വേരൂന്നിയ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതിൽ അവയെല്ലാം പരാജയപ്പെട്ടു. കൊറോണയ്ക്ക് ശേഷം, സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള മാർഗം ഇന്ത്യക്കുണ്ടെന്ന് ലോകം മനസിലാക്കി. സനാതൻ സംസ്‌കൃതിയും ധർമ്മവും വന്നത് രാജകൊട്ടാരങ്ങളിൽ നിന്നല്ല, ആശ്രമങ്ങളിൽ നിന്നും വനങ്ങളിൽ നിന്നുമാണ്. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ വസ്ത്രങ്ങൾ മാറിയേക്കാം, പക്ഷേ നമ്മുടെ സ്വഭാവം ഒരിക്കലും മാറില്ല'.
Why does it sound like Mohan Bhagwat is trolling Modi? pic.twitter.com/d5pV52nWov
— PuNsTeR™ (@Pun_Starr) July 18, 2024
ആരെയാണ് ലക്ഷ്യമിട്ടത്?
ജാർഖണ്ഡിലെ പരിപാടിയിലായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ വികാസ് ഭാരതി സംഘടിപ്പിച്ച ഗ്രാമതല തൊഴിലാളി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിക്കും ഇത് ആരെ ഉന്നം വെച്ച് പറഞ്ഞതാണെന്ന് ആരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാകുന്ന കാര്യമാണെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നു. ഇപ്പോഴത്തെ ലോക് സഭയിലെ പ്രതിപക്ഷ നേതാവ് ഇതൊക്കെ മുമ്പേ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹത്തെ പപ്പുവെന്നും അമൂൽ ബേബിയെന്നുമൊക്കെ പരിഹസിച്ചവരാണ് ഇവിടെയുള്ള ഭൂരിപക്ഷം പേരും. അതിൻ്റെ ഫലവും കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ കണ്ടു.
400 സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് അവകാശപ്പെട്ടവർക്ക് ഇത്തവണ കേന്ദ്രം ഭരിക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടാണ് ഉണ്ടായത്. ഇതൊക്കെ തുടക്കത്തിലേ നോക്കിയെങ്കിൽ കുറെ കൂടി സീറ്റുകൾ ബി.ജെ.പിക്ക് കൂടുതൽ കിട്ടിയേനെ എന്നാണ് പാർട്ടിക്കകത്ത് നിന്ന് തന്നെയുള്ള സംസാരം. ആർ.എസ്.എസ് സംസ്കാരം ഒട്ടും ഇല്ലാത്ത മറ്റു പാർട്ടികളിലെ അധികാര മോഹികളേയും പണ മോഹികളേയും ചാക്കിട്ട് അധികാരം പിടിക്കുമ്പോൾ തടയാൻ അന്ന് അങ്ങ് എന്തെ ശ്രമിച്ചില്ല എന്നതും ഈ പ്രസ്താവനയ്ക്കൊപ്പം വ്യക്തമാക്കണമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നെറ്റിസൻസ് കുറിച്ചത്.
ചിലർക്ക് ദൈവമോ ഭഗവാനോ ഒക്കെ ആകണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അവരോട് നേരിട്ട് പറയുകയാണ് വേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു. രാജ്യത്തിന് വികസനം ആവശ്യമാണ്. പക്ഷെ ,സാധാരണക്കാരെ മറന്നുകൊണ്ടാവരുത്. ഭൂരിപക്ഷവും സാധാരണജനങ്ങളാണ്, അവർ ധനികരല്ല. അതറിഞ്ഞ് പ്രവർത്തിക്കണം. അല്ലെങ്കിൽ വീഴ്ചയും പരാജയവും തുടർക്കഥയാവും. ഇതും തുറന്ന് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്താൻ താങ്കളെപ്പോലെയുള്ളവർക്കും കഴിയണം.
പത്തു വർഷത്തെ ബിജെപി ഭരണം രാജ്യത്തിന് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ജനങ്ങൾ വിലക്കയറ്റവും മറ്റു നികുതി വർധനവ് തുടങ്ങിയ പ്രയാസത്തിലാണ്. ഇതിനിടെ വർഗീയത കൊണ്ട് രാജ്യത്തിന് ജനങ്ങൾക്ക് ഒരു നേട്ടവുമില്ല എന്ന് ജനങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഭരിക്കുന്നവർക്കോ നേതൃത്വങ്ങൾക്കോ ഉത്തരങ്ങൾ ഇല്ലെന്ന് വിമർശനമുണ്ട്.
ബിജെപിക്ക് ഇനി ഭരണം കിട്ടുമോ എന്നുള്ള സംശയങ്ങളാണ് ഇത്തരത്തിൽ ഇതുവരെ മിണ്ടാതിരുന്ന ആർഎസ്എസ് അടക്കമുള്ളവർ രംഗത്ത് വരാനുള്ള കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഒളി അജണ്ടകളുമായി രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം ഈ രാജ്യത്തിന് വേണ്ട എന്നുള്ളതാണ് ജനങ്ങൾ ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ചില സത്യങ്ങൾ വിളിച്ചുപറയേണ്ടിവരും. അങ്ങിനെ പറയുമ്പോൾ തെറ്റുകളും അഹംഭാവവും ആരുടേതായാലും ആവർത്തിക്കാൻ രണ്ടുതവണ ആലോചിക്കും. ഇത്തരം അഭിപ്രായങ്ങൾ രാജ്യത്തിനും ജനതക്കും ഗുണകരം തന്നെ.