Ilaya Thalapathy | അന്‍പതില്‍ ഇറങ്ങുന്നു ഇളയ ദളപതി; 50-ാം വയസിലെ മാസ് എന്‍ട്രി തമിഴകത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റുമോ?


തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലും പര്യടനം നടത്തി പൂര്‍ത്തിയാക്കാനാണ് പദ്ധതി
രണ്ട് കോടി പുതിയ അംഗങ്ങളെ കൂട്ടായ്മയില്‍ ചേര്‍ക്കാനാണ് വിജയ് നല്‍കിയിരിക്കുന്ന നിര്‍ദേശം
ചെന്നൈ: (KVARTHA) തന്റെ അന്‍പതാം പിറന്നാള്‍ പിന്നിടുമ്പോള്‍ തമിഴ് ഇളയ ദളപതി വിജയ് തന്റെ രാഷ്ട്രീയ ഇന്നിംഗ്‌സില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മാറി നിന്നിരുന്നുവെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിശക്തമായ സാന്നിധ്യം അറിയിക്കാനാണ് തീരുമാനം. ഇതിനായി
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ തയാറെടുക്കുകയാണ് നടന്‍ വിജയ് യും പാര്‍ടിയും.
വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഇതിനായുള്ള പര്യടനം ഉടന്‍ തുടങ്ങുമെന്നാണ് വിവരം. തമിഴ് മക്കളെ നേരില്‍ കണ്ട് അവരുമായി അടുപ്പമുണ്ടാക്കുക, അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക എന്നതാണ് പര്യടനത്തിന്റെ പ്രധാന ഉദ്ദേശ്യം.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലും പര്യടനം നടത്തി പൂര്‍ത്തിയാക്കാനാണ് പദ്ധതി. മാത്രമല്ല, ഈ യാത്രയില്‍ ജില്ലാ യൂനിറ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജെനറല്‍ സെക്രടറി ബസി ആനന്ദ് കരൂരില്‍ പറഞ്ഞു.
രണ്ട് കോടി പുതിയ അംഗങ്ങളെ കൂട്ടായ്മയില്‍ ചേര്‍ക്കാനാണ് വിജയ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വനിതാ പങ്കാളിത്തവും ഉറപ്പുവരുത്തുകയും വര്‍ധിപ്പിക്കുകയും ചെയ്യും. അംഗത്വമെടുക്കുന്നതിനായുള്ള മൊബൈല്‍ ആപ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളും നിയമസഭാ മണ്ഡലങ്ങളും തിരിച്ച് മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തണമെന്നാണ് വിജയ് നിര്‍ദേശിച്ചിരുക്കുന്നത്. ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ടി പ്രഖ്യാപിച്ചത്.
എന്നാല്‍ വിജയ് എന്തു രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഡിഎംകെക്കും ബിജെപിക്കും ഉത്കണ്ഠയുണ്ട്. തങ്ങളുടെ രാഷ്ട്രീയ സ്ഥാനം തമിഴ് മണ്ണില്‍ നിന്നും അപ്രസക്തമാവുമോയെന്ന ആശങ്ക കോണ്‍ഗ്രസിനും എഐഡിഎംകെയ്ക്കുമുണ്ട്. തന്റെ അന്‍പതാം വയസില്‍ സിനിമയിലേതുപോലെ മാസ് എന്‍ട്രിയുമായി വിജയ് കളത്തിലിറങ്ങിയാല്‍ മാറുന്നത് തമിഴകത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെയായിരിക്കും.