LS Result | 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം മാറുമോ? 110 മണ്ഡലങ്ങളിൽ മുന്നിലെത്തി യുഡിഎഫ്

 
Will there be  change in governance in Kerala in the 2026 assembly elections?


 കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന ബിജെപി 11 നിയമസഭാ സീറ്റുകളിൽ ഒന്നാമതെത്തി.

തിരുവനന്തപുരം: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ അനുകൂല തരംഗത്തിൽ സംസ്ഥാനത്ത് നൂറിലേറെ നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിലെത്തിയത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമോയെന്ന ചർച്ചയിൽ രാഷ്ട്രീയ വൃത്തങ്ങൾ. 140 നിയമസഭാ സീറ്റുകളിൽ 110 മണ്ഡലങ്ങളിൽ യുഡിഎഫ് മുൻതൂക്കം നേടിയപ്പോൾ 19 മണ്ഡലങ്ങളിൽ മാത്രമാണ് എൽഡിഎഫിന് നേട്ടമുണ്ടാക്കാനായത്. ബിജെപിയും മിന്നും പ്രകടനമാണ് നടത്തിയത്. കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന ബിജെപി 11 നിയമസഭാ സീറ്റുകളിൽ ഒന്നാമതെത്തി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 99 സീറ്റുകൾ നേടിയപ്പോൾ  യുഡിഎഫിന് 41 സീറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്. അവിടെ നിന്നാണ് ഇപ്പോഴത്തെ മാറ്റം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമാണ് സ്ഥിതിവിശേഷം. അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഫ്  20ൽ 19 സീറ്റും നേടിയപ്പോൾ എൽഡിഎഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയ ഇടതുപക്ഷത്തിന് 2019ൽ 16 നിയമസഭാ മണ്ഡലങ്ങളിലാണ് ലീഡ് നേടാൻ  കഴിഞ്ഞത്. 140 നിയമസഭാ മണ്ഡലങ്ങളില്‍ 123 ലും യുഡിഎഫാണ് ഒന്നാമതെത്തിയത്. 

തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്തത്. ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തുകയും ചെയ്തു. പക്ഷേ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചിത്രം മാറുകയും ചെയ്‌തു. 2016ൽ ഇടതുസർക്കാരിന് 91 സീറ്റുകൾ ഉണ്ടായിരുന്നെങ്കിൽ 2021ൽ അത് 99 ആയി ഉയർന്നു.

കോൺഗ്രസിന് നേട്ടമുണ്ടാക്കാനാവുമോ?

കേരളത്തിൽ പൊതുവെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ, വോട്ടർമാർ കൂടുതലും ഇടതുപക്ഷത്തെ അധികാരത്തിലേറ്റുമ്പോൾ  നേരെമറിച്ച്, പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്യുന്നത്. 1957-ൽ സംസ്ഥാനം രൂപീകരിച്ചതിനുശേഷം 2024 വരെയായി 17 പൊതുതിരഞ്ഞെടുപ്പുകൾ നടന്നു. ഇതിൽ യുഡിഎഫ് ഇടതുപക്ഷ സഖ്യത്തേക്കാൾ 13 മടങ്ങ് സീറ്റുകൾ നേടിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസിന് നേട്ടം ആവർത്തിക്കാനാവാത്ത സ്ഥിതിയാണുള്ളത്.  യുഡിഎഫ് 2016 മുതൽ അധികാരത്തിന് പുറത്താണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 47 ശതമാനം വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 36 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 15 ശതമാനം വോട്ടുകളാണ് എൻഡിഎയ്ക്ക് നേടാനായത്.

എന്നാൽ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലാകട്ടെ എൽഡിഎഫ്  45 ശതമാനം വോട്ട് നേടി തിരിച്ചുവന്നപ്പോൾ യുഡിഎഫിന് 39 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. 12 ശതമാനം വോട്ടുകൾ എൻഡിഎയ്ക്ക് ലഭിച്ചു. ഇത്തവണ യുഡിഎഫിന് 46 ശതമാനം വോട്ടും എൽഡിഎഫിന് 34 ശതമാനം വോട്ടുമാണ് ലഭിച്ചത്. എന്നാൽ, എൻഡിഎ തങ്ങളുടെ വോട്ടിംഗ് വിഹിതം 19 ശതമാനമായി ഉയർത്തി. ഇൻഡ്യ മുന്നണി അധികാരത്തിലെത്തി മോദിയെ അട്ടിമറിക്കുമെന്ന പ്രതീക്ഷയിൽ ബഹുഭൂരിപക്ഷം കേരളീയരും വീണ്ടും യു.ഡി.എഫിന് വോട്ട് ചെയ്തുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 

എന്നിരുന്നാലും, ഇത്തവണ രണ്ടാം പിണറായി സർക്കാരിൻ്റെയും മന്ത്രിമാരുടെയും പ്രകടനവും വിലയിരുത്തിയാണ് മലയാളികൾ വോട്ട് ചെയ്‌തതെന്നും സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കോൺഗ്രസിന് അനുകൂലമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരിക്കുന്നത്. ഈ യുഡിഎഫ് അനുകൂല തരംഗം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ അതോ എൽഡിഎഫ് തിരിച്ചുവരുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia