Job Time | 'കുറഞ്ഞ ശമ്പളത്തിന് കൂടുതല്‍ ജോലി'; സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം കേന്ദ്രത്തിന് തിരിച്ചടിയാകുമോ?


ആദിത്യൻ ആറന്മുള
(KVARTHA) രാജ്യത്ത് തൊഴിലില്ലായ്മ (Unemployment) അതിരൂക്ഷമായ സാഹചര്യത്തില്‍, ഫാക്ടറികളിലും ഐടി മേഖലയിലും ജോലി സമയം ഇനിയും കൂട്ടണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ എട്ട് മുതല്‍ 12 മണിക്കൂര്‍ വരെ (OVER TIME ഉള്‍പ്പെടെ) കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യണമെന്ന് ധനകാര്യമന്ത്രാലയം (Ministry of Finance) ആവശ്യപ്പെടുന്നതായി സാമ്പത്തിക സര്‍വേ റിപ്പോർട്ട് (Economic Survey) പറയുന്നു. അതുകൊണ്ട് വളരെ പ്രാധാന്യമുള്ള വിഷയമാണിത്.
ഓവര്‍ടൈം ജോലിയുടെ സമയപരിധി തൊഴിലാളികളുടെ കൂടുതല്‍ വരുമാനത്തിന് തടസമാകുന്നെന്നും അവരുടെ കുടുംബങ്ങളെയും രാജ്യത്തിന്റെ അഭിവൃദ്ധിയെയും ഇത് ബാധിക്കുന്നെന്നും സര്‍വേ വാദിക്കുന്നു. തൊഴിലാളികളുടെ 'ഓവര്‍ടൈം' കൂട്ടണമെന്ന് വാദിക്കുന്ന സര്‍വേ, അതിനുള്ള വേതനം കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു. മാത്രമല്ല, ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 59 (1) പ്രകാരമുള്ള ഓവര്‍ടൈം ജോലിക്ക് മണിക്കൂറില്‍ ഇരട്ടി വേതനം നിര്‍ബന്ധമാക്കിയത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കര്‍ശനമായ നിയന്ത്രണമാണെന്ന് പറയുന്ന ഒരു ലേഖനം സര്‍വേ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് ഇത് വായിക്കുമ്പോള്‍ വ്യക്തമാണെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. സ്വകാര്യ-കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അമിത ലാഭമുണ്ടാക്കാനും സമ്പത്തിന്റെ കേന്ദ്രീകരണത്തിന് വഴിയൊരുക്കുകയുമാണ് കേന്ദ്രസര്‍ക്കാരെന്നും അല്ലെങ്കില്‍ ഇത്തരത്തിലുള്ള നഗ്നമായ തൊഴിലാളി വിരുദ്ധ നടപടികള്‍ മുന്നോട്ട് വയ്ക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു.
വിയറ്റ്നാമും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ കൂടുതല്‍ ജോലി സമയം അനുവദിച്ചതായി കാണിക്കുന്ന ഡാറ്റയാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഓവര്‍ടൈം സമയം കുറഞ്ഞ രാജ്യങ്ങളില്‍, ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയെ ഈ നിയന്ത്രണം തടസ്സപ്പെടുത്തുന്നെന്നും സര്‍വേ പറയുന്നു. ഇന്ത്യയിലെ ജോലി സമയവും വ്യവസ്ഥകളും നിയന്ത്രിക്കുന്ന പ്രധാന നിയമമായ ഫാക്ടറീസ് ആക്ടിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി അനുവദനീയമായ ജോലി സമയം വര്‍ധിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നീക്കം നടത്തുന്ന സമയത്തെ സാമ്പത്തിക സര്‍വേയുടെ ശുപാര്‍ശ ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം, തമിഴ്നാടും കര്‍ണാടകയും 12 മണിക്കൂര്‍ വരെ ജോലി ഷിഫ്റ്റുകള്‍ അനുവദിക്കുന്നതിനായി ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തി. തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തമിഴ്നാടിന് നിയമം പിന്‍വലിക്കേണ്ടി വന്നു. വിവരസാങ്കേതിക മേഖലയിലുള്ളവരുടെ ജോലി സമയം 14 മണിക്കൂറായി വര്‍ധിപ്പിക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കരട് ബില്ലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. വിവരസാങ്കേതിക മേഖലയിലെ ജോലി സമയം നിയന്ത്രിക്കുന്നത് ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടാണ്. ഫാക്ടറീസ് ആക്ട് പോലെ, ഈ നിയമം പറയുന്നത് തൊഴിലാളികളെ ഒരു ദിവസം ഒമ്പത് മണിക്കൂറിലും ആഴ്ചയില്‍ 48 മണിക്കൂറിലും കൂടുതലായി ജോലി ചെയ്യിക്കരുതെന്നാണ്.
കൂടുതല്‍ തൊഴിലാളികളെ നിയമിക്കാതെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് പതിവ് ജോലി സമയം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമങ്ങളും ഓവര്‍ടൈം സമയപരിധി കൂട്ടാനുമുള്ള നിര്‍ദ്ദേശങ്ങളും ലക്ഷ്യമിടുന്നതെന്ന് ലേബര്‍ ഇക്കണോമിസ്റ്റ് കെ ആര്‍ ശ്യാം സുന്ദര്‍ പറഞ്ഞു. ഓവര്‍ടൈം ജോലി സമയം സാധാരണ ജോലി സമയമാക്കാനാണ് നീക്കം. അതുകൊണ്ടാണ് ഓവര്‍ടൈമിന് നിലവില്‍ നല്‍കുന്ന വേതനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2023ല്‍ ഡല്‍ഹി ആസ്ഥാനമായുള്ള പ്രൈവറ്റ് തിങ്ക് ടാങ്ക് പ്രോസ്‌പെരിറ്റി ഇന്‍സൈറ്റ്‌സ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സാമ്പത്തിക സര്‍വേയിലെ വാദങ്ങള്‍. തൊഴിലാളികളുടെ വിശ്രമ സമയത്ത് കൂടി ജോലി ചെയ്ത് വാര്‍ഷിക വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കും എന്നതിനെക്കുറിച്ചും ലേഖനം പറയുന്നു. ഫാക്ടറീസ് ആക്ട് പ്രകാരം നിര്‍ദേശിച്ചിട്ടുള്ള ജോലി സമയ നിയന്ത്രണങ്ങള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിന് തടസമാണെന്ന് ലേഖനത്തിൽ പറയുന്നു.
ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 51 പ്രകാരം ഒരു സ്ഥാപനത്തില്‍ ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്നില്ല. ഇതേ നിയമത്തിലെ സെക്ഷന്‍ 56 തൊഴിലാളികള്‍ ഒരു ദിവസം 10.5 മണിക്കൂറില്‍ കൂടുതല്‍ ഫാക്ടറിയില്‍ ചെലവഴിക്കുന്നത് വിലക്കുന്നു. ഇതില്‍ എട്ട് മണിക്കൂര്‍ ജോലി, ബാക്കി സമയം വിശ്രമം, ഇടവേളകള്‍, ഷിഫ്റ്റ് മാറ്റം എന്നിവയ്ക്കാണ്. ആഴ്ചയിലെ ആറ് ദിവസത്തെ പ്രവൃത്തി ദിവസങ്ങളില്‍ ഒരു തൊഴിലാളിക്ക് ഓരോ ദിവസവും ഫാക്ടറിയില്‍ 10.5 മണിക്കൂര്‍ ചെലവഴിക്കാന്‍ കഴിയുമെങ്കില്‍ 63 മണിക്കൂര്‍ ജോലി ചെയ്യാം. ഇതിലൂടെ, തൊഴിലാളിക്ക് എല്ലാ ആഴ്ചയിലും അധികമായി 12 മണിക്കൂര്‍ ഓവര്‍ടൈം വേതനവും 12 ആഴ്ചയില്‍ 144 മണിക്കൂര്‍ ജോലിയും ചെയ്യാനാകും.
എന്നാല്‍ ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 65 ഓവര്‍ടൈം ജോലി 12 ആഴ്ചയില്‍ 75 മണിക്കൂറായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ലേഖനത്തിലെ കാര്യങ്ങളാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കടമെടുത്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേതുപോലെ കൂടുതല്‍ ഓവര്‍ടൈം അനുവദിക്കുന്നതിന് നിയമങ്ങളില്‍ ഇളവ് വരുത്തണമെന്നും ലേഖനം നിര്‍ദേശിക്കുന്നു.
2019ലും 2020-ലും പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണം ഇത്തരം നിയമങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് തോന്നിപ്പിക്കുന്നതാണെന്ന് ലേബര്‍ യൂണിയന്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സിന്റെ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ കുറ്റപ്പെടുത്തി. നടപ്പാക്കാനിരിക്കുന്ന പുതിയ ലേബര്‍ കോഡുകള്‍ തൊഴിലാളികളെ (ചൂഷണം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍, കേന്ദ്രസര്‍ക്കാര്‍ മുന്നിലാണെന്നും സെന്‍ പറഞ്ഞു.
നാല് ലേബര്‍ കോഡുകളില്‍, ജോലി സമയത്തിനുള്ള പ്രസക്തമായ കോഡ് തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവയാണ്. ഫാക്ടറീസ് ആക്ട് പോലെ, ഒരു തൊഴിലാളിയും ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യരുതെന്ന് കോഡിന്റെ സെക്ഷന്‍ 25(1)(എ) പ്രസ്താവിക്കുന്നു, കൂടാതെ കോഡിന്റെ സെക്ഷന്‍ 26(1) ഒരാഴ്ചയിലെ പ്രവൃത്തി ദിവസം ആറാക്കി പരിമിതപ്പെടുത്തുന്നു. കൂടുതല്‍ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോഡിന്റെ സെക്ഷന്‍ 127(2) അനുസരിച്ച് ഈ വ്യവസ്ഥകളില്‍ ഇളവും നല്‍കുന്നു. ഇത് ചൂഷണത്തിനുള്ള വഴിയാണെന്നാണ് പ്രധാന വിമര്‍ശനം.
ജോലി സമയം വര്‍ധിപ്പിക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുകയാണ് തൊഴില്‍ കോഡിന്റെ ലക്ഷ്യം. ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 65(2) 'അസാധാരണമായ തൊഴില്‍ സാഹചര്യം നേരിടാന്‍' ദൈനംദിന, പ്രതിവാര സമയത്തിപ്പുറം ജോലി സമയം നീട്ടുന്നതിനുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കുന്നു. പുതിയ ലേബര്‍ കോഡ് ഈ ഇളവുകളെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതുമായി ബന്ധിപ്പിക്കുകയാണെന്നും തപന്‍ സെന്‍ ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ജോലി സമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനുള്ള നിയമങ്ങള്‍ ആവശ്യമാണെന്ന് കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും മന്ത്രിമാരും ഉദ്യോഗസ്ഥരും വാദിക്കുന്നു. ജോലി സമയം ഒരു പരിധി വരെ കൂട്ടുന്നതിന് ആരും തടസമാകില്ല. എന്നാല്‍ അതിനനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണം. നിലവില്‍ വളരെ കുറഞ്ഞ വേതനത്തിനാണ് രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികളും പണിയെടുക്കുന്നത്.
കടപ്പാട്: ദ സ്‌ക്രോള്‍