CPM | പോരാളി ഷാജിയോട് പാർട്ടി പോരാടുന്നത് പരാജയ കാരണങ്ങൾ മറക്കാനോ?

 
Will the party fight Porali Shaji to forget reasons for failure?


ആദ്യകാലങ്ങളിൽ സി.പി.എമ്മിന് അനുകുലമായി നിൽക്കുകയും രാഷ്ട്രീയ എതിരാളികളെ താറടിക്കുകയും ചെയ്ത ഇടതു സോഷ്യൽ മീഡിയ ഗ്രുപ്പുകൾ ഇപ്പോൾ പാർട്ടിക്ക് തന്നെ തലവേദനയായിരിക്കുകയാണ്

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) സോഷ്യൽ മീഡിയയിലെ ഇടതു അനുകൂല സൈബർ ഗ്രൂപ്പായ പോരാളി ഷാജിയുടെ ഒറിജിനൽ പ്രൊഫൈലിന് പകരം പ്രചരിപ്പിക്കുന്ന പാർട്ടി വിരുദ്ധ പോസ്റ്റുകൾക്കു പിന്നിൽ യു.ഡി.എഫ് അനുകൂലികളെന്ന് സി.പി.എം നേതൃത്വത്തിൻ്റെ കണ്ടെത്തൽ. ഒറിജനൽ പ്രൊഫൈലിൻ്റെ പിന്നിൽ ഇടതു അനുകൂലികളാണെങ്കിലും വ്യാജൻമാർക്കു പിന്നിൽ പാർട്ടി വിരുദ്ധരാണെന്ന കണ്ടെത്തലിലാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം. കണ്ണൂരിൽ ആകാശ് തില്ലങ്കേരിക്കും അർജുൻ ആയങ്കിക്കും ശേഷം സി.പി.എം സൈബർ ഇടത്തിൽ പേരാളി ഷാജിയുൾപ്പെടെയുള്ള സമൂഹമാധ്യമ കൂട്ടായ്മകൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ് സി.പി.എം നേതൃത്വം.

തോൽവിക്ക് പിന്നിൽ സോഷ്യൽ മീഡിയയോ ?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വമ്പൻ തോൽവിക്ക് പിന്നിൽ ഇത്തരം ചില ഗ്രൂപ്പുകളാണെന്ന ആരോപണവുമായി കണ്ണൂർ ലോക് സഭാമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജനാണ് ആരോപണവുമായി രംഗത്ത് വന്നത്. പാനൂരിൽ പി.കെ കുഞ്ഞനന്തൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് എം.വി ജയരാജൻ പോരാളി ഷാജി, ചെങ്കതിർ, ചെങ്കോട്ട എന്ന മൂന്ന് സോഷ്യൽ കൂട്ടായ്മകൾക്കെതിരെ ആഞ്ഞടിച്ചത്. ഇവയുടെ ഗ്രൂപ്പ് അഡ്മിൻമാരെ കോർപറേറ്റുകളും പാർട്ടി വിരുദ്ധ ശക്തികളും രാഷ്ട്രീയ എതിരാളികളും പണം കൊടുത്ത് സ്വാധീനിച്ചു വെന്നായിരുന്നു എം.വി ജയരാജൻ്റെ ആരോപണം. 

പാർട്ടിക്ക് അനുകൂലമായി ആദ്യം പോസ്റ്റിടുകയും പിന്നീട് നേതാക്കളെയും നയങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് ജയരാജൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറുകയാണ് സി.പി.എം നേതൃത്വമെന്നും തെരഞ്ഞെടുപ്പിൽ തോറ്റത് പാർട്ടി നേതാക്കൾക്ക് ജനകീയ ബന്ധമില്ലാത്തതാണെന്നും പോരാളി ഷാജി തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു. ആരുടെയും കമ്മീഷന് മുൻപിൽ കുമ്പിട്ട് നിൽക്കലല്ല തങ്ങളുടെ പണിയെന്നും തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ലെങ്കിൽ നേതാക്കൾ വേറെ പണിയെടുത്തു ജീവിക്കണമെന്നായിരുന്നു പോരാളി ഷാജിയുടെ മറുപടി. 

പറയൂ ആരാണ് പോരാളി ഷാജി

ഇതോടെയാണ് പോരാളി ഷാജി ആരാണെന്ന് വ്യക്തമാക്കണമെന്നും ഇത്തരം പേജുകളുടെ വ്യാജനിലൂടെ വ്യാപകമായി പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുകയാണെന്ന ആരോപണവുമായി രംഗത്തുവന്നത്. ഇടതുപക്ഷക്കാരനാണെങ്കിൽ പേരാളി ഷാജിയുടെ അഡ്മിൻ ആരാണെന്ന് പരസ്യമായി തുറന്നു പറയണം. വ്യാജ ഫേസ്‌ബുക്ക് പേജുകൾ വഴി വരുന്ന പോസ്റ്റുകളെ തള്ളിപ്പറയണമെന്നും ജയരാജൻ കണ്ണൂരിൽ  വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദ്യകാലത്ത് സോഷ്യൽ മീഡിയയിൽ പാർട്ടിക്ക് അനുകുലമായി പ്രചരണം നടത്തിയ പോരാളി ഷാജിയുൾപ്പെടെയുള്ള സൈബർ ഗ്രൂപ്പുകളെ മറ്റാരൊ വിലയ്ക്കെടുത്തിരിക്കുകയാണ്. വടകരയിൽ ഷാഫി പറമ്പിലിന് വേണ്ടി യു.ഡി.എഫാണോ ഇതു ചെയ്തതെന്ന് അറിയില്ലെന്നും ജയരാജൻ പറഞ്ഞു. 

വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികെ.കെ ശൈലജയ്ക്കെതിരെയും എ.എ റഹീമിനെതിരെയും അധിക്ഷേപകരമായ പോസ്റ്റുകൾ ഇവർ പോസ്റ്റു ചെയ്തു. കെ.കെ ശൈലജ ടീച്ചറെ കൊവിഡ് റാണിയെന്നാണ് വിമർശിച്ചത്. വടകരയിലെ തോൽവിക്ക് എ എ റഹീമിൻ്റെ ചിത്രം സഹിതം ഈ എരണം കെട്ടവനാണ് തോൽവിക്ക് കാരണമെന്ന് പോസ്റ്റു ചെയ്തു. ഈ കാര്യത്തിൽ  റഹീം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇടതു അനുകൂലമായും പ്രതികൂലമായും ആർക്കും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാം. ഇതിനൊന്നും പാർട്ടി എതിരല്ല. എന്നാൽ പാർട്ടി അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ അതത് ഘടകങ്ങളിലാണ് പറയേണ്ടത്. ഇത്തരം കാര്യങ്ങൾ പരിശോധിച്ചു തിരുത്തുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും ജയരാജൻ പറഞ്ഞു.

പോരാളി ഷാജിവർഗീയ കലാപമുണ്ടാക്കുമോ?

നാട്ടിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ പോരാളി ഷാജിയെപ്പോലുള്ള സൈബർ ഗ്രൂപ്പുകൾക്ക് കഴിയുമെന്നാണ് എം വി ജയരാജൻ്റെ വിചിത്രമായ ന്യായം. ഇത്തരം പേജുകളിൽ വരുന്ന പോസ്റ്റുകൾ വർഗീയത പരത്തുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് താൻ പാനൂരിൽ ചെയ്തത്. ഇത് ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. വാർത്ത കൊടുക്കുമ്പോഴും അന്തി ചർച്ചനടത്തുന്നതിന് മുൻപായും അവർക്ക് തന്നെ വിളിക്കാമായിരുന്നു. പോരാളി ഷാജിയെപ്പോലുള്ള ഗ്രൂപ്പുകൾ ഫോളോ ചെയ്യുന്ന പാർട്ടി പ്രവർത്തകർ അതിൽ നിന്നും പിൻതിരിയണം. ഏതാണ് ഒറിജനൽ, ഡ്യൂപ്ലിക്കേറ്റ് ഏതാണെന്ന് അവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. ഈകാര്യത്തിൽ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു. പാർട്ടിക്കായി സോഷ്യൽ മീഡിയയിൽ ആശയ പ്രചരണം നടത്താൻ സി.പിഎം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആകാശ് തില്ലങ്കേരിയുടെയും അർജുൻ ആയങ്കിയുടെയും വിഷയം വന്നപ്പോൾ പാർട്ടി ഈ കാര്യം വ്യക്തമാക്കിയതാണെന്നും എം.വി ജയരാജൻ പറഞ്ഞു

ലക്ഷം ലക്ഷം പിന്നാലെ

2015 ൽ രൂപീകരിച്ച സി.പി.എം അനുകുല സൈബർ ഗ്രൂപ്പായ പോരാളി ഷാജിക്ക് ഫെയ്സ്ബുക്ക് എട്ടു ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനമാണ് പോരാളി ഷാജി നടത്തിയത്. തെരഞ്ഞെടുപ്പിൽ ഇവർ നടത്തിയ പാർട്ടി വിരുദ്ധ ക്യാംപയിൽ തോൽവിയുടെ കാരണങ്ങളിലൊന്നായി മാറിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവർക്കെതിരെ നേതൃത്വം നീക്കങ്ങൾ തുടങ്ങിയത്. നേരത്തെ സി.പി.എമ്മിന് തലവേദനയായ പി.ജെ ആർമിയെ ഇല്ലായ്മ ചെയ്യാൻ സി.പി.എം നേതൃത്വത്തിൻ്റെ ഇടപെടലിലൂടെ കഴിഞ്ഞിരുന്നു. പി ജയരാജനെ കൊണ്ടുതന്നെ ഇവരെ തള്ളി പറയിച്ചതോടെയാണ് പി.ജെ ആർമി സോഷ്യൽ മീഡിയയിൽ നിന്നും ഇല്ലാതായത്. 

ആദ്യകാലങ്ങളിൽ സി.പി.എമ്മിന് അനുകുലമായി നിൽക്കുകയും രാഷ്ട്രീയ എതിരാളികളെ താറടിക്കുകയും ചെയ്ത ഇടതു സോഷ്യൽ മീഡിയ ഗ്രുപ്പുകൾ ഇപ്പോൾ പാർട്ടിക്ക് തന്നെ തലവേദനയായിരിക്കുകയാണ്. പോരാളി ഷാജിയിൽ വരുന്ന അധിക്ഷേപകരമായ പോസ്റ്റുകളെ കുറിച്ചു കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിൽ ഏറ്റാനും കൊവിഡ് കാലത്ത് സർക്കാരിന് പൂർണ പിൻതുണ നൽകുകയും ചെയ്ത സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ ഇപ്പോൾ തള്ളിപ്പറയേണ്ട അവസ്ഥയിലാണ് കണ്ണൂരിലെ സി.പി.എം നേതൃത്വം. ഉച്ചിതൊട്ട കൈയ്യിൽ ഉദകക്രിയ ചെയ്യാൻ പാർട്ടി ഒരുങ്ങുമ്പോൾ വിവാദങ്ങളും കണ്ണൂരിൽ ഇതോടൊപ്പം  ഉയരുകയാണ്. എന്നാൽ പാർട്ടിയുടെ പരാജയത്തിന് കാരണം പോരാളി ഷാജിയാണെന്ന പരാമർശങ്ങൾ അണികളിലും ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ട്.

CPM

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia