Union Minister | സഹമന്ത്രിസ്ഥാനം ലഭിക്കുമോ? സുരേഷ് ഗോപിയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം; ഉറ്റുനോക്കി കേരളം
മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായാണ് വിളിപ്പിച്ചിരിക്കുന്നത്
സുരേഷ് ഗോപിയെ ബിജെപിയുടെ പ്രധാന കേന്ദ്ര നേതാക്കള്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു
തിരുവനന്തപുരം: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് അകൗണ്ട് തുറപ്പിച്ച തൃശൂരിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം.
മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായാണ് സുരേഷ് ഗോപിയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് സഹമന്ത്രിസ്ഥാനം ലഭിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.
ശനിയാഴ്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് സുരേഷ് ഗോപിയെ രാജ്യ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്.
ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി. കേരളത്തില്‍ അകൗണ്ട് തുറന്ന സുരേഷ് ഗോപിയെ ബിജെപിയുടെ പ്രധാന കേന്ദ്ര നേതാക്കള്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. നേരത്തെ തന്നെ സുരേഷ് ഗോപിയെ കേന്ദ്രം രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നു.
കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സുരേഷ് ഗോപിയിലൂടെയാണ് കേരളത്തില്‍ ആദ്യമായി ബിജെപി ലോക്‌സഭയിലേക്ക് അകൗണ്ട് തുറക്കുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം തന്നെ നല്‍കിയിരിക്കും. സുരേഷ് ഗോപിയുടെ വിജയത്തിലൂടെ കൂടുതല്‍ നേട്ടത്തിനാണ് കേരളത്തില്‍ ബിജെപി ശ്രമിക്കുന്നത്.
തമിഴ് നാട്ടില്‍ ബിജെപിക്ക് എംപിമാരില്ല. അതിനാല്‍ പ്രധാന വകുപ്പ് ലഭിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രണ്ടു തവണയാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. സുരേഷ് ഗോപിയോട് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചതും ആവശ്യമായ പിന്തുണ നല്‍കിയതും കേന്ദ്ര നേതൃത്വമാണ്.
തിരുവനന്തപുരത്തും ആറ്റിങ്ങലും ആലപ്പുഴയിലും ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. രാജ്യസഭാ സീറ്റിലൂടെ അധികാരം ലക്ഷ്യമിടാതെ ലോക് സഭയിലും നിയമസഭയിലും നേട്ടമുണ്ടാക്കാനാണ് ബിജെപി നേതൃത്വം നിര്‍ദേശിച്ചിരുന്നത്. സുരേഷ് ഗോപി ആ ലക്ഷ്യം കൈവരിച്ചതോടെ അര്‍ഹിക്കുന്ന പദവി ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നേരത്തെ കേന്ദ്രമന്ത്രി പദം ലഭിച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അടുത്ത രണ്ടുവര്‍ഷത്തേക്ക് തന്നെ മന്ത്രിയാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. ചില ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും പറഞ്ഞിരുന്നു.
രാജ്യസഭയിലേക്ക് കേരളത്തില്‍നിന്ന് ഇനി അടുത്തെങ്ങും ആരെയും പരിഗണിക്കാന്‍ സാധ്യതയില്ല. രാജീവ് ചന്ദ്രശേഖറിന് വീണ്ടും മന്ത്രിസ്ഥാനം ലഭിച്ചേക്കും. വി മുരളീധരനെയും പരിഗണിക്കാനാണ് സാധ്യത. ഒ രാജഗോപാലും വി മുരളീധരനും, അല്‍ഫോണ്‍സ് കണ്ണന്താനവുമാണ് കേരളത്തില്‍നിന്ന് മുന്‍പ് ബിജെപിയുടെ കേന്ദ്രമന്ത്രിമാരായത്. പിസി തോമസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയായി.