Party Shift | രാഷ്ട്രീയത്തിനതീതമായ മത-സാമൂഹിക പിന്തുണ ശശി തരൂരിനുള്ളപ്പോൾ അദ്ദേഹം ബിജെപിയിലേയ്ക്ക് പോകുമോ?
2019ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ ലോക് സഭയ്ക്ക് അകത്തും പുറത്തും ഏറ്റവും അധികം കടന്നാക്രമിച്ചതും തരൂർ തന്നെയായിരുന്നു
സോണി കല്ലറയ്ക്കൽ
(KVARTHA) ശശി തരൂർ ബി.ജെ.പിയിലേയ്ക്ക് പോകുമോ? അതാണ് രാഷ്ട്രിയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. അങ്ങനെയൊരു അവിവേകം തരൂരിനെപ്പോലെ അറിവും വിവേകവുള്ള ഒരാൾ കാണിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇപ്പോൾ ഈ വിഷയം ചർച്ചയാകാൻ കാരണം അതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ തന്നെ. കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് എം.പി ഉടൻ ബിജെപിയിലേയ്ക്ക് ചേക്കേറുമെന്ന സൂചനകൾ നൽകിക്കൊണ്ടുള്ള ഒരു വാർത്തയാണ് ഇങ്ങനെയൊരു ചർച്ചയ്ക്ക് ചൂട് പിടിക്കാൻ കാരണം. അങ്ങനെ ബി.ജെ.പിയിലേയ്ക്ക് പോകാനിരിക്കുന്ന എം.പി ശശി തരൂർ തന്നെയാണെന്നും ചില മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു.
കോൺഗ്രസിൻ്റെ സമുന്നതനായ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള ബന്ധം വഷളായി തുടരുന്നതിനാലാണ് തരൂർ ബി.ജെ.പിയിലേയ്ക്ക് ചേക്കേറുന്നതെന്നതാണ് പുറത്തുവരുന്ന വാർത്തകൾ. കെ.സി.വേണുഗോപാൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലിരിക്കുന്നത് കേരളത്തിൽ തരൂരിൻ്റെ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നു തുടങ്ങിയ സൂചനകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. വിശ്വപൗരൻ എന്ന വിളിപ്പേരുള്ള ലോകം അറിയുന്ന വ്യക്തിത്വമാണ് ശശി തരൂർ.
തരൂരിനെപ്പോലുള്ള ഒരാൾ കേരളത്തിലെ കോൺഗ്രസിൻ്റെ നേതൃത്വമേറ്റെടുത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ ഭൂരിപക്ഷത്തോടെ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്ന് വിശ്വസിക്കുന്ന വലിയൊരു ജനത ഇവിടെയുണ്ട്. അങ്ങനെയുള്ളവർ തങ്ങളുടെ ഭാവി മുഖ്യമന്ത്രിയായി തരൂരിനെ കാണുന്നു എന്നതാണ് വാസ്തവം. തരൂരിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രം കഴിഞ്ഞ കാലത്ത് അദ്ദേഹത്തെ നിർലോഭമായി പിന്തുണയ്ക്കാൻ ഇവിടുത്തെ സാമുദായിക മത സംഘടനകൾ രംഗത്തു വന്നതിൻ്റെ കാരണവും അതു തന്നെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം സമുദായം രാഷ്ട്രീയത്തിന് അതീതമായി സമദൂരം കല്പിക്കാത്ത കേരളത്തിലെ ചുരുക്കം നേതാക്കളിൽ ഒരാളാണ് തരൂർ. ആ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബി.ജെ.പിയിൽ നിന്ന് ശക്തമായ വെല്ലുവിളി തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ നേരിട്ടിട്ടും അവിടെ വിജയിക്കാനായത്. മതേതരത്വം എന്ന മുദ്രാവാക്യം എന്നും ഓർമ്മിപ്പിക്കുന്ന തരൂരിനെ കൈവിടാൻ തിരുവനന്തപുരത്തുകാർക്ക് മനസില്ലായിരുന്നു എന്നതാണ് അത് തെളിയിച്ചത്. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ ലോക് സഭയ്ക്ക് അകത്തും പുറത്തും ഏറ്റവും അധികം കടന്നാക്രമിച്ചതും പ്രധാനമന്ത്രി മോദിയ്ക്ക് നിത്യേന തലവേദന ഉണ്ടാക്കിയതും തരൂർ തന്നെയായിരുന്നു എന്ന് വിസ്മരിക്കരുത്.
രാഹുൽ ഗാന്ധി പോലും അക്കാലത്ത് മൗനവൃതത്തിലായിരുന്നു എന്നതാണ് സത്യം. ആയകാലം മുഴുവൻ വർഗീയതയെയും, ബി.ജെ.പി യെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച് ഇവിടെ മതേതരത്വം തെളിയിക്കാൻ പരിശ്രമിച്ചു നടന്ന തരൂരിനെപ്പോലെയുള്ള ഒരാൾക്ക് എങ്ങനെ ബി.ജെ.പിയിലേയ്ക്ക് പോകാൻ പറ്റുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ പോയാൽ തകരുന്നത് അദ്ദേഹം ഇതുവരെ കേരളത്തിൽ വളർത്തിയെടുത്ത ഇമേജ് തന്നെ ആയിരിക്കുമെന്ന് തീർച്ച.
തരൂരിന് കോൺഗ്രസിൽ നിന്ന് വേണ്ടത്ര പരിഗണയില്ലെന്ന് തോന്നിയാൽ കോൺഗ്രസ് വിട്ട് മറ്റ് പാർട്ടിയിലേയ്ക്ക് ചേക്കേറണമെന്നുണ്ടായിരുന്നെങ്കിൽ അത് ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു വേണ്ടിയിരുന്നത്. അദ്ദേഹം ലോക് സഭയിലേയ്ക്ക് പോകരുത്, കേരളത്തിൽ നിന്ന് കോൺഗ്രസിനെ നയിച്ച് കേരളത്തിൽ യു.ഡി.എഫ് അധികാരം പിടിച്ചാൽ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിച്ചവരാണ് കേരളത്തിലെ ജനങ്ങൾ, അതിന് വിലങ്ങ് തടി ഇവിടുത്തെ ചില കോൺഗ്രസ് നേതാക്കൾ ആകുന്നെങ്കിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാതെ ഇരിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
ഒരുപക്ഷേ, ബി.ജെ.പി പിന്തുണയിൽ തിരുവനന്തപുരത്ത് യു.ഡി.എഫിനെതിരെ മത്സരിക്കുകയും ആവാമായിരുന്നു. അങ്ങനെയൊരു വിജയം ലഭിച്ചിരുന്നെങ്കിൽ അത് തരൂരിനെ സംബന്ധിച്ച് വലിയ ഒരു തിളക്കമായി മാറുമായിരുന്നു. കേന്ദ്രത്തിൽ ഒരു ക്യാബിനറ്റ് പദവിയും ഉറപ്പാക്കാമായിരുന്നു. അത് കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച് കൂടുതൽ സാഹചര്യവും ഒരുക്കിയേനെ. ഇപ്പോൾ ബി.ജെ.പിയിലേയ്ക്ക് ചുവടുമാറ്റാൻ ശ്രമിച്ചാൽ അത് വലിയ ബുദ്ധിമോശമായിരിക്കുമെന്ന് തീർച്ച. ബി.ജെ.പി യിലേയ്ക്ക് പോയാൽ തീർച്ചയായും തരൂരിന് നിലവിലെ എം.പി സ്ഥാനം രാജിവെയ്ക്കേണ്ടി വരും. അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുക സ്വഭാവികം.
എം പി സ്ഥാനം രാജിവെച്ചാലും ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിച്ച് ജയിക്കാൻ കേരളത്തിൽ നിന്ന് തരൂർ പ്രയാസപ്പെടുമെന്നും തീർച്ചയാണ്. അത് ഒരുപക്ഷേ തരൂരിൻ്റെ രാഷ്ട്രീയ വനവാസത്തിന് കാരണമായെന്നും ഇരിക്കും. നേരെ മറിച്ച് ശശി തരൂർ കോൺഗ്രസിൽ തുടർന്നാൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം. അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുഡിഎഫിന് ഭരണം കിട്ടാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇവിടുത്തെ ഗ്രൂപ്പ് രാഷ്ട്രീയക്കാർ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി തമ്മിലടിക്കുമ്പോൾ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം ഗ്രൂപ്പുകളിൽ പെടാത്ത ശശി തരൂരിനെ മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയും ആക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.
അല്ലെങ്കിൽ തന്നെ അങ്ങനെയൊരു സാഹചര്യമുണ്ടായാൽ കോൺഗ്രസ് ഹൈക്കമാൻ്റ് തരൂരിനെ തുണച്ചില്ലെങ്കിലും ഇവിടുത്തെ മത, സാമുദായിക സംഘടനകൾ തരൂരിന് വേണ്ടി രംഗത്ത് വരുമെന്ന് തീർച്ചയാണ്. ഒപ്പം ജനങ്ങളും. അങ്ങനെ ഒരു സാധ്യത ഉള്ളപ്പോൾ ശശി തരൂർ എതിർഭാഗത്തേക്ക് പോകുമോ? ഇനി ശശി തരൂർ ഇപ്പോൾ ബിജെപിയിലേക്ക് ചേർന്നാൽ എന്താണ് സംഭവിക്കുക. തൃശൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റ് തിരുവനന്തപുരമാണ്. പാർട്ടി മാറുകയാണെങ്കിൽ കൂറുമാറ്റ നിയമപ്രകാരം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.
ബിജെപിക്ക് തിരുവനന്തപുരം സാധ്യതയുള്ള സീറ്റ് ആണെങ്കിലും പുതിയതായി വരുന്ന ആളെ അവിടുത്തെ പരമ്പരാഗത ബിജെപിക്കാർ സ്വീകരിക്കുമെന്ന് 100 ശതമാനം ഉറപ്പു പറയാൻ വയ്യ. വിജയിച്ചാൽ കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിപദവി ഉറപ്പാണ്. കാത്തിരുന്നു കാണാം. ഒരിക്കൽ കേരളത്തിൽ ജനകീയ വികാരം ആളിക്കത്തിയപ്പോഴാണ് ഇടതുമുന്നണിയിൽ ഒരിക്കലും ആ പാർട്ടിയിലെ നേതാക്കൾ പോലും പ്രതീക്ഷിക്കാഞ്ഞ വി.എസ് അച്യുതാനന്ദൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ആയതിനു പിന്നിലെ ചരിത്രവും മറ്റൊന്നല്ല.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരക്കായി മറ്റ് കോൺഗ്രസ് നേതാക്കൾ മത്സരിക്കുമ്പോൾ തരൂരിനെ വിളിച്ച് കേരളത്തെയും കോൺഗ്രസിനെയും രക്ഷിക്കാൻ പറയാൻ ഇവിടുത്തെ ജനങ്ങളുണ്ടാകും. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് തരൂരിനെപ്പോലുള്ളയാളുകളുടെ കഴിവിനെ ഇനിയും ഒതുക്കാനാണ് ശ്രമമെങ്കിൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കാനായിരിക്കും വിധി.
#ShashiTharoor #BJP #KeralaPolitics #Congress #PoliticalShift #UDF