Political Ambitions | മുസ്ലിംലീഗിൻ്റെ പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകും? അതും എൽഡിഎഫ് പിന്തുണയിൽ!


● മുസ്ലിംലീഗ് മുഖ്യമന്ത്രി സ്ഥാനത്ത് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
● 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് നിർണായകമാകും
● സ്വന്തം നിലയിൽ വിജയിക്കാനുള്ള കരുത്ത് ലീഗിനുണ്ട്
സോണി കല്ലറയ്ക്കൽ
(KVARTHA) യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുസ്ലിംലീഗിന് മുഖ്യമന്ത്രി പദത്തിൽ താല്പര്യമുണ്ടെന്നുള്ള ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയെ അത്ര നിസാരമായി ആരും കാണേണ്ട. ലീഗിൻ്റെ വളരെക്കാലത്തെ ആഗ്രഹം തന്നെയാണ് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിപദം. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള അന്നത്തെ യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ കേന്ദ്രത്തിൽ യുപിഎയുടെ ഘടകകക്ഷി എന്ന് നിലയിൽ കേന്ദ്രമന്ത്രിസ്ഥാനം സ്വപ്നം കണ്ട് മലപ്പുറത്ത് നിന്ന് എംപിയായി ഡൽഹിക്ക് പറന്ന മുസ്ലിംലീഗിൻ്റെ സംസ്ഥാനത്തെ അനിഷേധ്യ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരളത്തിൽ തന്നെ പ്രവർത്തിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് തന്നെ വിശ്വസിച്ചാണ്.
അല്ലെങ്കിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത മുൻപ് ഉമ്മൻ ചാണ്ടി അതിജീവിച്ച ഒരു സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അങ്ങനെ വന്നാലും ചുരുങ്ങിയ കാലമെങ്കിലും ആരുടെയെങ്കിലും പിന്തുണയിൽ ഒരു മുഖ്യമന്ത്രി സ്ഥാനവും കുഞ്ഞാലിക്കുട്ടി സാഹിബ് പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാകാം. അപ്പോഴാണ് വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ വന്നത്. ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞില്ലായിരുന്നെങ്കിൽ സിപിഎമ്മുമായി നിയമസഭയിൽ ഒരു ബാന്ധവത്തിനും ലീഗ് തയാറായി എന്ന് വന്നേനെ.
കേരളാ കോൺഗ്രസിനെപ്പോലെ തന്നെ വളരെക്കാലം അധികാരത്തിൽ ഇല്ലാതിരിക്കാൻ കഴിയുന്ന പാർട്ടിയൊന്നും അല്ല മുസ്ലിംലീഗ്. ഈ പത്തു വർഷത്തിനകത്ത് അധികാരം ഇല്ലാതെ ലീഗ് യുഡിഎഫിനൊപ്പം നിന്നത് തന്നെ ഒരു അത്ഭുതകരമായ കാര്യം തന്നെയാണ്. തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരുമായി നിന്ന കേരളാ കോൺഗ്രസ് മാണി വിഭാഗം ഒരിക്കൽ മുഖ്യമന്ത്രി സ്ഥാനത്തിനായി എൽഡിഎഫിനൊപ്പം ചേരാൻ ശ്രമിച്ചതാണ്, അതും കോൺഗ്രസും മാണി ഗ്രൂപ്പും ലീഗ് എല്ലാം സഖ്യത്തിൽ ചേർന്ന് മത്സരിച്ച് ഉമ്മൻ ചാണ്ടി വെറും കേവല ഭൂരിപക്ഷത്തിൽ മാത്രം അധികാരത്തിൽ എത്തുന്ന സമയത്ത്.
മാണി സാർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആശയും അഭിലാഷവുമായിരുന്നു കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുക എന്നുള്ളത്. തന്നെക്കാൾ ജൂനിയർമാരായ എ കെ ആൻ്റണിയും ഉമ്മൻ ചാണ്ടിയും ഒക്കെ മുഖ്യമന്ത്രിയാകുമ്പോൾ അവരുടെ കീഴിൽ സീനിയർ ആയ താൻ വെറും ഒരു മന്ത്രിയായി ഇരിക്കുക എന്നത് കെഎം മാണി യെ സംബന്ധിച്ച് ഒരു കുറച്ചിൽ തന്നെ ആയിരുന്നു. ഒരു ആറു മാസമെങ്കിലും എൽഡിഎഫ് പിന്തുണയിൽ മാണി സാറിനെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് കിണഞ്ഞു പരിശ്രമിച്ചതുമാണ്. ഇതിൻ്റെ പിന്നിൽ സിപിഎമ്മിന്റെ ലക്ഷ്യം ക്രൈസ്തവരുടെ ഇടയിൽ പ്രത്യേകിച്ച് മധ്യതിരുവിതാം കൂറിൽ ഒരു വേരോട്ടം ഉണ്ടാക്കിയെടുക്കുക എന്നുള്ളതായിരുന്നു.
ആ ലക്ഷ്യം മനസ്സിലാക്കി അതിനെ തടുക്കാൻ കോൺഗ്രസിലെ തന്നെ ചിലർ കെ എം മാണിക്കെതിരെ ഒരുക്കിയ കെണിയാണ് ബാർ കോഴ. കെ എം മാണി അതിൽ തട്ടി വീഴുകയും ചെയ്തു. അതോടെ മാണി സാറിൻ്റെ മുഖ്യമന്ത്രി മോഹവും പൊലിഞ്ഞു. ഇന്ന് കെഎം മാണി സാറിൻ്റെ പാർട്ടി എൽ.ഡി.എഫ് സർക്കാരിൻ്റെ ഭാഗമാണ്. കേരള കോൺഗ്രസിൻ്റെ റോഷി അഗസ്റ്റിൻ തുടർഭരണ സർക്കാരിൽ മന്ത്രിയായി ഇരിക്കുകയും ചെയ്യുന്നു. ഇതേ മാനസികാവസ്ഥ തന്നെയാകും പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗിനെയും ഭരിക്കുന്നത്.
വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തൻ്റെ വളരെ ജൂനിയറായ വി ഡി സതീശനു കീഴിലോ കെ സി വേണുഗോപാലിനു കീഴിലോ ഒക്കെ വെറും ഒരു മന്ത്രിയായിരിക്കുക എന്ന് പറഞ്ഞാൽ കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ച് അത് അപമാനകരമായിരിക്കും. ആ സാഹചര്യത്തിൽ കുറച്ചു കാലത്തേയ്ക്ക് എങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ വേണ്ടിയുള്ള നീക്കമാകും അദ്ദേഹം നടത്തുക. മുസ്ലിം ലീഗ് ഇപ്പോൾ 27 നിയമസഭാ സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. 19 സീറ്റോളം അവർ വിജയിക്കുന്നുമുണ്ട്. വലിയ കഷ്ടപ്പാട് ഇല്ലാതെ യു.ഡി.എഫിന് എം.എൽ.എ മാരെ സൃഷ്ടിച്ചെടുക്കാൻ പറ്റുന്നതും ലീഗ് കോട്ടകളിൽ തന്നെ. അത് ലീഗ് എൽ.ഡി.എഫ് മുന്നണിയിൽ നിന്നാലും യു.ഡി.എഫ് മുന്നണിയിൽ നിന്നാലും ആരുടെയും പിന്തുണ ഇല്ലാതെ തന്നെ ലീഗ് കോട്ടകൾ ലീഗുകാർക്ക് തന്നെയുള്ളതാണ്.
ലീഗ് സീറ്റുകളിലെ വിജയം എന്നത് കോൺഗ്രസിൻ്റെ ഔദാര്യമൊന്നും അല്ല. അത് മുസ്ലിം ലീഗിൻ്റെ മിടുക്ക് തന്നെയാണ്. കേരളം മുഴുവൻ 90 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസിന് ലഭിക്കുന്നത് വെറും 23 സീറ്റുകൾ മാത്രമെന്നതും ഓർക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉമ്മൻ ചാണ്ടി സർക്കാരിൽ സംഭവിച്ചതുപോലെ കേവല ഭൂരിപക്ഷം മാത്രമുള്ള അവസ്ഥ ഉണ്ടായാൽ ലീഗ് യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. അത് നടന്നില്ലെങ്കിൽ പുറത്തുനിന്ന് എൽ.ഡി.എഫ് പിന്തുണ നേടി മുസ്ലീംലീഗ് ഒരു ഒന്നര വർഷത്തേയ്ക്ക് എങ്കിലും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ശേഷം ലീഗ് സിപിഎമ്മിനെ സർക്കാരുണ്ടാക്കാൻ പിന്തുണയ്ക്കും. സിപിഎമ്മിനെ സംബന്ധിച്ച് കേരളാ കോൺഗ്രസിനെ തങ്ങളോട് ഒപ്പം അടുപ്പിച്ചപോലെ ലീഗിനെ തങ്ങൾക്കൊപ്പം ചേർക്കുക എന്നൊരു വലിയ ലക്ഷ്യമുണ്ട്. ഇവിടെ ശാശ്വതമായി ഭരണം നിലനിർത്തേണ്ടത് സിപിഎമ്മിൻ്റെ ഇന്നത്തെ വലിയ ആവശ്യമാണ്. കേരളാ കോൺഗ്രസ് പോന്നപ്പോൾ മധ്യതിരുവിതാംകൂറിലെ ചില സീറ്റുകൾ എൽഡിഎഫിന് നേടിയെടുക്കാൻ കഴിഞ്ഞതുപോലെ ലീഗ് എത്തിയാൽ മലബാർ പ്രദേശത്ത് കോൺഗ്രസിനെ അപ്രസക്തമാക്കി തങ്ങൾക്ക് വരും കാലഘട്ടത്തിൽ മുന്നേറാൻ കഴിയുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. അതിനായി എന്ത് വിലകൊടുത്തും ലീഗിനെ എൽഡിഎഫിനൊപ്പം ചേർക്കാനാവും സിപിഎം നേതാക്കൾ പരിശ്രമിക്കുക.
ഇത് ലീഗിനോടുള്ള ആത്മാർത്ഥത കൊണ്ടല്ല, മറിച്ച് അത് അവരുടെ നിലനിൽപ്പിൻ്റെ ഇന്നത്തെ പ്രശ്നം ആയതുകൊണ്ട് മാത്രം. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടു. ഇനി കേരളം മാത്രമാണ്. അതും നഷ്ടമായാൽ ദേശീയ പാർട്ടി എന്ന ലേബൽ പോലും സിപിഎമ്മിന് നഷ്ടമായെന്നിരിക്കും. അതൊഴിവാക്കാൻ ആരെയും കൂടെ ചേർക്കാൻ സിപിഎം മടിച്ചേക്കില്ല. പഴയ സിപിഎം അല്ല ഇന്നത്തെ സിപിഎം. ആ പാർട്ടി ഒരുപാട് മാറിയിരിക്കുന്നു. ഈ പറയുന്ന സാഹചര്യങ്ങളൊക്കെ അനുകൂലമായാൽ മുസ്ലിംലീഗിന് കേരളത്തിൻ്റെ മുഖ്യമന്ത്രിപദം വിദൂരത്താവില്ല. പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുകയും ചെയ്യും. സി എച്ച് മുഹമ്മദ് കോയയ്ക്ക് ശേഷം ലീഗിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന വ്യക്തിയാകും പി കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയത്തിൽ ഒന്നും പറയാൻ സാധിക്കുന്നില്ല. അസാധ്യമെന്ന് കരുതുന്ന പലതും സാധ്യമാകുന്ന ഒരു കലയാണ് രാഷ്ട്രീയം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The possibility of P K Kunhalikutty becoming Kerala's next CM with LDF support is discussed following his party's successful seat tally.
#P K Kunhalikutty #KeralaPolitics #LDFSupport #UDF #MuslimLeague #PoliticalFuture