Leadership | പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഇടം പിടിച്ചേക്കും? കൊല്ലം സമ്മേളനത്തിൽ സിപിഎമ്മിൽ അഴിച്ചു പണിക്ക് സാധ്യതയേറി


● പി. ജയരാജനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം.
● കണ്ണൂരിൽ നിന്ന് പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും ഒഴിവാകാൻ സാധ്യത.
● പി. ജയരാജന് എം.വി ഗോവിന്ദന്റെ പിന്തുണയുണ്ട്
● കൊല്ലം സമ്മേളനത്തിന്റെ തീരുമാനം നിർണായകമാകും.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടങ്ങാനിരിക്കെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പി ജയരാജൻ ഇടം പിടിക്കുമോയെന്ന ചോദ്യമുയരുന്നു. പ്രായപരിധിയായ 75 വയസ് പരിഗണിക്കുമ്പോൾ 73 വയസുള്ള പി ജയരാജന് ഇത്തവണ സെക്രട്ടറിയേറ്റിൽ ഇടം പിടിക്കുകയെന്നത് അവസാന അവസരമാണ്. നിലവിൽ ഖാദി ബോർഡ് വൈസ് ചെയർമാനായ പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിലെ സീനിയർ അംഗങ്ങളിലൊരാളാണ്.
കണ്ണൂരിൽ നിന്നും പി.കെ ശ്രീമതിയും ഇപി ജയരാജനും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഒഴിയുമെന്നാണ് സൂചന. ഈ ഒഴിവിലേക്ക് പി. ജയരാജനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാർട്ടിക്കുള്ളിലും പുറത്തും ഒട്ടേറെ ആരാധകരുള്ള പി ജയരാജനെ നിരന്തരം അവഗണിക്കുകയാണെന്ന പരാതി അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല.
ഇതാണ് പി ജയരാജന് തിരിച്ചടിയാകുന്നത്. വ്യക്തി പൂജയുടെ പേരിലാണ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുന്നത്. 2019ൽ വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കിയെങ്കിലും ദയനീയമായി തോൽക്കുകയായിരുന്നു. ഇതേ തുടർന്ന് വെറും സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കുകയായിരുന്നു. എന്നാൽ കോടിയേരിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ വന്നതോടെ പി.ജെയ്ക്കു മുൻപിൽ സാധ്യത തെളിയുകയായിരുന്നു.
എം.വി ഗോവിന്ദനെ സിനിയോറിറ്റി വിഷയത്തിൽ എതിർത്തിരുന്ന കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെ ഒതുക്കാനായിരുന്നു പി ജയരാജൻ നിയോഗിക്കപ്പെട്ടത്. എം.വി ഗോവിന്ദൻ്റെ രഹസ്യ പിൻതുണയാലാണ് ഇപി ജയരാജൻ്റെ കുടുംബത്തിന് ഓഹരികളുള്ള വൈദേകം റിസോർട്ട് ഇടപാടുകളെ കുറിച്ചു പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുന്നയിച്ചത് എന്നാണ് പറയുന്നത്. ഇതു ഇപി ജയരാജനെന്ന അതികായകനായ നേതാവിന് തിരിച്ചടിയാവുകയും ചെയ്തു. ഇതോടെയാണ് പാർട്ടിക്കുള്ളിൽ പി ജയരാജന് കൂടുതൽ പ്രാധാന്യം ലഭിച്ചത്. എന്നാൽ പി.ജയരാജനെ എതിർപ്പുകൾ മറികടന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തുമോയെന്ന കാര്യം കൊല്ലം സമ്മേളനത്തിൻ്റെ ഗതിവിഗതിക്കനുസരിച്ചാണ് തീരുമാനിക്കപ്പെടുക
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റായി എഴുതുക.
CPM's state conference in Kollam is expected to bring major changes. P. Jayarajan has a final chance to enter the secretariat. MV Govindan supports him, but Pinarayi Vijayan has not yet approved. The final decision will be made at the conference.
#CPMKerala #PinarayiVijayan #MVGovindan #PJayarajan #KeralaPolitics #CPMStateConference