Malappuram | മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ നീക്കമോ? അന്ന് പി കെ നവാസ് പറഞ്ഞിരുന്നു; വൈകിയെങ്കിലും മന്ത്രിക്കും തുറന്ന് പറയേണ്ടി വന്നു  

 
Kerala Police
Kerala Police

Image Credit: Kerala Police website

'മന്ത്രി തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തിൽ ഈ കാര്യത്തിൽ സുതാര്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം'

മിന്റാ മരിയ തോമസ് 

 

(KVARTHA) മുസ്ലിംകളെയും മുസ്ലിം ഭൂരിപക്ഷ ജില്ലയെയും പൊതുസമൂഹത്തിൻ്റെ മുന്നിൽ താറടിച്ചുകാണിക്കാൻ കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ മത്സരിക്കുന്നതാണ് ഇവിടെ കാണുന്നതെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം. മലപ്പുറം (Malappuram) ജില്ല ക്രിമിനൽ (Criminal) ജില്ലയെന്ന് സ്ഥാപിക്കാൻ ആർക്കോ വേണ്ടി പൊലീസ് (Police) മേധാവികൾ മത്സരിക്കുന്നുണ്ടെന്നാണ് ആരോപണം. സി.പി.എം (CPM) നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെൻ്റ് (State Govt) മുസ്ലിങ്ങളെ മുഴുവൻ സ്നേഹിക്കുന്നുവെന്ന് വരുത്തി തീർത്ത് സ്നേഹിച്ച് സ്നേഹിച്ച് കൊല്ലുകയാണോ എന്നാണ് ചിലർ ചോദ്യം ഉയർത്തുന്നത്. 

Malappuram

ഇതര സമുദായത്തിലെ ചിലരുടെ വിചാരം മുഴുവൻ ഈ സർക്കാർ മുസ്ലിങ്ങൾക്ക് മുഴുവൻ എന്തൊക്കെയോ വാരിക്കോരി നൽകുകയാണെന്നാണ്, ഇതുമുതലാക്കാൻ ബി.ജെ.പിയും ഇവിടെ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ആക്ഷേപം. വേണമെങ്കിൽ മലപ്പുറം ജില്ലയെ രണ്ടായി വിഭജിച്ച് കൂടുതൽ വികസനം കൊണ്ടുവരാമെന്നിരിക്കെ ജില്ലയിലെ പോലീസ് മേധാവികളെ ഉപയോഗിച്ച് അതിന് തടയിടാനുള്ള വ്യഗ്രതയിലാണ് പലരുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണങ്ങളുണ്ടായി. സംസ്ഥാന സർക്കാരിന് കൂഴലൂത്ത് നടത്തിയ പല മലപ്പുറം നേതാക്കളും ഇത് കണ്ടില്ലെന്ന് ഇതുവരെ നടിക്കുകയായിരുന്നുവോ എന്ന ചോദ്യവും ഇവർ ഉയർത്തുന്നു.

എന്നാൽ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നുവെന്ന് ബോധ്യപ്പെട്ടപ്പോൾ ചിലർക്ക് ഇക്കാര്യത്തിൽ ബോധം വീണുവെന്ന് പറയാം. ഇപ്പോൾ മലപ്പുറം ജില്ലയിൽ നിന്നുള്ള ഈ സർക്കാരിലെ ഒരു മന്ത്രിയും പറഞ്ഞിരിക്കുന്നു മലപ്പുറത്ത് അനാവശ്യമായി കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുവെന്ന്. പറഞ്ഞിരിക്കുന്നത് മന്ത്രി വി അബ്ദുറഹ്മാൻ ആണ്. ഒരു വർഷം മുൻപ് ഈ കണക്കുകൾ വെച്ച് ഈ വിഷയം ചൂണ്ടിക്കാട്ടി എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ് ഒരു പ്രസ്താവന നടത്തുകയുണ്ടായി. അന്ന് ഈ വിഷയം മുഖവിലയ്ക്ക് എടുക്കാൻ ആരുമുണ്ടായിരുന്നില്ല. ഇന്ന് ഇപ്പോൾ മന്ത്രിയ്ക്കും ചില കാര്യങ്ങൾ തുറന്ന് പറയേണ്ടി വന്നു. 

അന്ന് പി കെ നവാസ് പറഞ്ഞത്:

'മലപ്പുറം ജില്ലയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന് എസ്.പി നേതൃത്വം നൽകുന്നു. ഇനിയും മൗനമിരുന്നാൽ 2023ൽ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറം ജില്ല മാറും. ആന ചെരിഞ്ഞത് പാലക്കാട് ആവുമ്പോൾ സാധാരണവും മലപ്പുറത്ത് ആകുമ്പോൾ അസാധാരണവും ആണെന്ന് ചിന്തയുള്ള ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികൾക്ക് മുമ്പിൽ മലപ്പുറം ജില്ല ഒരു ക്രിമിനൽ ജില്ലയാണ് എന്നു വരുത്തിത്തീർക്കാൻ ആസൂത്രിതമായ വഴിയൊരുക്കുകയാണ് മലപ്പുറം എസ്.പിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു കേസിൽ പിടിക്കപ്പെടുന്ന പത്ത്‌ പേരെ രണ്ടു വീതം ആളുകളാക്കി 5 എഫ്ഐആർ കേസുകളാക്കി ജില്ലയിലെ കേസുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ക്രമാതീതമായി വർദ്ധിപ്പിക്കുകയാണ്. 2016 മുതൽ 2019 വരെ ജില്ലാ പോലീസ് ക്രൈം ബ്യൂറോ റെക്കോർഡ് പ്രകാരം ശരാശരി മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം എന്നുപറയുന്നത് 12,000 ആണ്. എന്നാൽ സുജിത് ദാസ് ഐ.പി.എസ് മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടായി 2021 ഫെബ്രുവരി ചുമതലയേറ്റത് മുതൽ കണക്കുകൾ നമ്മളെ അത്ഭുതപ്പെടുത്തുകയാണ്. 

2021ൽ 50 ശതമാനം വർദ്ധനവോട് കൂടി 19,045 കേസുകളാണ് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2022ൽ കേസുകളുടെ എണ്ണം ശരാശരിയിൽ നിന്ന് 150 ശതമാനം വർദ്ധനയോടെ 26,957 ആയി. 2023 പാതി വർഷം ആയപ്പോഴേക്കും കേസുകളുടെ എണ്ണം 13,000 കവിഞ്ഞു. ഇത്  മലപ്പുറത്തിന്റെ തന്നെ സർവകാല റെക്കോർഡിലേക്ക് എന്ന് മാത്രമല്ല, സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലയായി  മലപ്പുറം മാറുന്നു എന്നതിലേക്കുള്ള  സൂചനകളാണ് നമുക്ക് നൽകുന്നത്. 2021 വരെ ഇല്ലാത്ത ക്രിമിനൽ കേസുകളുടെ വർദ്ധനവ്  സുജിത് ദാസ് എസ്.പിയായി ചുമതലയേറ്റ ശേഷം മാത്രം മലപ്പുറത്ത് എങ്ങനെയുണ്ടായി? 

ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മലപ്പുറത്തെ മാധ്യമങ്ങൾക്ക് മനസ്സിലാവാത്ത.. മലപ്പുറത്തെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാത്ത.. മലപ്പുറത്തെ ജനപ്രതിനിധികളുടെ കണ്ടിട്ടില്ലാത്ത.. മലപ്പുറത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭ്യമായിട്ടില്ലാത്ത.. എന്ത് വലിയ ലോ ആൻഡ് ഓർഡർ പ്രശനമാണ് മലപ്പുറത്ത് ഉണ്ടായത്? അങ്ങനെയൊന്നില്ല എന്നത് നമുക്കെല്ലാവർക്കും ബോധ്യമുള്ളതാണ്. മലപ്പുറം ജില്ല കഴിഞ്ഞ് പോയ കാലങ്ങളിൽ നേടിയെടുത്ത പൈതൃകങ്ങളെയും പ്രൗഢിയേയും മലീമസമാക്കുന്ന ആസൂത്രിതമായ ഒരു ശ്രമത്തിനു ഈ പൊലീസ് സൂപ്രണ്ട് നേതൃത്വം കൊടുക്കുമ്പോൾ ഒരുമിച്ച് ഒരു മുന്നേറ്റം മലപ്പുറത്ത് സാധ്യമാകേണ്ടതുണ്ട്. 

ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം  ഉത്തരവാദിത്തമല്ല, മലപ്പുറത്തെ ജനങ്ങൾ ഒരുമിച്ച് ഏറ്റെടുക്കേണ്ട ഒരു ദൗത്യമാണ്. സെൻട്രൽ ഗവൺമെന്റിന്റെ ഗുഡ് ലിസ്റ്റിൽപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനാവുകയും കേരളത്തിൽ പിണറായി ഗവൺമെന്റിന് പ്രിയപ്പെട്ടവനാവുകയും ചെയ്‌താൽ ആർക്കും മാറ്റാൻ കഴിയില്ലെന്ന മൗഢ്യത്തിൽ നിന്ന് ജനങ്ങളാണ് വലുതെന്ന് ബോധ്യപെടുത്തലുകളിലേക്ക് ഈ അനീതിക്കെതിരെയുള്ള ശബ്ദമുയരണം'.

വീണ്ടും പോസ്റ്റ് 

മലപ്പുറത്ത് അനാവശ്യമായി കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുവെന്ന് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞതിന് ശേഷവും പി.കെ.നവാസ് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് ഇങ്ങനെയായിരുന്നു: മലപ്പുറത്ത് അനാവശ്യമായി കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുവെന്ന് മന്ത്രി അബ്ദുറഹ്മാൻ. ഒരു വർഷം മുൻപ് കണക്കുകൾ വെച്ച് ഞങ്ങൾ പറഞ്ഞതും ഇത് തന്നെയായിരുന്നു മിസ്റ്റർ മിനിസ്റ്റർ, അന്ന് ആഭ്യന്തര മന്ത്രി പോലീസിന് പിന്തുണ പ്രഖ്യാപിച്ചു. കാലം വൈകിയെങ്കിലും ഭരണപക്ഷ മന്ത്രി തന്നെ തുറന്ന് പറയണമെങ്കിൽ എത്രമേൽ ഗൗരവവും അപകടകരവുമാകും ഈ പോലീസ് നയം. 

മലപ്പുറത്ത് കേസുകൾ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് ആരോപണം മന്ത്രി തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തിൽ ഈ കാര്യത്തിൽ സുതാര്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. ഒരു ജനതയുടെ മുതുകിൽ ബ്ലാക്ക് ലിസ്റ്റിന്റെ ചാപ്പ കുത്താനുള്ള ഈ ആസൂത്രിത ശ്രമത്തിന്റെ പിറകിൽ,  തോളിൽ എത്ര നക്ഷത്രമുള്ള അധികാരിയാണെങ്കിലും നടപടി സ്വീകരിക്കാൻ സർക്കാർ മുന്നോട്ട് വരണം'.

മലപ്പുറത്തെ കരിവാരി തേക്കാൻ നീക്കമോ?

അല്ലെങ്കിലും ചിലർക്ക്  വൈകിയേ കാര്യങ്ങൾ മനസിലാകു എന്നതിൻ്റെ സൂചനയാണ് ഇത്. ഇതൊക്കെ അബ്ദുറഹ്മാന് നേരത്തെ അറിയാവുന്ന കാര്യം തന്നെ ആണ്, അന്ന് അദ്ദേഹം ഇതു സംബന്ധിച്ച പ്രസ്താവന നടത്താൻ മുതിർന്നില്ല എന്നതാണ് സത്യമെന്നും ചിലർ വിമർശിച്ചു. ഇപ്പോൾ അനുയായികൾ തന്നെ കുടുങ്ങി നിൽക്കുമ്പോൾ പറയാതെ വയ്യ, അത് അല്ലെ സത്യവും, ട്യൂബ് ലൈറ്റുകാരോപ്പം കൂടിയാൽ പിന്നെ അങ്ങനെയാ എന്ന് മന്ത്രിയെ പരിഹസിക്കുന്നവരാണ് ഏറെയും. 

അധികാരത്തിന്റെ ഹുങ്ക് കൊണ്ട് മലപ്പുറത്തെ കരിവാരി തേക്കാൻ ഒരുങ്ങിയാൽ അത് നല്ലതിനാവില്ല എന്ന് അധികാരികൾ ഓർക്കുന്നത് നല്ലതാണെന്നും, ജയിലറകളും, വെടിയുണ്ടകളും കാണിച്ചു ഇ കെ നായനാർ പേടിപ്പിച്ചിട്ട് നെഞ്ചും വിരിച്ചു വെടിയുണ്ടകൾ വിരിമാറിൽ ഏറ്റുവാങ്ങി  ജീവൻ നൽകി അറബി ഭാഷ സംരക്ഷിച്ചവരാ മലപ്പുറത്തിൻ്റെ  മക്കൾ എന്ന് ഓർമ്മിക്കുന്നതും നല്ലതാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നു.

ഇതുപോലെയുള്ള കാടത്തരങ്ങൾ ഏത് സർക്കാർ ചെയ്താലും അതിനെ അതിജിവിക്കാൻ മലപ്പുറത്തിൻ്റെ മക്കൾക്ക് കെൽപ്പ് ഉണ്ടെന്ന യാഥാർത്ഥ്യവും വിസ്മരിക്കരുത്. സർക്കാർ സംവിധാനങ്ങളിൽ ഓരോ നിമിഷവും എന്ത് നടക്കുന്നു എന്ന് നിരീക്ഷിക്കുന്ന പരിപാടി മിക്ക ലീഗ് നേതാക്കൾക്കും ഇല്ല. അതാണ് പലരും മലപ്പുറത്ത് വെറുതെ അങ്ങ് കയറി നിരങ്ങുന്നത്. എന്നാൽ പി.കെ നവാസിനെപ്പോലുള്ളവർ അതിൽ നിന്ന് വ്യത്യസ്തമാകുന്നു.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia