Leadership | മുഖ്യമന്ത്രിയാകാനില്ലെന്ന് കെ സി വേണുഗോപാൽ സ്വയം പ്രഖ്യാപനം നടത്തുമോ? എന്നാൽ തീരാവുന്ന പ്രശ്നങ്ങളെ കേരളത്തിലെ കോൺഗ്രസിലുള്ളൂ


● സംസ്ഥാന തലത്തിൽ കോൺഗ്രസിന്റെ ശക്തി തിരിച്ചുപിടിക്കാൻ നേതാക്കളുടെ കൂട്ടായ്മ ആവശ്യമാണ്.
● കെ. സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ എല്ലാ കലഹങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷ.
സോണി കല്ലറയ്ക്കൽ
(KVARTHA) ആകെ ഇന്ന് കോൺഗ്രസിന് സുരക്ഷിത സംസ്ഥാനമെന്ന് പറയാൻ കേരളം മാത്രമേയുള്ളു എന്നതായിരിക്കുന്നു. മുൻപ് കോൺഗ്രസ് സുഗമമായി ഭരിച്ച രാജ്യ തലസ്ഥാനമായ ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. അവിടെയൊക്കെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ ഏറെ ഇന്ത്യ ഭരിച്ച പാർട്ടിയായ കോൺഗ്രസിന് മറ്റ് ഏതെങ്കിലും പ്രാദേശിക പാർട്ടികളുടെ കാലു പിടിക്കേണ്ട ഗതികേടിൽ ആയിരിക്കുന്നു.
അതുകൊണ്ട് തന്നെയാണ് കോൺഗ്രസിൻ്റെ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ സുരക്ഷിത സ്ഥലം നോക്കി കഴിഞ്ഞ കാലത്തു നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ വയനാട്ടിൽ വന്ന് മത്സരിച്ചത്. മറ്റ് ഏത് സംസ്ഥാനങ്ങളിൽ മത്സരിച്ചാലും ഇവരെ പരാജയ ഭീതി മണക്കുന്നു എന്നതാണ് സത്യം. അങ്ങനെയുള്ള ഈ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്നതെന്താണ്. സംസ്ഥാന പാർട്ടി നേതൃ തലത്തിൽ അനൈക്യമാണെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ബോധപൂർവ്വം ശ്രമിക്കുന്നു എന്ന് വേണം കരുതാൻ.
അങ്ങനെ അനൈക്യമുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് യു.ഡി.എഫ് ഭൂരിപക്ഷം വരുന്ന എം.പിമാരെ സൃഷ്ടിച്ചെടുത്തത്. അതേ പോക്ക് ഇനിയും തുടർന്നാൽ വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും അതിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ യുഡിഎഫ് തൂത്തുവാരുമെന്ന് സംശയം വേണ്ട. കഴിഞ്ഞ കാലത്ത് കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അനായാസമായി യു.ഡി.എഫിനും പ്രത്യേകിച്ച് അതിന് നേതൃത്വം നൽകുന്ന കോൺഗ്രസിനും സംസ്ഥാന ഭരണം പിടിക്കാനാവുമായിരുന്നു.
ഇവിടെ തുടർ ഭരണം എൽഡിഎഫിൻ്റെ കൈയ്യിൽ ഏൽപ്പിച്ചു കൊടുത്തത് ഇവിടുത്തെ സാധാരണ കോൺഗ്രസ് പ്രവർത്തകരായിരുന്നില്ല, നേതാക്കൾ തന്നെയായിരുന്നു എന്നോർക്കണം. ഇനി മൂന്നാമതൊരു തുടർഭരണവും എൽ.ഡി. എഫിന് ലഭിച്ചാൽ അതിൻ്റെ ഉത്തരവാദിത്തവും ഈ നേതാക്കൾക്ക് തന്നെയാകും. കോൺഗ്രസിനെ ആത്മാർത്ഥമായി ഹൃദയത്തിലേറ്റി സ്നേഹിക്കുന്ന പ്രവർത്തകർ പാർട്ടി വിട്ട് പോകാനും സാധ്യതയുണ്ട്. ഇപ്പോൾ കേരളത്തിനുള്ളിലെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നടക്കുന്നത് വരാൻ പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള വ്യഗ്രതയല്ല. മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള കടിപിടിയാണ്.
തനിക്ക് മുഖ്യമന്ത്രിയാകാൻ പറ്റിയില്ലെങ്കിൽ കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിൽ എത്തിയില്ലെങ്കിലും കുഴപ്പമില്ലെന്ന് ഇവിടുത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ വിചാരിക്കുന്നതുപോലെയുണ്ട്. ഇവിടെനിന്ന് ദേശീയ തലത്തിൽ നിന്ന് കോൺഗ്രസിനെ നിയന്ത്രിക്കുന്ന കെ.സി വേണുഗോപാലിനെപ്പോലുള്ള ചിലരാണെങ്കിൽ മുട്ടനാടുകളെ കൊണ്ട് തമ്മിലടിപ്പിച്ച് നടുക്കിരുന്ന ചോര കുടിക്കുന്ന കുറുക്കൻ വേഷത്തിലാണെന്നാണ് ആക്ഷേപം. കെ സി വേണുഗോപാൽ ഇവിടെ നടത്തുന്നത് വളരെ ബുദ്ധിപൂർവമായ നീക്കങ്ങളാണെന്ന് മനസ്സിലാക്കുന്നവർക്ക് അറിയാം.
സംസ്ഥാന നേതാക്കൾ പരസ്പരം പോരടിക്കുമ്പോൾ ആരെയും പിണക്കാതെ എല്ലാവരുടെയും ആളായി നിന്നുകൊണ്ടുള്ള വേണുഗോപാലിൻ്റെ കളി ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ മുരളീധരനും ശശി തരൂർ എംപി യുമെല്ലാം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി പദം കാംക്ഷിക്കുന്നവരാണ്. അതിനുവേണ്ടുന്ന കളികളെല്ലാം ഓരോരുത്തരുടെ ഭാഗത്തുനിന്നുമായി വേണ്ട രീതിയിൽ ഒരുക്കുന്നുമുണ്ട്.
ഇതെല്ലാം ഇങ്ങനെ നടക്കുമ്പോൾ പോലും തങ്ങളുടെ അദ്ധ്വാനമെല്ലാം മറ്റൊരാൾ കൊണ്ടുപോകുമോ എന്ന് ഇവർ ഭയപ്പെടുന്നു എന്നതാണ് വാസ്തവം. അത് മറ്റാരുമല്ല, കെ സി വേണുഗോപാൽ തന്നെ. ഇത് എല്ലാവരുടെയും മനസ്സിൽ ഉണ്ട്. രാഹുൽ ഗാന്ധിയുടെ പ്രിയ മിത്രമായ കെ സി വേണുഗോപാലിനെതിരെ വിരൽ ചൂണ്ടാൻ ഇവിടുത്തെ കോൺഗ്രസ് നേതൃത്വം ഭയക്കുന്നു എന്നതാണ് സത്യം. വേണുഗോപാലിനെതിരെ വിരൽ ചൂണ്ടുന്നത് ന്യായമാണെങ്കിൽ കൂടി പാർട്ടിക്ക് പുറത്താകുമെന്ന് രമേശ് ചെന്നിത്തലയെയോ മുരളീധരനെയോ ശശി തരൂരിനെപോലുള്ളവരെയോ ആരും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല.
കെ സി വേണുഗോപാലിനെതിരെ ദേശീയ തലത്തിൽ വിരൽ ചൂണ്ടിയപ്പോൾ ആണല്ലോ അങ്ങ് ഡൽഹിയിൽ അതുവരെ കോൺഗ്രസിൻ്റെ എല്ലാമെല്ലാമായിരുന്ന ഗുലാം നബി ആസാദിനെപ്പോലുള്ളവർക്ക് പോലും പാർട്ടി വിട്ട് പുറത്തുപോകേണ്ടി വന്നത്. വേണുഗോപാലിനെ അംഗീകരിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് എഐസിസി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ശശി തരൂരിനെതിരെ മല്ലികാർജുന ഖാർഗേയെ കൊണ്ടുവന്നത്. എ കെ ആൻ്റണിയുടെ മകൻ പരസ്യമായ വിരോധം തുറന്ന് പറഞ്ഞ് പാർട്ടി വിട്ട് ബി.ജെ.പി യിൽ എത്തുകയും ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടിയാലും കുഴപ്പമില്ല വേണുഗോപാലിനെതിരെ ആരെങ്കിലും വിരൽ ചൂണ്ടിയാൽ അവരെ വെടിവെച്ച് കൊല്ലുമെന്ന നിലപാടാണ് രാഹുൽ ഗാന്ധിയ്ക്ക് ഉള്ളത്.
അത്രമാത്രം രാഹുൽ ഗാന്ധിയ്ക്ക് മേൽ സ്വാധീനം ഉണ്ടാക്കാൻ കെ സി വേണുഗോപാലിന് കഴിഞ്ഞുവെന്ന് അർത്ഥം. എന്നാൽ അതിൻ്റെ മെച്ചം കോൺഗ്രസ് പാർട്ടിക്ക് ഉണ്ടോ? കോൺഗ്രസ് പാർട്ടി ഓരോ നിമിഷവും ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് ഇവിടെയുള്ള കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കുന്നുണ്ടെങ്കിലും അത് വിളിച്ച് പറയാൻ ആർക്കും ധൈര്യം പോര. പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ഒരിക്കലും മന്ത്രിപോലും ആകാത്ത വി ഡി സതീശനെ കെ സി വേണുഗോപാൽ പിന്തുണച്ചത് തൻ്റെ റബ്ബർ സ്റ്റാമ്പ് ആകുമെന്ന് കരുതി തന്നെയാണ്. പക്ഷേ, ഇപ്പോൾ വി ഡി സതീശൻ തലവേദനയാകുന്ന അവസ്ഥ. അപ്പോൾ അദ്ദേഹത്തിനെതിരെ കരുനീക്കം നടത്തുന്നു.
എല്ലാവരും മുഖ്യമന്ത്രിയാകാനുള്ള താല്പര്യം മൂലം മത്സരിച്ച് പണിയെടുക്കുമെന്ന് വേണുഗോപാലിന് അറിയാം. അങ്ങനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഒപ്പിച്ചാൽ ഇവിടെ മുഖ്യമന്ത്രി സ്ഥാനത്തിന് എല്ലാവരും തമ്മിൽ തല്ലും. അന്ന് ഹൈക്കമാൻ്റിൻ്റെ പ്രതിനിധിയായി ചുളുവിൽ വേണുവിന് മുഖ്യമന്ത്രിയായി കേരളത്തിൽ എത്തുകയും ചെയ്യാം. പുതിയ എംഎൽഎമാർ ഹൈക്കമാൻ്റിനെ പേടിച്ചാണെങ്കിലും വേണുഗോപാലിനെ പിന്തുണച്ചു കൊള്ളും. ഇത് കാലേക്കൂട്ടി അറിഞ്ഞു കൊണ്ടുള്ള കളിയാണ് നടത്തുന്നത്. ഇത് ഇവിടെയുള്ള നേതാക്കളും മനസ്സിലാക്കിയിരിക്കുന്നു. അത് തുറന്ന് പറയാൻ പലർക്കും പേടി.
വേണുഗോപാലിന് അറിയാം ഉടനെയൊന്നും കേന്ദ്രത്തിൽ കോൺഗ്രസിന് ഭരണം കിട്ടുകയില്ലെന്ന് . എത്രകാലം എംപി ആയിട്ട് അവിടെ ഇരിക്കാൻ പറ്റും. സതീശനോ മറ്റോ കേരളത്തിൽ മുഖ്യമന്ത്രി ആയാൽ അവരുടെ ഇടയിൽ ഒരു മന്ത്രിയായി ഇരിക്കാനും കെ.സി വേണുഗോപാലിന് പറ്റുന്നതല്ല. ഇമേജിനെ ബാധിക്കും. മാത്രമല്ല മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വേണു മന്ത്രി ആയി ഇവിടെ ഇരുന്നയാളുമാണ്. അതും വളരെ ചെറുപ്രായത്തിൽ. അന്ന് വി ഡി സതീശനൊക്കെ വെറും എം.എൽ.എ മാത്രം. ഇനി കെ.സി വേണുഗോപാലിനെ സംബന്ധിച്ച് ഒരു അവസരം എന്ന് പറയുന്നത് കേരളത്തിലെ മുഖ്യമന്ത്രി പദവിയാണ്.
രാഹുൽ ഗാന്ധിയെ ഒന്ന് വിരട്ടിയാൽ വേണുവിൻ്റെ തിരുവായ്ക്ക് എതിർവായില്ലെന്നും അറിയാം. ഇതൊക്കെയാണ് കേരളത്തിലെ കോൺഗ്രസിലെ നേതാക്കൾ ഭയപ്പെടുന്നത്. അത് തന്നെയാണ് ഇവിടുത്തെ ഇപ്പോഴത്തെ കോൺഗ്രസിലെ പ്രശ്നവും. കേരളത്തിൽ കോൺഗ്രസിലെ പ്രശ്നം അവസാനിക്കണമെങ്കിൽ കെ.സി വേണുഗോപാൽ പരസ്യമായി പ്രഖ്യാപിക്കണം താൻ കേരളത്തിൽ മുഖ്യമന്ത്രിയാകാനില്ലെന്ന്. താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് കെ.സി.വേണുഗോപാൽ സ്വയം പ്രഖ്യാപനം നടത്തിയാൽ തീരാനുള്ള പ്രശ്നങ്ങളെ കേരളത്തിലെ കോൺഗ്രസിലുള്ളു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
K.C. Venugopal remains a dominant figure in Kerala's Congress despite internal party struggles over leadership. His potential CM declaration could resolve tensions.
#KCVenugopal #KeralaCongress #Leadership #CMPost #CongressKerala