Wayanad | ഡിമാൻ്റ് ഏറുന്നു, വയനാട്ടിൽ കെ മുരളീധരൻ രാഹുൽ ഗാന്ധിയുടെ പിൻഗാമി?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കെ മുരളീധരനെപ്പോലുള്ള ഒരാൾ സംസ്ഥാന കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്നവരാണ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ
(KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തോറ്റ കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് കെ മുരളീധരന് ഇപ്പോൾ പാർട്ടിയിൽ ഡിമാൻ്റ് ഏറുകയാണ്. വടകരയിൽ നിന്ന് ജയിക്കാൻ പറ്റുമായിട്ടും ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് പൂട്ടിക്കാൻ തൃശൂരിലെത്തിയ കെ മുരളീധരനോട് നേതാക്കൾ നീതി കാട്ടിയില്ലെന്ന വികാരമാണ് പൊതുവേ സംസ്ഥാന കോൺഗ്രസ് പാർട്ടിയിൽ ഉയരുന്നത്. കേരളത്തിലെ 18 ലോക് സഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചപ്പോഴും യു.ഡി.എഫിന് പൊതുവേ മുൻതൂക്കമുള്ള തൃശൂരിൽ കെ. മുരളീധരൻ തോറ്റതും മൂന്നാം സ്ഥാനത്ത് എത്തേണ്ടി വന്നതും ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ബി.ജെ.പി ഒരിക്കലും കേരളത്തിൽ അക്കൗണ്ട് തുറക്കരുതെന്ന് വാശിപിടിക്കുന്ന നേതാവായിട്ടാണ് കെ മുരളീധരനെ പൊതുവേ വിലയിരുത്തുന്നത്. അതിന് വേണ്ടി തൃശൂരിൽ എത്തിയിട്ടും ഫലം മറിച്ച് ഉണ്ടായതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച മണ്ഡലത്തിൽ ഇക്കുറി ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി മുക്കാൽ ലക്ഷം വോട്ടിന് വിജയിക്കുകയായിരുന്നു. ഇവിടെ ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ യു.ഡി.ഫിന് ഒരു ലക്ഷം വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത്. ഇത് കോൺഗ്രസ് - ബി.ജെ.പി നേതാക്കളൂടെ ഒത്തുകളിയാണെന്നാണ് പൊതുവേ ആരോപണം ഉയരുന്നത്. മുരളീധരൻ പരസ്യമായി തന്നെ ഇതിൽ തൻ്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് വലിയ പ്രതീക്ഷ ആ പാർട്ടി വെച്ചു പുലർത്തുന്ന തൃശൂരിൽ തൻ്റെ പ്രചാരണത്തിന് കോൺഗ്രസിൽ നിന്ന് ഒരു ദേശീയ നേതാവ് പോലും എത്തിയില്ലെന്ന കാര്യം മുരളീധരൻ വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി. ഇനി താൻ മത്സരരംഗത്തില്ലെന്നും പൊതുപ്രവർത്തനം വിടുകയാണെന്നും കെ മുരളീധരൻ പറഞ്ഞു വെയ്ക്കുകയുണ്ടായി. ഇത് ശരിക്കും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം സംസ്ഥാന കോൺഗ്രസിൽ നിന്ന് ആളുകളുടെ ഒരു കൂട്ടത്തെ സൃഷ്ടിക്കാൻ കഴിയുന്ന ഒരു നേതാവ് ആയിട്ടാണ് കെ മുരളീധരൻ അറിയപ്പെടുന്നത്, പ്രത്യേകിച്ച് ലീഡർ കെ കരുണാകരൻ്റെ മകനും.
മുൻ കെ.പി.സി.സി പ്രസിഡൻ്റ് കൂടി ആയിരുന്ന കെ മുരളീധരനെപ്പോലുള്ള ഒരാൾ സംസ്ഥാന കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്നവരാണ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ. അതിനാൽ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ നടക്കുന്നത്. രണ്ട് സീറ്റിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ച രാഹുൽ വയനാട് സീറ്റ് ഒഴിഞ്ഞാൽ അവിടെ കെ മുരളീധരനെ മത്സരിപ്പിക്കണം എന്ന് ചിന്തിക്കുന്നവർ ഏറെയാണ്. ആ രീതിയിലേയ്ക്ക് ചർച്ചകൾ നീങ്ങുന്നുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധി റായ് ബറേലി നിലനിർത്തി വയനാട് ഒഴിയുന്ന പക്ഷം ധാരാളം അധികാരമോഹികൾ ഈ സീറ്റിനായി ലക്ഷ്യം വെച്ച് ഇരിക്കുന്നുവെന്നാണ് വിവരം. അവരെ ഒതുക്കാനും പൊതു സ്ഥാനാർത്ഥി എന്ന നിലയിൽ മുരളീധരനെ വയനാട്ടിൽ കൊണ്ടുവരാനും പറ്റും എന്നാണ് കോൺഗ്രസിലെ സിനിയർ നേതാക്കൾ ഇപ്പോൾ ചിന്തിക്കുന്നത്.
വയനാട് ലോക്സഭാ മണ്ഡലം രൂപീകൃതമായ അന്ന് മുതൽ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ജയിച്ചിട്ടുള്ളു. കെ മുരളീധരൻ മുൻപ് കോഴിക്കോട് ലോക് സഭാ മണ്ഡലത്തിലെ എം.പി ആയിരുന്നപ്പോൾ അതിൽ ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ വയനാട് ലോക് സഭാ മണ്ഡലവും. അതിനാൽ തന്നെ വയനാടിൻ്റെ മുക്കും മൂലയും മുരളീധരന് സുപരിചിതവുമാണ്. കോൺഗ്രസ് വിട്ട് ഒരിക്കൽ മുരളീധരൻ എൻ.സി.പി യുടെ ഭാഗമായി നിന്നപ്പോൾ ഇവിടെ സ്വന്തം രീതിയിൽ മത്സരിച്ച് ഒരു ലക്ഷത്തിന് മുകളിൽ വോട്ട് സമാഹരിച്ചിരുന്നു. തുടങ്ങിയ ഘടകങ്ങൾ ഒക്കെ കൊണ്ടു തന്നെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി ലീഡറുടെ മകൻ വരുന്നതാണ് ഉത്തമം എന്നാണ് യു.ഡി.എഫിലെ മുസ്ലിം ലീഗ് ഉൾപ്പെട്ട ഘടകകക്ഷികളും കരുതുന്നത്. എന്തായാലും കെ മുരളീധരൻ തൃശൂരിൽ തോറ്റെങ്കിലും പാർട്ടിയിൽ ഡിമാൻ്റ് ഏറുകയാണ്. ശരിക്കും പറഞ്ഞാൽ കെ മുരളീധരൻ്റെ രാശി ഇനിയാണ് തെളിയാൻ പോകുന്നതെന്ന് വ്യക്തം.
