Modi's Oath | മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇൻഡ്യ മുന്നണി നേതാക്കൾ പങ്കെടുക്കുമോ?


ന്യൂഡെൽഹി: (KVARTHA) നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇൻഡ്യ സഖ്യത്തിൻ്റെ നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഞായറാഴ്ച നടക്കുന്ന ചടങ്ങിലേക്ക് അന്താരാഷ്ട്ര നേതാക്കളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും ഇതുവരെ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്നും ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇൻഡ്യ സഖ്യത്തിന്റെ നേതാക്കൾക്ക് ക്ഷണം ലഭിച്ചാൽ അക്കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരമാണ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, സെയ്‌ഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്ത്, മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു എന്നീ വിദേശ നേതാക്കളാണ് പങ്കെടുക്കുക.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന വിദേശ നേതാക്കൾക്കായി രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് ഒരുക്കുമെന്ന് കേന്ദ്ര സർക്കാരിൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതുകൂടാതെ ചടങ്ങിനായി 8000-ത്തിലധികം അതിഥികൾക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 293 സീറ്റുകൾ നേടിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരത്തിലേറിയത്. പ്രതിപക്ഷമായ ഇൻഡ്യ സഖ്യത്തിൻ്റെ 234 എംപിമാർ വിജയിച്ച് ലോക്സഭയിലെത്തി.