Political Transition | മുഖമുദ്ര മൃദു ഹിന്ദുത്വം, നാഗ്പൂരിൻ്റെ സ്വന്തം ദേവന്ദ്ര ഫഡ്നാവിസ് താടിയില്ലാത്ത മോദിയായി മാറുമോ?

 
Devendra Fadnavis during political leadership
Devendra Fadnavis during political leadership

Photo Credit: Facebook/ Devendra Fadnavis

● ബിജെപിയെക്കാൾ ആർഎസ്എസുകാരനായ രാഷ്ട്രീയക്കാരനെന്നാണ് ഫഡ്‌നാവിസിനെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 
● യോഗിക്കും അമിത് ഷാക്കും ഏറെ മുൻപിലാണ് ദേവേന്ദ്രയുടെ സ്ഥാനം.

ഭാമനാവത്ത് 

(KVARTHA) ഒറ്റവാക്കിൽ പറഞ്ഞാൽ സാക്ഷാൽ നരേന്ദ്ര മോദിയുടെ ജനകീയതയും കറപുരളാത്ത രാഷ്ട്രീയ ജീവിതവും രണ്ടാമനായ അമിത് ഷായുടെ ചാണക്യബുദ്ധിയും സമഞ്ജസമായി സമ്മേളിച്ച നേതാവാണ് 
മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ' ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും പ്രബലമായ സംസ്ഥാനത്ത് നിന്നും
ദേവന്ദ്ര അധികാരത്തിൽ എത്തുമ്പോൾ ഭാവി പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാവുകയാണ്. 

അടിമുടി ആർ.എസ്.എസുകാരനാണ് ദേവേന്ദ്ര ഫഡ്നാവിസ് ' ആർ എസ്.എസിൻ്റെ കേന്ദ്ര കാര്യാലയമായ നാഗ്പൂരിൽ നിന്നും കളിച്ചു വളർന്നയാൾ 'ബി.ജെ.പിയെന്ന പാർട്ടിയുടെ മാനിഫെസ്റ്റോവല്ല ഫഡ്നാവിസിൻ്റെ വഴി ആർ.എസ്.എസ് ധ്വജമാണ് ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ ഇടത്തരക്കാർക്ക് ഇഷ്ടമാവുന്ന വിധത്തിൽ മിതഹൃന്ദുത്വവും സൗമ്യ സ്വഭാവവും കൊണ്ടു അടൽ ബിഹാരി വാജ്പേയിയെ ഓർമ്മിക്കുകയും ചെയ്യുന്നു. ജർമ്മനിയിൽ നിന്നും ബിസിനസ് മാനേജ്മെൻ്റിൽ ഡിപ്ളോമയും നിയമവുമൊക്കെ പഠിച്ച ഫഡ്നാവിസിന് രാഷ്ട്രീയം ഭാഗ്യപരീക്ഷണത്തിനുള്ള വേദി മാത്രമല്ല. 

ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് പിന്നാലെ കേവലം ഏട്ട് മാസത്തിനുള്ളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തിഫഡ്‌നാവിസ് മുഖ്യമന്ത്രി കസേരയിലെത്തിയത് വ്യക്തമായ ഗെയിം പ്ളാനോടു കൂടിയാണ്. ബിജെപിയെക്കാൾ ആർഎസ്എസുകാരനായ രാഷ്ട്രീയക്കാരനെന്നാണ് ഫഡ്‌നാവിസിനെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 

ആർഎസ്എസുകാരനായി തുടങ്ങി പിന്നീട് രാഷ്ട്രീയത്തിലേക്ക് എത്തിയ ദേവന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരിൽ ഒരാൾ കൂടിയാണ്. നരേന്ദ്രമോദിക്ക് ശേഷം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി വിശേഷിപ്പിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോൾ അരഡസൻ നേതാക്കളിൽ ഏറ്റവും മുൻപന്തിയിൽ എത്തിയിരിക്കുന്നു. യോഗിക്കും അമിത് ഷാക്കും ഏറെ മുൻപിലാണ് ദേവേന്ദ്രയുടെ സ്ഥാനം.

നരേന്ദ്ര മോദി ഗുജറാത്തിൽ മൂന്നുവട്ടം മുഖ്യമന്ത്രിയായതു പോലെ ഫഡ്നാവിസും മൂന്നാം തവണയാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി മാറുന്നത്. താടിയില്ലാത്ത മോദിയെന്നന്ന് അദ്ദേഹത്തെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. 

മോദിയുടെ മൂന്നാം ടേം കഴിഞ്ഞാൽ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാൻ ആർ.എസ്.എസിന് താൽപര്യം ദേവേന്ദ്രയെയാണെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അത്രമാത്രം ഇഴുകി ചേർന്നതാണ് നാഗ്പൂരിലെ കാര്യാലയവും ദേവേന്ദ്ര ഫഡ്നാവിസും തമ്മിയിലുള്ള പൊക്കിൾക്കുടിബന്ധം.
ആർഎസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും നേതാവായി മാറിയ ഗംഗാധർ ഫഡ്‌നാവിസിന്റെ മകനായിട്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ജനിക്കുന്നത്. 

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ഇന്ദിര കോൺവെന്റിലായിരുന്നു ഫഡ്‌നാവിസ് വിദ്യാഭ്യാസം ആരംഭിച്ചത്. എന്നാൽ അടിയന്തിരാവസ്ഥയുടെ കാലത്ത് അച്ഛൻ ഗംഗാധർ അറസ്റ്റിലായതോടെ ഇന്ദിരയുടെ പേരിലുള്ള വിദ്യാലയത്തിൽ പഠിക്കില്ലെന്ന് ദേവേന്ദ്ര വാശിപിടിച്ചു. തുടർന്ന് സരസ്വതി വിദ്യാലയത്തിലേക്ക് ദേവേന്ദ്രയുടെ പഠനം മാറ്റി.

പിന്നീട് നാഗ്പൂർ യൂണിവേഴ്സിറ്റിയിലെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ ഫഡ്‌നാവിസ് ജർമ്മനിയിലെ ബെർലിനിലുള്ള ഡിഎസ്ഇ-ജർമ്മൻ ഫൗണ്ടേഷൻ ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിൽ നിന്ന് പ്രൊജക്റ്റ് മാനേജ്മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കി. 1989 ൽ എബിവിപിയിലൂടെയാണ് ഫഡ്‌നാവിസ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

തന്റെ 22-ാം വയസിൽ നാഗ്പൂരിൽ കോർപ്പറേഷൻ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്‌നാവിസ് 1997-ൽ ഇരുപത്തിയേഴാം വയസിൽ നാഗ്പൂരിലെ മേയറായി മാറി. നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയായിരുന്നു ഫഡ്‌നാവിസ്. 1999 ലാണ് ഫഡ്‌നാവിസ് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്.

2014-ൽ മഹാരാഷ്ട്രയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് മാറി, 'രാജ്യത്തിനുള്ള നാഗ്പൂരിന്റെ സമ്മാനമാണ് ദേവേന്ദ്ര' എന്നായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. അഴിമതി രഹിത രാഷ്ട്രീയക്കാരൻ എന്ന ഇമേജാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഏറ്റവും വലിയ അനുകൂല ഘടകം.
ആധുനിക 'ചാണക്യൻ' എന്നാണ് മാധ്യമങ്ങളും അനുയായികളും ദേവേന്ദ്ര ഫഡ്നാവിസിനെ വിശേഷിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ ശക്തമായിരുന്ന സഖ്യകക്ഷി കൂടിയായിരുന്ന ശിവസേനയെ പിളർത്തി മഹാരാഷ്ട്രയുടെ അധികാര കസേരയിലേക്ക് എത്താൻ ഫഡ്‌നാവിസിന് കഴിഞ്ഞു. 

ഇടയ്ക്ക് മുഖ്യമന്ത്രി കസേരയിൽ നിന്ന് മുന്നണി മര്യാദയുടെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടി വന്നപ്പോഴും ഫഡ്‌നാവിസ് ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
2014 ൽ മോദി തരംഗത്തിനൊപ്പം അന്ന് ബിജെപി അധ്യക്ഷനായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ജനപ്രിയതയും മഹാരാഷ്ട്രയിൽ വോട്ടുകളായി മാറി. സഖ്യകക്ഷിയായ ശിവസേനയ്‌ക്കൊപ്പം അന്ന് ബിജെപി അധികാരത്തിൽ ഏറി. ഫഡ്‌നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി മാറി. 2019 ൽ തിരിഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ സഖ്യത്തിൽ നിന്ന് പിന്മാറി.

ഇതോടെ നിലപരുങ്ങലിലായ ഫഡ്‌നാവിസ് എൻസിപി നേതാവ് അജിത്ത് പവാറിന്റെ പിന്തുണയോടെ 2019 ൽ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും മൂന്ന് ദിവസത്തിനുള്ളിൽ രാജി വെക്കേണ്ടി വന്നു. പിന്നീട് ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ പിന്തുണയോടെ ശിവസേന അധികാരത്തിൽ എത്തുകയും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുകയും ചെയ്തു.
എന്നാൽ 2022 ൽ ശിവസേന നേതാവ് എകനാഥ് ഷിൻഡെ പാർട്ടി പിളർത്തുകയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തുമെന്ന് കരുതിയെങ്കിലും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയും ഷിൻഡെ മുഖ്യമന്ത്രിയാവുകയും ചെയ്തു.

2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഫഡ്‌നാവിസ് - ഷിൻഡെ സഖ്യത്തിന് ലഭിച്ചത്. 48 സീറ്റുകളിൽ സഖ്യം മത്സരിച്ചെങ്കിലും 17 സീറ്റുകളിൽ മാത്രമാണ് മഹായുതി സഖ്യം വിജയിച്ചത്. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 285 സീറ്റിൽ 234 സീറ്റും നേടി മഹായുതി സഖ്യം അധികാരത്തിലെത്തി.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ ആർഎസ്എസിന്റെ പിന്തുണയോടെയാണ് ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാവുന്നത്. 

സഖ്യകക്ഷി നേതാക്കളായ ഏക്‌നാഥ് ഷിൻഡെയ്ക്കും അജിത് പവറിനും ഉപമുഖ്യമന്ത്രി സ്ഥാനവും നൽകാൻ സഖ്യം തീരുമാനിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും 2019 ആവർത്തിക്കാതിരിക്കാൻ ഫഡ്‌നാവിസ് തന്റെ ഓരോ ചുവടുകളും ശ്രദ്ധയോടെയാണ് വെക്കുന്നത്. സഖ്യകക്ഷി സർക്കാരിനെ മുൻപോട്ടു കൊണ്ടുപോകാനുള്ള നയതന്ത്രജ്ഞത അദ്ദേഹം കാണിക്കുമെന്നാണ് പ്രതീക്ഷ.

#DevendraFadnavis #MaharashtraCM #PoliticalLeadership #RSS #BJP #Hindutva

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia