Strategy | അൻവറിൻ്റെ രാഷ്ട്രീയ മറിമായങ്ങൾ ഫലം കാണുമോ? യുഡിഎഫ് പാളയത്തിൽ കയറിപ്പറ്റാൻ തത്രപ്പാട്

 
Will Anwar's Political Maneuvers Succeed?
Will Anwar's Political Maneuvers Succeed?

Photo Credit: Facebook/ PV ANVAR

● പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ
● ചേലക്കരയിൽ എന്‍.കെ.സുധീര്‍ തന്നെ മത്സരിക്കും 
● ഡിഎംകെ യുഡിഎഫ് ക്യാംപിനെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമായി

ഭാമനാവത്ത് 

(KVARTHA) അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയമറിമായങ്ങളാണ് ആസന്നമായ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ദൃശ്യമാവുന്നത്. പാലക്കാട് മണ്ഡലത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്ന് പ്രഖ്യാപനവുമായി പി.വി അന്‍വര്‍ രംഗത്തുവന്നതോടെ അദ്ദേഹത്തിൻ്റെ പാർട്ടിയായ ഡി.എം.കെ യു ഡി.എഫ് ക്യാംപിനെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമായി. പ്രായോഗിക രാഷ്ട്രീയം സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഇടതു സ്വതന്ത എം.എൽ.എ യായിരുന്ന പി.വി അൻവർ യു.ഡി.എഫ് ക്യാംപുമായി അടുക്കുന്നത്.

Will Anwar's Political Maneuvers Succeed?

പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയായ മത്സരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുണ്ടാവുമെന്ന് പി.വി.അന്‍വര്‍ സംശയലേശമന്യേ പ്രഖ്യാപിച്ചിരുക്കയാണ്. കഴിഞ്ഞദിവസം ഡി.എം.കെ. സ്ഥാനാര്‍ത്ഥിയുടെ കണ്‍വെന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം നടന്നത്. ചേലക്കരയില്‍ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മുൻ കോൺഗ്രസ് നേതാവ് എന്‍.കെ.സുധീര്‍ തന്നെ മത്സരിക്കുമെന്നും അന്‍വർ പ്രാഖ്യാപിച്ചതോടെ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

സ്വന്തം സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ വെച്ചായിരുന്നു പി.വി.അൻവറിന്‍റെ രാഷ്ട്രീയ മലക്കം മറിച്ചില്‍. ഫാസിസത്തെ തോല്‍പ്പിക്കല്‍ അൻവറിന്‍റെ മാത്രം ബാധ്യതയല്ല വേണമെങ്കില്‍ കോൺഗ്രസ് ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കട്ടേയെന്ന് പറഞ്ഞ പി.വി.അൻവര്‍ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ വെച്ച് സ്വന്തം സ്ഥാനാര്‍ത്ഥിയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു. പാലക്കാട്ട് കോൺഗ്രസിനകത്ത് വിമതശല്യം രൂക്ഷമായതിന് പിന്നാലെ കോൺഗ്രസ് നേതാക്കള്‍ അൻവറുമായി ചര്‍ച്ച നടത്തിയ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിന്‍റെ രാഷ്ട്രീയ മലക്കം മറിച്ചിലുണ്ടായിരിക്കുന്നത്.

പാലക്കാട് കോട്ടമൈതാനിയില്‍ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയുമായിട്ടായിരുന്നു ഡി.എം.കെയുടെ റോഡ് ഷോ. എന്നാല്‍, പ്രകടനത്തില്‍ പങ്കെടുത്ത പലര്‍ക്കും അൻവറിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പോലും അറിയില്ലായിരുന്നു. കാറ്ററിങ് ജോലിക്ക് വിളിക്കുന്ന കരാറുകാര്‍ വിളിച്ച് വന്നവരും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോവുന്നവരുമായിരുന്നു റോഡ് ഷോയില്‍ പങ്കെടുത്തവരില്‍ നല്ലൊരു വിഭാഗവുമെന്ന് സോഷ്യൽ മീഡിയയിൽ ആരോപണമുയർന്നിട്ടുണ്ട്.

അൻവറുമായി കോൺഗ്രസ് ഡീലുറപ്പിക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെയുള്ള സ്ഥാനാര്‍ത്ഥി പിൻമാറ്റം നിരവധി രാഷ്ട്രീയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. വരാൻ പോകുന്ന നിയമസഭാ തെരത്തെടുപ്പിൽ നിലമ്പൂരിൽ നിന്നും അൻവർ യു.ഡി.എഫ് പിൻതുണയോടെ മത്സരിക്കുമെന്നാണ് വിവരം. കോൺഗ്രസിലോ മുസ്ലീം ലീഗിലോ ചേരാനുള്ള ഒരു പാലമായിട്ടാണ് അൻവർ ഡി.എം.കെ യെന്ന സ്വന്തം ആൾക്കൂട്ട പാർട്ടിയെ കാണുന്നത്. ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ അൻവറിൻ്റെ ആൾക്കൂട്ട പാർട്ടിയുടെ കരുത്തറിയാം. അതു കാണാനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

#Anwar #UDF #KeralaElections #DMK #PoliticalStrategy #Palakkad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia