Criticism | കളമശ്ശേരി ബോംബ് സ്ഫോടനക്കേസിൽ എന്തുകൊണ്ട് യുഎപിഎ ഒഴിവാക്കി? ചർച്ചയായി കെ കെ ശാഹിനയുടെ പോസ്റ്റ്; കേന്ദ്ര സർകാർ കേസ് ഏറ്റെടുക്കാത്തത് അത്ഭുതപ്പെടുന്നുവെന്ന് മുൻ എൻഐഎ അഭിഭാഷകൻ
● കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
● യുഎപിഎ നിയമം ചുമത്താതിരുന്ന തീരുമാനം വിവാദമായി.
● 'യുഎപിഎ ഒഴിവാക്കിയത് ഒട്ടും ചർച്ചചെയ്യപ്പെട്ടില്ല എന്നത് അതിശയകരം'.
കൊച്ചി: (KVARTHA) കളമശ്ശേരി ബോംബ് സ്ഫോടനക്കേസിൽ യുഎപിഎ ഒഴിവാക്കൽ സംബന്ധിച്ച് മാധ്യമ പ്രവർത്തക കെ കെ ശാഹിന ഫേസ്‌ബുകിൽ പങ്കുവെച്ച പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി. എട്ട് പേർ കൊല്ലപ്പെട്ട ഈ ഞെട്ടിക്കുന്ന സംഭവത്തിൽ പ്രതിക്കെതിരെ യുഎപിഎ ചുമത്തേണ്ടതില്ലെന്ന സർകാരിന്റെ തീരുമാനം പ്രതിസ്ഥാനത്ത് നിൽക്കുന്നയാൾ മുസ്ലിമോ ദളിതനോ ആദിവാസിയോ അല്ലാത്തത് കൊണ്ടാണോയെന്ന് അവർ ചോദിക്കുന്നു.
ഏറെ കാലം എൻഐഎയുടെ അഭിഭാഷകനായിരുന്ന അബ്ദുൽ ഖാദർ എന്നയാളുടെ കുറിപ്പ് കൂടി ശാഹിന പങ്കുവെച്ചിട്ടുണ്ട്. യുഎപിഎ നിയമത്തെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും കളമശ്ശേരി കേസിൽ ഈ നിയമം ഒഴിവാക്കിയതിലൂടെ നിയമ നടപടികൾ ദുർബലമാകുന്നതിനെക്കുറിച്ചും ഇതിലൂടെ ചൂണ്ടിക്കാട്ടുന്നു.
യുഎപിഎയെ എങ്ങനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാമെന്നും ഒരു പുസ്തകം വായിച്ചാലോ പോസ്റ്റർ ഒട്ടിച്ചാലോ പോലും ഈ നിയമം ചാർത്താമെന്നും നിയമവിദഗ്ധനായ അബ്ദുൽ ഖാദർ വിശദീകരിക്കുന്നു. പീർസാദാ ഷാ ഫഹദ് കേസിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, ഒരു ഓൺലൈനിൽ ലേഖനം എഴുതിയതിനെ ഭാരതത്തിന്റെ അഖണ്ഡതക്കെതിരായ പ്രവർത്തിയായി വ്യാഖ്യാനിച്ചതും പിന്നീട് ഹൈകോടതി ഇത് തള്ളിയതും ചൂണ്ടിക്കാട്ടുന്നു.
ഒരു പള്ളിയിൽ ബോംബ് സ്ഫോടനം നടത്തി എട്ട് പേരെ കൊന്നൊരു കേസിൽ ഈ നിയമം ബാധകമാകാത്തത് എങ്ങനെ സാധ്യമാണെന്നാണ് പോസ്റ്റിൽ ചോദിക്കുന്നത്. യുഎപിഎയെക്കുറിച്ചുള്ള നയപരമായ വിയോജിപ്പാണ് ഇതിന് കാരണമെന്ന് കരുതാനാവില്ലെന്നും പോസ്റ്റിൽ അഭിപ്രായപ്പെടുന്നു. സംസ്ഥാന സർകാർ യുഎപിഎ ഒഴിവാക്കിയത് ഒട്ടും ചർച്ചചെയ്യപ്പെട്ടില്ല എന്നത് അതിശയകരമാണെന്നും കേന്ദ്ര സർകാരും കളമശ്ശേരി കേസ് ഏറ്റെടുക്കാൻ നടപടി എടുക്കാത്തത് കൂടുതൽ അത്ഭുതത്തിനിടയാക്കുന്നുവെന്നും അബ്ദുൽ ഖാദർ പറയുന്നു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
'Some animals are more equal..
എട്ട് പേർ കൊല്ലപ്പെട്ട കളമശ്ശേരി ബോംബ് സ്ഫോടനക്കേസിൽ യു എ പി എ ചാർജ് ചെയ്യേണ്ടതില്ല എന്ന് പിണറായി വിജയൻ സർക്കാർ തീരുമാനിച്ചത് എന്ത് കൊണ്ടായിരിക്കും? ബിജെപി സർക്കാരുകളെ പോലെ തന്നെ, പ്രതിസ്ഥാനത്ത് നിൽക്കുന്നയാൾ മുസ്ലിമോ ദളിതനോ ആദിവാസിയോ അല്ലാത്തത് കൊണ്ടായിരിക്കും? പുസ്തകം വായിക്കുക, ലഘുലേഖകൾ കൈ വശം വെക്കുക, പോസ്റ്റർ ഒട്ടിക്കുക തുടങ്ങിയ ഗുരുതര കുറ്റ കൃത്യങ്ങൾ ചെയ്യാത്തത് കൊണ്ടായിരിക്കും അല്ലേ..
ഏറെ കാലം എൻ ഐ എയുടെ അഭിഭാഷകനായിരുന്ന Abdul Khader എഴുതിയത് കൂടി ഇവിടെ ചേർക്കുന്നു
തീവ്രവാദ നിയമം തമാശയാക്കുന്ന നാട്
ഏതു വിധേനയും വളച്ചൊടിച്ചു വ്യാഖ്യാനിക്കാവുന്ന ഒരു നിയമമാണ് അൺലാഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ UAPA ആക്ട് എന്നത് ശരി തന്നെ. എന്നുവച്ച്, ഏതു രീതിയിൽ വ്യാഖ്യാനിച്ചാലും ആ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാവുന്ന അഥവാ ഉറപ്പായും വരുന്ന ഒരു പ്രവർത്തിയെപ്പറ്റി ആ നിയമത്തിന്റെ പരിധിയിൽ വരില്ല എന്ന നിലപാട് ഔദ്യോഗിക പക്ഷത്തു നിന്നും വരുന്നത് തികച്ചും അസംഭവ്യമാണ് പൊതുവിൽ.
ഒരു കൊടി പിടിച്ചാൽ അല്ലെങ്കിൽ മുദ്രാവാക്യം വിളിച്ചാൽ അല്ലെങ്കിൽ ഒരു പുസ്തകം വായിച്ചാൽ ഒക്കെ അത് ചാർത്തിക്കൊടുക്കാം. റോഡിൽ തുപ്പിയാൽ പൊതുമുതൽ നശിപ്പിച്ചു എന്നാകാം ചിലപ്പോൾ വ്യാഖ്യാനം.
പീർസാദാ ഷാ ഫഹദ് v. യൂണിയൻ ടെറിട്ടറി ഓഫ് ജെ. ആൻഡ് കെ. (2023) എന്ന കേസിലെ പ്രതി, ആ കേസ് കണ്ടുപിടിച്ച 2022 ന് പത്തു വര്ഷം മുമ്പ് ഒരു ഓൺലൈൻ പോർട്ടലിൽ ഒരു ആർട്ടിക്കിൾ എഴുതിയത് ഭാരതത്തിന്റെ അഖണ്ഡതക്കെതിരായതു കൊണ്ട് കേസ്സെടുത്തു. തെറ്റില്ല, പക്ഷെ അതിനു NIA കൊടുത്ത മറ്റൊരു വ്യാഖ്യാനം ഭാരതത്തിന്റെ സൽപ്പേര് എന്നത് അതിന്റെ അദ്ദൃശ്യമായ വസ്തുവാണെന്നും (incorporeal property), വസ്തുവകകൾ നശിപ്പിക്കുന്നത് ചില പ്രത്യേക സാഹചര്യത്തിൽ തീവ്രവാദമാണെന്നതിനാൽ (UAPA സെക്ഷൻ 15) അത് തീവ്രവാദമാണെന്നുമായിരുന്നു. അങ്ങനെ കുറേകാലം ജയിലിലിൽ കിടക്കേണ്ടി വന്ന അയാളെ, ജമ്മു കാശ്മീർ ഹൈക്കോടതി, ഈ പ്രവൃത്തി തീവ്രവാദത്തിന്റെ നിർവചനത്തിൽ വരില്ല എന്ന് കണ്ട് ജാമ്യം കൊടുത്തു. (പിന്നീട് സുപ്രീം കോടതിയിൽ NIA അപ്പീൽ കൊടുത്തതിൽ, ജാമ്യം കൊടുത്തതിനെ തടഞ്ഞില്ലെങ്കിലും, ഹൈക്കോടതിയുടെ ചില വ്യാഖ്യാനങ്ങളെ സ്റ്റേ ചെയ്യുകയുണ്ടായി).
മേൽവിധത്തിൽ ഒരു ഭാഗത്തു നിയമത്തെ ദുർവ്യാഖ്യാനം നടത്തുമ്പോൾ മറുഭാഗത്തു നിയമം എന്താണെന്നു പരിശോധിക്കുകപോലും ചെയ്യാതെയുള്ള നടപടി എന്നതാണ് രസകരമായ കാര്യം.
ഒരു വര്ഷം മുമ്പ് കളമശ്ശേരിയിലെ ഒരു പള്ളിയിൽ ബോംബ് സ്ഫോടനം നടത്തി 8 പേരുടെ മരണത്തിനും 45 പേർക്ക് പരിക്കേൽപ്പിക്കുന്നതിനും ഇടയാക്കിയ ഒരു സംഭവത്തിനുത്തരവാദിയായ ഒരാൾക്കെതിരെയുള്ളയുള്ള കേസിൽ UAPA അനുസരിച്ചുള്ള കുറ്റകൃത്യത്തിനുള്ള ചാർജ് നിലനിൽക്കില്ല തന്മൂലം സാധാരണ നിയമപ്രകാരമുള്ള ചാർജ് മാത്രമേ ഉള്ളൂ എന്നും കണ്ട് സംസ്ഥാന ഗവണ്മെന്റ് UAPA അനുസരിച്ചുള്ള കുറ്റത്തിന് വിചാരണ അനുമതി നിഷേധിച്ച കാര്യം എന്തുകൊണ്ട് ഒട്ടും ചർച്ചചെയ്യപ്പെട്ടില്ല എന്നത് അതിശയകരമാണ്.
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ആക്ട് അനുസരിച്ച് ഒരു കേസ് NIA യെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനു കേന്ദ്രഗവണ്മെന്റിന്, സംസ്ഥാന ഗോവെർന്മെന്റിന്റെ അനുമതി ആവശ്യമില്ലെന്നിരിക്കെ, ചില പുസ്തകങ്ങൾ വായിച്ചതിനോ അത് സൂക്ഷിച്ചു വച്ചതിനോ ഒക്കെ, UAPA അനുസരിച്ച കേസ് രജിസ്റ്റർ ചെയ്യുകയും വിചാരണാനുമതി നൽകി വിചാരണ നടത്തുകയും ചെയ്യുന്ന കേന്ദ്ര ഗവണ്മെന്റും കളമശ്ശേരി കേസ് ഏറ്റെടുക്കാൻ നടപടി എടുക്കാത്തത് കൂടുതൽ അത്ഭുതത്തിനിടയാക്കുന്നു.
UAPA സെക്ഷൻ 15 പ്രകാരം ഒരു കാര്യം ഭീകരവാദപ്രവർത്തിയാകുന്നത്, അത് ജനങ്ങളുടെ ഇടയിൽ പൊതുവിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഇടയിലോ (ബോംബ്, മറ്റു ആപൽക്കരമായ ആയുധങ്ങൾ ഒക്കെ ഉപയോഗിച്ചോ അല്ലാതെയോ) ഭീതി പരത്തുന്നതിന് ആണെങ്കിലാണ്. കൂടാതെ മറ്റു ചില കാര്യങ്ങളും അതിന്റെ പരിധിയിൽ വരാം. ഇക്കാര്യത്തിൽ അത് വിഷയമാകുന്നില്ല.
ഈ സംഭവത്തിലേക്ക് വന്നാൽ, എന്തുകൊണ്ട് ആ കേസിലെ പ്രതിയുടെ പ്രവൃത്തി ഭീതി പരത്താനുള്ള കാര്യമായിരുന്നില്ല, അങ്ങനെയൊരുദ്ദേശ്യം അയാൾക്കുണ്ടായിരുന്നില്ല, എന്നർക്കു കാണാൻ കഴിയും എന്ന് മനസ്സിലാകുന്നില്ല. ആ പള്ളിയിൽ അന്ന് കൂടിയ ആരോടെങ്കിലുമുള്ള വ്യക്തിവിരോധം കൊണ്ടായിരുന്നു അത്രയും പേരുടെ മരണത്തിനിടയാക്കിയ ബോംബുസ്ഫോടനം അയാൾ ചെയ്തത് എന്ന് കരുതാനും മാത്രം നിയമം അത്ര കഴുതയാണെന്ന് (‘LAW IS AN ASS’-CHARLES DICKENS-DAVID COPPERFIELD) കരുതാനുമാവില്ല.
UAPA എന്ന നിയമത്തോടുള്ള നയപരമായ വിയോജിപ്പ് കൊണ്ടാണ് സംസ്ഥാന ഗവണ്മെന്റ് വിചാരണാനുമതി നൽകാത്തത് എന്ന് കരുതാൻ കരണവുമില്ല.
ഇത് വായിക്കുന്ന ആരെങ്കിലും ഇക്കാര്യത്തിലുള്ള വസ്തുത വിശദീകരിച്ചാൽ കൊള്ളാം'
#KalamasseryBlast, #UAPA, #KeralaNews, #K KShahina, #NIA, #AbdulKhader