Economic Survey | രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും ആശങ്കയായി തുടരുന്നത് എന്ത്‌കൊണ്ട്?

 
Unemployment
Unemployment

Image Credit: Pexels / Ron Lach

പുതിയ ക്ഷേമ പദ്ധതികള്‍ വരുന്നു

: ദക്ഷാ മനു

 

(KVARTHA) രാജ്യത്ത് പണപ്പെരുപ്പവും (Inflation) തൊഴിലില്ലായ്മയും (Unemployment) ആശങ്കയായി തുടരുന്നെന്ന് സാമ്പത്തിക സര്‍വേ (Economic Survey) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ജനങ്ങളെയും സര്‍ക്കാരിനെയും സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്, പ്രത്യേകിച്ച് ഭക്ഷ്യ വിലക്കയറ്റം (Food Inflation). ഭക്ഷ്യസാധനങ്ങളുടെ  തീപിടിച്ച വില മോദി (Narendra Modi) സര്‍ക്കാരിന് നിരന്തരം വെല്ലുവിളി ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ അടക്കം പ്രധാന സംസ്ഥാനങ്ങളിലെ ഇടത്തരം (Middle Class), താഴ്ന്ന വരുമാനക്കാര്‍, ദരിദ്രര്‍ (Poor) ഇവരെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ (BJP) നിന്ന് അകലാനുള്ള പ്രധാന കാരണമിതാണെന്നാണ് വിമർശനം.

എന്നിട്ടും മോദിയും കൂട്ടരും ഇക്കാര്യം മനസിലാക്കിയിട്ടില്ല. രാജ്യത്തെ മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന്റെ പ്രാഥമിക കാരണമായ ഭക്ഷ്യ വിലക്കയറ്റം 2023 സാമ്പത്തിക വര്‍ഷത്തിലെ 6.6 ശതമാനത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനമായി ഉയര്‍ന്നു. 2024 മെയ് മാസത്തില്‍ ഉപഭോക്തൃ വില സൂചിക (CPI) 2023 മേയിലെ 4.31 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായി ഉയര്‍ന്നു. അതേസമയം, 2024 മേയിലെ ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (CFPI) 2023 മേയിലെ 2.96 ശതമാനത്തില്‍ നിന്ന് 8.69 ശതമാനമായി ഉയര്‍ന്നു. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളുടെ വിലക്കയറ്റമാണ് പ്രധാനമായും തിരിച്ചടിയായത്. ഉഷ്ണതരംഗങ്ങളും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള തീവ്ര കാലാവസ്ഥയാണ് ഇതിന് വഴിയൊരുക്കിയത്.

പണപ്പെരുപ്പം കുറഞ്ഞെന്നും സാമ്പത്തിക മേഖല സുസ്ഥിരമെന്നുമാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. 6.5 മുതല്‍ ഏഴ് ശതമാനം വരെയാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന മൊത്ത ആഭ്യന്തര ഉല്പാദന (GDP) മെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Sitharaman) അവതരിപ്പിച്ച സര്‍വേ അവകാശപ്പെടുന്നു. നികുതി വരുമാന വര്‍ദ്ധനവ്, ചെലവ് നിയന്ത്രണം, ഡിജിറ്റലൈസേഷന്‍ എന്നിവ സന്തുലിത സാമ്പത്തിക അവസ്ഥ നേടാന്‍ സഹായിച്ചെന്നും പറയുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ബാങ്കിങ്, സാമ്പത്തിക മേഖലകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും സര്‍വേ വ്യക്തമാക്കി.  

മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ മേഖലയാണ് മറ്റൊരു പ്രധാന പ്രശ്‌നം, തൊഴിലില്ലായ്മ നിരക്ക് കുറയുന്നെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ലെന്നാണ് മറുവാദം. എന്നാല്‍ പ്രത്യേക കാലത്ത് അവസരങ്ങളുണ്ടാകുന്ന ഗിഗ് (GIG) തൊഴിലില്‍ (ഗിഗ് തൊഴിലാളികൾ സ്വന്തമായി തൊഴിൽ ചെയ്യുന്നവരാണ്. ഉദാ. സംഗീത പരിപാടി)  ശ്രദ്ധേയമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ദേശീയ ലേബര്‍ ഫോഴ്സ് സര്‍വേ ഡാറ്റയെ (Labour force survey) അടിസ്ഥാനമാക്കിയുള്ള നിതി ആയോഗിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്, 2020-21 ല്‍ ഏകദേശം 7.7 ദശലക്ഷം തൊഴിലാളികള്‍ ഗിഗ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ്. ഇന്ത്യയിലെ കാര്‍ഷികേതര തൊഴിലാളികളുടെ 2.6 ശതമാനത്തെയും മൊത്തം തൊഴിലാളികളുടെ 1.5 ശതമാനത്തെയും ഗിഗ് തൊഴിലാളികള്‍ പ്രതിനിധീകരിക്കുന്നു.

സര്‍ക്കാരിന്റെ നയപരമായ ഇടപെടലുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നടപടികളും കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചില്ലറ മേഖലയിലെ പണപ്പെരുപ്പം 5.4 ആയി നിലനിര്‍ത്തിയെന്നും  കോവിഡിന് (COVID) ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണെന്നും ചരക്ക്, സേവനം എന്നിവയുടെ അടിസ്ഥാന പണപ്പെരുപ്പം കുറഞ്ഞെന്നും ധനമന്ത്രി പറയുന്നു. എന്നാലിത് സംബന്ധിച്ച് കഴിഞ്ഞ ദിവസം  സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ക്ക് വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 

ജൂലൈ 12ന് പുറത്തുവിട്ട കണക്ക് അനുസരിച്ച് ചില്ലറ വില്‍പ്പന മേഖലയിലെ പണപ്പെരുപ്പം ജൂണില്‍ 5.08 ശതമാനമായി ഉയര്‍ന്നു. മേയില്‍ ഇത് 4.80 ശതമാനമായിരുന്നു. അവിടെന്നാണ് കുതിപ്പുണ്ടായതെന്ന് അന്നത്തെ റിപ്പോര്‍ട്ട് പറയുന്നു. ഈ ജൂണ്‍ വരെ ഭക്ഷ്യവിലപ്പെരുപ്പം തുടര്‍ച്ചയായി എട്ട് ശതമാനത്തിലധികം രേഖപ്പെടുത്തുന്നെന്നും സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നു.

നിലവില്‍ ചൈനയുമായുള്ള ബന്ധം വഷളാണെങ്കിലും പ്രാദേശിക ഉല്‍പ്പാദനവും കയറ്റുമതി വിപണികളിലേക്കുള്ള പ്രവേശനവും ശക്തിപ്പെടുത്തുന്നതിന് ചൈനയില്‍ നിന്നുള്ള വിദേശനിക്ഷേപം (FDI) വര്‍ദ്ധിപ്പിക്കണമെന്നും സാമ്പത്തിക സര്‍വേ നിര്‍ദേശിക്കുന്നു. എന്നിരുന്നാലും ചൈനയുമായുള്ള വലിയ വ്യാപാര കമ്മിയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നു. ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി (Import) 3.24 ശതമാനം ഉയര്‍ന്ന് 101.7 ബില്യണ്‍ ഡോളറിലെത്തി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാര കമ്മി 85 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 83.2 ബില്യണ്‍ ഡോളറായിരുന്നു.  

2023-24 ല്‍ 118.4 ബില്യണ്‍ ഡോളര്‍ ഇടപാട് നടത്തി, യുഎസിനെ മറികടന്ന് ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി. വര്‍ദ്ധിച്ചുവരുന്ന വ്യാപാര അസന്തുലിതാവസ്ഥയും കമ്മിയും വ്യാപാര നയങ്ങളിലും നിക്ഷേപ സമീപനങ്ങളിലും തന്ത്രപരമായ മാറ്റങ്ങള്‍ വേണമെന്ന് വ്യക്തമാക്കുന്നു. രാജ്യത്തേക്ക് എത്തുന്ന വിദേശ നാണ്യം 3.7ശതമാനം വര്‍ധിച്ച് 2024ല്‍ 1,240 കോടി ഡോളറും 25ല്‍ നാല് ശതമാനം വര്‍ധിച്ച് 1,290 കോടി ഡോളറും ആകുമെന്ന പ്രതീക്ഷയും പുലര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍ വിദേശനാണ്യ ശേഖരം ഇടിയുകയാണെന്ന് ജൂലൈ ആദ്യം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് ജൂണ്‍ 28ന് അവസാനിച്ച ആഴ്ചയില്‍ 170 കോടി ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിയുന്നതും ഇറക്കുമതി ചെലവ് വര്‍ധിക്കുന്നതുമാണ് വിദേശനാണ്യ ശേഖരം കുറയാന്‍ കാരണമായത്.

ആര്‍ബിഐയും അന്താരാഷ്ട്ര നാണയ നിധിയും (IMF) രാജ്യത്തിന്റെ ഉപഭോക്തൃ വില പണപ്പെരുപ്പത്തെ കുറിച്ച് നടത്തിയ പ്രവചനങ്ങളുടെ ചുവടുപിടിച്ചാണ് സാമ്പത്തിക സര്‍വേയെന്ന് വ്യക്തം. നയപരമായ തടസങ്ങള്‍ നീക്കി ഒരു പ്രധാന വളര്‍ച്ചാ മാര്‍ഗമെന്ന നിലയില്‍ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക സര്‍വേ  പറയുന്നു. കഴിഞ്ഞ പത്ത് കൊല്ലത്തെ കാര്‍ഷികനയങ്ങള്‍ കൃഷിയെ കോര്‍പറേറ്റ് വത്ക്കരിക്കുന്നതിനായിരുന്നുവെന്നാണ് ആക്ഷേപം. അതിനെതിരെ 2014 മുതല്‍ രാജ്യത്തെ കര്‍ഷകര്‍ ദേശവ്യാപക പ്രക്ഷോഭത്തിലാണ്. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കര്‍ഷകവിരുദ്ധത കാരണമായെന്ന് തിരിച്ചറിഞ്ഞ് നയമാറ്റം വരുത്തുമോ കുത്തകക്കൃഷി പ്രോത്സാഹിപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണണം. ദീര്‍ഘകാല വരുമാനസ്ഥിരത ഉറപ്പാക്കുന്നതിന് പ്രധാന എണ്ണക്കുരുക്കളുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനും പയറുവര്‍ഗങ്ങളുടെ കൃഷി വിപുലീകരിക്കുന്നതിനും പ്രത്യേക വിളകള്‍ക്കായി ആധുനിക സംഭരണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും കേന്ദ്രീകൃതമായ ശ്രമങ്ങള്‍ നടത്താന്‍ സര്‍വേ നിര്‍ദേശിക്കുന്നുണ്ട്.

ബിജെപി സര്‍ക്കാര്‍ പത്ത് കൊല്ലമായി ചവറ്റുകുട്ടയില്‍ എറിഞ്ഞ പല ക്ഷേമപദ്ധതികളും പൊടിതട്ടിയെടുക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. നിലവിലുണ്ടായിരുന്ന സാമൂഹ്യക്ഷേമ പദ്ധതികളെ ഘട്ടംഘട്ടമായി ഇല്ലാതാക്കിയിരുന്നു. അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതോടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും ഗ്രാമീണരെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമൂഹിക ക്ഷേമ പരിപാടികളുടെ പ്രാധാന്യം സര്‍വേ എടുത്ത് പറയുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും വിഭവങ്ങളുടെ തുല്യമായ വിഭജനവും ഉറപ്പാക്കുന്നതിനുള്ള വെല്ലുവിളികളും എടുത്തുപറയുന്നുണ്ട്. പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷ്യസബ്‌സിഡി പോലും നിര്‍ത്തലാക്കിയവര്‍ എങ്ങനെയാവും പുതിയ സാമൂഹിക ക്ഷേമ പദ്ധതികളുണ്ടാക്കുക എന്ന് കണ്ടറിയാം. 

അതേസമയം തങ്ങളുടെ അടിസ്ഥാന അജണ്ടയായ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്മാറില്ലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അടിവരയിടുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടത് പ്രധാനമാണെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. സര്‍ക്കാരിന്റെ നയമായ സ്വകാര്യവല്‍ക്കരണവും പൊതുമേഖലയുടെ വില്പനയും ത്വരിതപ്പെടുത്തുമെന്നു തന്നെയാണിത് അടിവരയിടുന്നത്. 

തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിലും സ്വയംതൊഴിലെടുത്ത് ജീവിക്കണമെന്ന ആഹ്വാനമല്ലാതെ പൊതുമേഖലയില്‍ തൊഴിലവസരം ഒരുക്കേണ്ടതില്ലെന്നും പറഞ്ഞിട്ടുണ്ട്. തൊഴില്‍ നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും മുന്‍ഗണന നല്‍കേണ്ടത് തന്ത്രപ്രധാനമാണ് എന്നാണ് സര്‍വേയിലുള്ളത്. അതുകൊണ്ട് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും മോദി മോദിയായി തുടരുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia