Privatization | വിറ്റഴിക്കലില്ല! മൂന്നാം മോദി സര്‍ക്കാര്‍ സ്വകാര്യവത്കരണത്തിന്റെ വേഗത കുറയ്ക്കുന്നത് എന്തുകൊണ്ട്?
 

 
Privatization
Privatization

Image Credit: X / Narendra Modi

* പൊതുമേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കും

* ബജറ്റില്‍ സ്വകാര്യവല്‍ക്കരണത്തിന് പ്രാധാന്യമുണ്ടാകില്ല 

ആദിത്യന്‍ ആറന്മുള

ന്യൂഡല്‍ഹി: (KVARTHA) മൂന്നാമൂഴത്തിലെ തിരിച്ചടിയും സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേറ്റ (By election) കനത്ത പ്രഹരവും ബിജെപിയെയും (BJP) നരേന്ദ്രമോദിയേയും (Narendra Modi) വല്ലാത്ത സമ്മര്‍ദത്തിലാക്കിയിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. മുന്നോട്ടുവെച്ച ഓരോ ചുവടും പിഴയ്ക്കുന്നു. പഴയപോലെ പെട്ടെന്ന്, ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ പറ്റാത്ത സാഹചര്യമല്ലതാനും. അതുകൊണ്ട് തല്‍ക്കാലം ആളുകളുടെ കണ്ണില്‍ പൊടിയിടാനെങ്കിലും കുറച്ചെങ്കിലും ജനഹിതം നടപ്പാക്കാന്‍ തയ്യാറായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മലസീതാരാമന്‍ Nirmala Sitharaman) ഈ മാസം അവസാനം അവതരിപ്പിക്കുന്ന ബജറ്റില്‍ (Budget) ബിജെപിയുടെ പതിവ് നയങ്ങളുണ്ടാകില്ലെന്നാണ് സൂചന. 

Privatization

കഴിഞ്ഞ പത്ത് കൊല്ലം അതിവേഗം നടത്തിയ സ്വകാര്യവല്‍ക്കരണത്തിന്റെ (Privatization) വേഗത കുറച്ചത് അതിന് മുന്നോടിയായാണെന്ന് ദേശീയ മാധ്യമങ്ങളില്‍ ചിലത് പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ (Public sector) ഓഹരി (Share) കുറഞ്ഞവിലയ്ക്ക് വില്‍ക്കാനുള്ള നീക്കം സുഗമമാകില്ലെന്ന് സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇന്ത്യ സഖ്യം (INDIA bloc ) ശക്തിപ്രാപിച്ചതോടെ പാര്‍ലമെന്റ് (Parliament) പ്രക്ഷുബ്ദമായിരിക്കുകയാണ്. നന്ദിപ്രമേയ ചര്‍ച്ച കലുഷിതമായിരുന്നു. അതുകൊണ്ട് ഇനിയും സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ട് പോയാല്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് പ്രധാനമന്ത്രിയും ബിജെപിയും സ്വകാര്യവല്‍ക്കരണം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ 60,000 കോടി ഡോളറിന് (ഏകദേശം 48,00,000 കോടി രൂപ) സ്വകാര്യവല്‍ക്കരിക്കുന്ന പദ്ധതി 2021ല്‍ മോദിസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് (Lokshabha Elections) മുമ്പ് ഈ നീക്കത്തിന് ഒച്ചിന്റെ വേഗതയായി. ജനങ്ങളുടെ എതിര്‍പ്പ് തണുപ്പിക്കാനുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാലത് ജനംതിരിച്ചറിഞ്ഞതോടെ 400 സീറ്റെന്ന മോഹം, മോഹഭംഗമായി മാറി. ഇതോടെ പുതിയ ബജറ്റില്‍, 200ലധികം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 

കഴിഞ്ഞ പത്ത് കൊല്ലം സ്വകാര്യവല്‍ക്കരണത്തിന് എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിട്ടിരിക്കുകയായിരുന്നു നരേന്ദ്ര മോഡിയെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ ഭൂമി വില്‍ക്കാനും മറ്റ് ആസ്തികളില്‍ നിന്ന് വരുമാനം ഉണ്ടാക്കാനുമുള്ള നീക്കം ജൂലൈ 23ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച അന്തിമതീരുമാനം ആയിവരുന്നതേയുള്ളൂ എന്നും കേന്ദ്രസര്‍ക്കാരിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.   

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മിക്ക കമ്പനികളും വില്‍ക്കാനുള്ള 2021ലെ പ്രഖ്യാപനത്തില്‍ രണ്ട് ബാങ്കുകളും (Banks) ഒരു ഇന്‍ഷുറന്‍സ് കമ്പനിയും സ്റ്റീല്‍, ഊര്‍ജം (Energy), ഫാര്‍മസ്യൂട്ടിക്കല്‍ (Pharmaceutical) മേഖലകളിലെ സ്ഥാപനങ്ങളും ഉണ്ടായിരുന്നു, കൂടാതെ നഷ്ടമുണ്ടാക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടുമെന്നും പറഞ്ഞിരുന്നു. ആ തീരുമാനത്തില്‍ നിന്ന് മലക്കംമറിയുകയാണെന്നാണ് ധനമന്ത്രാലയത്തിന്റെ പുതിയ തീരുമാനങ്ങള്‍, അവ അന്തമരൂപമായില്ലെങ്കിലും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2400 കോടി രൂപ  സമാഹരിക്കുകയും അത് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് പുനര്‍നിക്ഷേപിക്കുകയാണ് ലക്ഷ്യം. 

ചെറിയ കാലം കൊണ്ട് ഈ സ്ഥാപനങ്ങളെ നന്നാക്കുന്നതിന് പകരം  അഞ്ച് കൊല്ലത്തെ നിര്‍മ്മാണവും പ്രവര്‍ത്തനവുമാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്തുകൊണ്ട് പൊതുമേഖലയെ നന്നാക്കാമെന്ന തീരുമാനത്തിലേക്ക് മോദി എത്തി, എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയും യുവാക്കള്‍ ബിജെപിക്കെതിരെ തിരിയുകയും ചെയ്തത് യുപി, ഹരിനായ എന്നിവിടങ്ങളിലടക്കം വലിയ തിരിച്ചടിയായിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

2024/25 ല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം 480 ബില്യണ്‍ രൂപ (5.8 ബില്യണ്‍ ഡോളര്‍) ആണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ അതിനേക്കാള്‍ ഉയര്‍ന്ന ലാഭവിഹിതം ലഭിക്കുമെന്ന് കരുതുന്നതും മനംമാറ്റത്തിന് കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം കുതിച്ചുയരുമ്പോഴും അതുവഴി ലഭിക്കുന്ന ലാഭം മുതലാക്കാനുള്ള അവസരം കേന്ദ്രം നഷ്ടപ്പെടുത്തുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ 51% ഓഹരികള്‍ നിലനിര്‍ത്തിക്കൊണ്ട് ബാക്കിയുള്ളവ വിറ്റഴിച്ച്  സര്‍ക്കാരിന് ഏകദേശം 11.5 ട്രില്യണ്‍ രൂപ (137.75 ബില്യണ്‍ ഡോളര്‍) സമാഹരിക്കാന്‍ കഴിയുമെന്ന് കെയർ എഡ്ജ് (CareEdge) എന്ന റേറ്റിംഗ് ഏജന്‍സി കഴിഞ്ഞ ആഴ്ച ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ കുതിക്കുകയാണ്. അതുകൊണ്ട് സുപ്രധാനമായ ഓഹരികള്‍ വിറ്റഴിക്കാന്‍ അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് കെയര്‍എഡ്ജ് റേറ്റിംഗിലെ മുഖ്യ സാമ്പത്തികവിദഗ്ധന്‍  രജനി സിന്‍ഹ പറഞ്ഞു.

സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് സര്‍ക്കാര്‍ പതിയെ പിന്മാറുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ കേന്ദ്രധനമന്ത്രാലയം  തയ്യാറായിട്ടില്ല. ഇക്കൊല്ലം ആദ്യം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പൊതുമേഖലാ ഓഹരി വില്‍പ്പനയെ കുറിച്ച് സൂചന പോലും നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. ആസ്തി വില്‍ക്കുന്നതിന് പകരം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പനികള്‍ നന്നാക്കുന്നതിന്റെ ഭാഗമായി 2,30,000 മാനേജര്‍മാര്‍ക്ക് പരിശീലനം നല്‍കി കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവികളിലേക്ക് നിയമിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

നിലവില്‍ സീനിയര്‍ മാനേജര്‍മാരെ മാത്രമാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിച്ചിട്ടുള്ളത്. കമ്പനി ബോര്‍ഡിലേക്ക് പ്രൊഫഷണലുകളെ നിയമിക്കുക, മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയും സര്‍ക്കാര്‍ നടപ്പാക്കിയേക്കും. സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ നല്‍കുന്നത് കമ്പനികളെ കൂടുതല്‍ കാര്യക്ഷമമാക്കാനും ഉള്ള അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ വില്‍ക്കാന്‍ മുമ്പ് പദ്ധതിയിട്ടിരുന്നെങ്കിലും അതേതുക കമ്പനിയുടെ ഒരു കൊല്ലത്തെ ലാഭമായി ലഭിക്കുന്നതായതിനാല്‍ തീരുമാനം ഉപേക്ഷിച്ചെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. 

സ്വകാര്യവല്‍ക്കരണത്തിനും ഓഹരിവില്പനയ്ക്കും തടസങ്ങളുണ്ടെങ്കിലും പരിഷ്‌കാരങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലധികമാക്കിയെന്ന് ഇന്ത്യാ റേറ്റിങ് ഏജന്‍സിയിലെ സാമ്പത്തിക വിദഗ്ധന്‍ സുനില്‍ സിന്‍ഹ ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് കമ്പനികളും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് ഇലക്ടറല്‍ ബോണ്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് പ്രതിപക്ഷ ആരോപണമുണ്ട്. അതുകൊണ്ട് സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് പൂര്‍ണമായും പിന്‍മാറാന്‍ മോദി സര്‍ക്കാരിനാകില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ജനപിന്തുണ എതിരായത് കൊണ്ട്, അത് പരിഹരിക്കാനുള്ള നീക്കമായി മാത്രം പുതിയ നീക്കത്തെ കണ്ടാല്‍ മതിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia