Muslim Organizations | മുനമ്പത്ത് മുസ്ലിം സംഘടനകള്‍ കാണിച്ച സാമൂഹ്യനിലപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കാത്തതെന്ത്?
● വഖഫ് ഭൂമി വില്‍ക്കാനൊക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
● ഈ വിഷയത്തില്‍ ഫറൂഖ് കോളജ് അധികൃതര്‍ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
● പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ മുനമ്പത്തെത്തി പിന്തുണ അറിയിച്ചു.
അർണവ് അനിത
(KVARTHA) മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കുന്നതില്‍ മുസ്ലിം സംഘടനകള്‍ കാണിച്ച സാമൂഹ്യനിലപാട് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും മറ്റ് രാഷ്ട്രീയ കക്ഷികളും സ്വീകരിക്കാത്തത് വളരെ ദൗര്‍ഭാഗ്യമാണ്. കൊച്ചിയിലെ ഒരു സേഠ് വഖഫായി നല്‍കിയ 406 ഏക്കര്‍ ഭൂമിയില്‍ 188 ഏക്കര്‍ ഫറൂഖ് കോളജ് അഭിഭാഷനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം വി പോള്‍ മുഖേന മുനമ്പത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് വിറ്റതാണ്. വഖഫ് ഭൂമി വില്‍ക്കാനൊക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ വിഷയത്തില്‍ ഫറൂഖ് കോളജ് അധികൃതര്‍ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കുറച്ച് ഭൂമി കടലെടുത്തു. ബാക്കി റിസോര്‍ട്ട് മാഫിയയും സ്വന്തമാക്കി. ഇതിനെതിരെയാണ് വഖഫ് സംരക്ഷണ സമിതി കോടതിയെ സമീപിച്ചത്. അതിനെതിരെ സമരം ഉണ്ടായി, ബിജെപി വര്‍ഗീയതയിലൂടെ അത് മുതലെടുക്കാന്‍ ആവുന്ന ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ആരോപണം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ മുനമ്പത്തെത്തി പിന്തുണ അറിയിച്ചു. പാലക്കാട് തങ്ങള്‍ക്കുള്ള ഏഴായിരത്തോളം വോട്ട് മുനമ്പത്തുകാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കാണെന്ന് അവിടുത്തെ സഭകള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ഇത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് നിയമഭേദഗതി പാസ്സായാല്‍ മുനമ്പത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബിജെപി പ്രദേശവാസികളെ പറഞ്ഞുവിശ്വസിപ്പിച്ചിരിക്കുന്നു.
സമരം തുടങ്ങിയപ്പോഴേ അതില്‍ ഇടപെടേണ്ട സംസ്ഥാന സര്‍ക്കാര്‍ തന്ത്രപരമായ മൗനം പാലിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ട് ബിജെപിക്ക് ലഭിച്ചാല്‍ യുഡിഎഫ് അവിടെ പരാജയപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു ഇത്. അതുകൊണ്ടാണ് സമരം തുടങ്ങി നാല്‍പ്പതാം ദിവസം മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ക്രൈസ്തവരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ബിജെപി ഏറെക്കാലമായി ശ്രമിക്കുന്നു. തൃശൂരില്‍ സുരേഷ്‌ഗോപിക്ക് 30 ശതമാനം ക്രൈസ്തവ വോട്ട് ലഭിക്കുകയും ചെയ്തു.
അങ്ങനെയെങ്കില്‍ മാണി കോണ്‍ഗ്രസ് കൂടെയുള്ളത് കൊണ്ട് മധ്യതിരുവിതാംകൂറും മധ്യകേരളത്തിലും ഉള്ള ക്രൈസ്തവ വോട്ടുകള്‍ ഇടതുപക്ഷത്തിനൊപ്പം നിര്‍ത്തുകയും ബാക്കി കോണ്‍ഗ്രസും ബിജെപിയും കൂടി പങ്കിടുകയും ചെയ്താല്‍ മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം കരുതുന്നു. അത് കേരളത്തിന്റെ മതേതര അടിത്തറയുടെ സുസ്ഥിരതയ്ക്ക് വിള്ളലുണ്ടാക്കുന്ന നടപടിയാണ്. അതുമായി സിപിഎം മുന്നോട്ട് പോകുമോ എന്നാണ് ഇനി അറിയേണ്ടത്.
ബിജെപി വിഷയത്തില്‍ മുതലെടുപ്പ് നടത്തുമെന്ന് അറിയാവുന്നത് കൊണ്ടാണ് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത്. ആ യോഗത്തില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞത് മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കേണ്ടെന്നാണ്. ഇക്കാര്യം തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും എറണാകുളം ലത്തീന്‍ അതിരൂപതയില്‍ നേരിട്ടെത്തി അറിയിക്കുകയും ചെയ്തു. മാത്രമല്ല ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
എന്നാല്‍ ലീഗിലെ തീവ്ര ഗ്രൂപ്പുകളായ ഇടി മുഹമ്മദ് ബഷീറും എംകെ മുനീറും കെഎം ഷാജിയും അടക്കമുള്ളവര്‍ അതില്‍ നിന്ന് ഘടകവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ബിജെപിക്ക് ഗുണമാകുന്ന കാര്യമാണ്. അങ്ങനെയൊരു നിലപാടിലേക്ക് ഇവരെത്താന്‍ കാരണം പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ്. മനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്ന് സതീശന്‍ പറഞ്ഞതാണ് അവരെ ചൊടിപ്പിച്ചത്. ഭൂമി വഖഫിന്റെയാണെന്ന് ഹൈക്കോടതി വിധിയുണ്ട്. അതൊക്കെ മനസ്സിലാക്കാതെയാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്. ഇ ടി മുഹമ്മദ് ബഷീറിന്റെയും മറ്റും പ്രതികരണം വന്നതോടെ പ്രതിപക്ഷനേതാവ് നിലപാട് മയപ്പെടുത്തി.
വിഷയത്തില്‍ തര്‍ക്കങ്ങള്‍ വളര്‍ത്തിക്കൊണ്ട് പോകുന്നത് സംസ്ഥാനത്തെ സാമൂഹ്യഅന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ. ഈ യാഥാര്‍ത്ഥ്യം അറിയാമായിരുന്നിട്ടും എല്ലാ രാഷ്ട്രീയ കക്ഷികളും അവരവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി മുതലെടുപ്പ് നടത്തുകയാണ്. സാദിഖ് അലി തങ്ങളും മുസ്ലിം സംഘടന നേതാക്കളും എടുത്ത മനുഷ്യത്വപരമായ തീരുമാനത്തിന് പിന്തുണ നല്‍കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം പോലും തയ്യാറാകുന്നില്ല. ബിജെപി കേരളത്തില്‍ ശക്തമല്ലെങ്കിലും ആര്‍എസ്എസ് ശക്തമാണ്, എന്നിട്ടും അവര്‍ക്ക് കേരളത്തിന്റെ മണ്ണില്‍ കാലുറപ്പിക്കാന്‍ ഇതുവരെയായിട്ടും കഴിഞ്ഞിട്ടില്ല.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി മുന്നേറാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് തടയിടേണ്ടത് ഇടതുപക്ഷവും യുഡിഎഫുമാണ്. സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെയെങ്കിലും നേതാക്കള്‍ സംയമനം പാലിക്കണം. 600ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുക എന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അവര്‍ പണം കൊടുത്താണ് ഈ ഭൂമി വാങ്ങിയത്. പക്ഷെ, അവരെ ചിലര്‍ ചതിക്കുകയായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയാണ് മുസ്ലിം സംഘടനകള്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചത്. അതിനൊപ്പം നില്‍ക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ചെയ്യേണ്ടത്. അല്ലാതെ ബിജെപിക്ക് മുതലെടുപ്പിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയല്ല വേണ്ടത് എന്നാണ് പലരും പറയുന്നത്.
#MunambathIssue, #MuslimOrganizations, #KeralaPolitics, #VoteBank, #BJP, #LandIssue