Nitish Kumar | സര്‍ക്കാരിനെ വീഴ്ത്താന്‍ ശക്തിയുണ്ടായിട്ടും എന്തുകൊണ്ട് നിതീഷ് കുമാര്‍ ബിജെപിയോട് കടുത്ത നിലപാട് സ്വീകരിക്കുന്നില്ല?
അര്‍ണവ് അനിത
(KVARTHA) ജൂണ്‍ 29ന് നടന്ന ജനതാദള്‍ യുണൈറ്റഡ് (JDU) എക്‌സിക്യൂട്ടീവ് യോഗം രണ്ട് പ്രധാന തീരുമാനങ്ങളാണെടുത്തത്. പാര്‍ട്ടി പുതിയ വര്‍ക്കിംഗ് പ്രസിഡന്റിായി സഞ്ജയ് ഝായെ (Sanjay Jha) നിയമിച്ചു. ബിഹാറിന് (Bihar) പ്രത്യേക സംസ്ഥാന പദവിയോ, പാക്കേജോ (Special Package ) പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. ബിഹാറിന് പ്രത്യേക പദവി വേണമെന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ പ്രത്യേക സാമ്പത്തിക പാക്കേജ് എന്നത് പുതിയ കാര്യമാണ്. പ്രത്യേക പദവി നല്‍കണമെന്ന കാര്യം ധനകാര്യകമ്മിഷന്‍ അംഗീകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
അതുകൊണ്ട് എങ്ങനെയായാലും ബിഹാറിന് കേന്ദ്ര സഹായം കിട്ടണം എന്നത് മാത്രമാണ് ജെഡിയു ലക്ഷ്യം. എന്നാലിക്കാര്യങ്ങളെല്ലാം വളരെ തന്ത്രപരമായ രീതിയിലാണ് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ (CM) നിതീഷ് (Nitish Kumar) അവതരിപ്പിക്കുന്നത്. പുതിയ വര്‍ക്കിംഗ് പ്രസിഡന്റിന്റെ നിയമനം തന്നെ അതിന്റെ ഉദാഹരണമാണ്. ബിജെപി വിട്ട് ജെഡിയുവില്‍ ചേര്‍ന്ന സഞ്ജയ് ഝായെ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കിയത്, അദ്ദേഹത്തിന് ബിജെപി നേതാക്കളുമായുള്ള അടുപ്പം മുതലെടുക്കാനാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 16ല്‍ 12 സീറ്റിലും ജെഡിയു ജയിച്ചിരുന്നു. സംസ്ഥാനത്തെ ബിജെപിയുടെ (BJP) സീറ്റുകള്‍ക്ക് തുല്യമാണിത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് ജെഡിയുവിനെ ആശ്രയിക്കാതെ മുന്നോട്ട് പോകാനൊക്കാത്ത സാഹചര്യമാണുള്ളത്. പലരും പ്രതീക്ഷിച്ചത് പോലെ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനുള്ളില്‍ (NDA), ജെഡിയു തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിട്ടില്ല. കേന്ദ്രമന്ത്രിസഭയില്‍ പാര്‍ട്ടിക്ക് ഒരു മന്ത്രി മാത്രമേയുള്ളൂ, ലോക്സഭയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം സീറ്റുകളും നേടിയപ്പോഴും ഒരു മന്ത്രിയായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും, നിതീഷ് കുമാറിന് ശേഷം സംഘടനയെ ആര് നയിക്കും എന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതകള്‍ ശക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒരുകാലത്ത് നരേന്ദ്ര മോദിയുടെ (Narendra Modi) കടുത്ത രാഷ്ട്രീയ എതിരാളിയായിരുന്ന നിതീഷ് കുമാര്‍ ജൂണ്‍ ആദ്യം നടന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രിയുടെ കാലില്‍ തൊടാന്‍ ശ്രമിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇത് ചെയ്തത്. മോദിയേക്കാള്‍ എത്രയോ സീനിയറായ നേതാവാണ് നിതീഷ്. എന്തുകൊണ്ട് നിതീഷ് ഇത്തരത്തിലുള്ള ഷോ കാണിക്കുന്നതെന്ന് പലര്‍ക്കും ഒരുപിടിയും കിട്ടിയിട്ടില്ല.
തെരഞ്ഞെടുപ്പ് (Election) പ്രസംഗങ്ങളില്‍ നിതീഷ് കുമാര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും ആരോപണമുണ്ട്, അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതാണ് ഇതിന് കാരണമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പിയുമായി അടുപ്പമുള്ള ഝായെപ്പോലുള്ള വിശ്വസ്ത നേതാക്കളെ ആശ്രയിക്കാന്‍ കാരണം ഇതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നരേന്ദ്രമോദി പ്രചരണത്തിന് വന്നപ്പോള്‍ നിതീഷിന് വലിയ പരിഗണന നല്‍കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അനാരോഗ്യപ്രശ്‌നം മാത്രമല്ല ബിജെപിയോട് കൂടുതല്‍ അടുക്കാന്‍ കാരണമെന്നാണ് പലരും വാദിക്കുന്നത്. കൗശലക്കാരനായ ഒരു രാഷ്ട്രീയക്കാരനാണ് നിതീഷ് കുമാര്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായുള്ള സഖ്യത്തെ തന്ത്രപരമായി മുന്നോട്ടു കൊണ്ടുപോവുകയാണെന്ന് അവര്‍ വിലയിരുത്തുന്നു. നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവര്‍ക്ക് മാത്രമാണ് ആശയക്കുഴപ്പം, മുഖ്യമന്ത്രിയായി തുടരാനുള്ള അദ്ദേഹത്തിന്റെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ ഇതിന് ഉത്തരം ലഭിക്കുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ (Journalist) അരുണ്‍ സിന്‍ഹ പറഞ്ഞു.
നിതീഷ് കുമാര്‍ ഓരോ തവണയും ബിജെപിയില്‍ നിന്ന് അകന്നതും അടുത്തതുമെല്ലാം തന്റെ സ്ഥാനത്തിന് ഭീഷണി ഉയര്‍ന്നപ്പോള്‍ മാത്രമാണ്. ഇപ്പോള്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നതും തന്റെ സ്ഥാനം സുരക്ഷിതമാക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പട്നയിലെ എഎന്‍ സിന്‍ഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസിന്റെ മുന്‍ ഡയറക്ടര്‍ ഡിഎം ദിവാകര്‍ ഈ വാദത്തോട് യോജിച്ചു. നിതീഷ് കുമാറാണ് ഇന്ത്യ ബ്ലോക്ക് (INDIA Block) ഉണ്ടാക്കിയത്. എന്നാല്‍ അദ്ദേഹത്തെ കണ്‍വീനറാക്കുന്നതില്‍ സമവായമില്ലാത്തതിനാല്‍ സഖ്യം ഉപേക്ഷിച്ചു.
തന്റെ സ്ഥാനത്തിന് ഭീഷണിയുണ്ടെന്ന സംശയം പോലും സഹിക്കാനാകുന്നില്ല എന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025ല്‍ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി ഉറപ്പുനല്‍കിയതിനാല്‍ നിതീഷ് കുമാര്‍ ബിജെപിയുമായി കൊമ്പുകോര്‍ക്കില്ല. തെരഞ്ഞെടുപ്പുവരെ ബിജെപി പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ക്കൊപ്പം നിതീഷ് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നത് വളരെ കൗതുകകരമായ കാര്യമാണ്. ഒരു തവണ കൂടി മുഖ്യമന്ത്രിയായാല്‍ നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ കൂടുതല്‍ കരുത്തനാകുമോ? അങ്ങനെയല്ലെന്ന് ജെഡിയു മുന്‍ എംപി (MP) പവന്‍ വര്‍മ്മ കരുതുന്നു. നിതീഷിന്റെ പാര്‍ട്ടിക്ക് സംഘടനാ ശക്തി കുറവാണെന്നും ബിജെപിയും രാഷ്ട്രീയ ജനതാദളും ആ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാനുള്ള കുമാറിന്റെ തീരുമാനത്തെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് 2020 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നതുവരെ വര്‍മ്മ ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു.
കുമാറിന്റെ അടിക്കടിയുള്ള പ്രത്യയശാസ്ത്രപരമായ വീഴ്ചകളും മോശം ഭരണവും അദ്ദേഹത്തിന്റെ വിശ്വാസ്യതയും ജനപ്രീതിയും നശിപ്പിച്ചതായി വര്‍മ്മ പറഞ്ഞു. മോദിയുടെ ജനപ്രീതിയും ബിജെപിയുടെ സാന്നിധ്യവുമാണ് ജെഡിയുവിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളുടെ എണ്ണം നേടാന്‍ സഹായിച്ചതെന്നും വര്‍മ്മ പറഞ്ഞു. വര്‍മ്മയുടെ വീക്ഷണങ്ങള്‍ ജെഡിയു മുന്‍ അംഗമായ ശിവാനന്ദ് തിവാരിയും ശരിവെച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പുറത്താക്കിയ തിവാരി 2017ല്‍ രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നു. ഝായെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചതിലൂടെ ബിജെപി ജെഡിയുവിനെ തങ്ങളുടെ കളിപ്പാവയാക്കി മാറ്റിയെന്നാണ് അദ്ദേഹം പറയുന്നത്.
നിതീഷ് കുമാര്‍ ഇന്ത്യ സഖ്യത്തിനൊപ്പം നിന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാമായിരുന്നു. അതിന് പകരം മോദിയുടെ പാദങ്ങളില്‍ തൊടുന്നതിലേക്ക് അദ്ദേഹം തരംതാഴ്ന്നു എന്നും ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനായി നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നില്ല. അവരുടെ നിബന്ധനകള്‍ക്ക് വിധേയമായി അദ്ദേഹം മുന്നോട്ട് പോകാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തപ്പോള്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നിതീഷ് കുമാര്‍ കാണിച്ച പോരാട്ടവീര്യം ഇനി ഉണ്ടാവില്ലെന്ന് എഎന്‍ സിന്‍ഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസിലെ ദിവാകര്‍ പറഞ്ഞു. നിതീഷ് കുമാര്‍ ആദ്യമായി മുഖ്യമന്ത്രിയായ 2005 മുതല്‍ ബീഹാര്‍ പ്രത്യേക പദവിക്കായി ശ്രമിക്കുന്നു. ധാതു സമ്പന്നമായ ജാര്‍ഖണ്ഡിനെ (Jharkhand) 2000-ല്‍ വേര്‍പെടുത്തിയതിന് ശേഷം വരുമാനത്തില്‍ നഷ്ടമുണ്ടായതായി സംസ്ഥാനം വാദിക്കുന്നു. അതുകൊണ്ടാണ് പ്രത്യേക പദവി ആവശ്യപ്പെടുന്നത്.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന 60% കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ലഭിക്കുമ്പോള്‍ പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങള്‍ക്ക് 90% കേന്ദ്ര വഹിതം ലഭിക്കും. 2015-ല്‍ പ്രാബല്യത്തില്‍ വന്ന 14-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ ഒരു സംസ്ഥാനത്തിനും പ്രത്യേക പദവി നല്‍കുന്നത് ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, നിതീഷ് കുമാറും ജനതാദള്‍ (യുണൈറ്റഡ്) വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കുന്നു. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നാണ് വിമർശനം.