Analysis | പി വി അന്‍വറിനെ മുഖ്യമന്ത്രി തള്ളാത്തത് എന്തുകൊണ്ട്?

 
Photo Credit: FaceBook/ PA Anwar

Why Didn't Pinarayi Vijayan Dismiss PV Anvar's Allegations?

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്ന പ്രതിപക്ഷം ആരോപണം നിലനില്‍ക്കുമ്പോഴാണ് തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത്. അതുകൊണ്ട് സിപിഎമ്മും പ്രതിരോധത്തിലായിരുന്നു

ആദിത്യൻ ആറന്മുള 

(KVARTHA) താന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ അതീവഗുരുതരമായ ആരോപണം നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉന്നയിച്ചിട്ടും അയാളെ തള്ളാന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാകാത്തത് എന്തുകൊണ്ടാണ്? ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാര്‍ സര്‍ക്കാരിന്റെ വിശ്വസ്തനായിട്ടും അദ്ദേഹത്തിനെതിരെ പിവി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് വെറുതെയല്ല. സിപിഎമ്മിനെ തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയതോടെയാണ് കടുത്തനിലപാടിലേക്ക് നീങ്ങുന്നതെന്ന് സൂചനയുണ്ട്. 

അതില്‍ ഏറ്റവും പ്രധാനമാണ് മന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തല്‍. രണ്ടാമത് തൃശൂര്‍ പൂരം കലക്കാന്‍ എഡിജഡിപി ഇടപെട്ടുന്ന ആരോപണം. എംആര്‍ അജിത് കുമാറിന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന ആക്ഷേപം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സംസ്ഥാന പൊലീസില്‍ സംഘപരിവാര്‍ ഗ്യാംങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയമുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് സിപിഐ ദേശീയ നേതാവ് ആനിരാജയാണ്. ഒന്നാം പിണറായി വിജയന്റെ കാലത്തായിരുന്നു. അന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ അടക്കം അത് തള്ളിക്കളഞ്ഞിരുന്നു. 

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊലീസ് കാട്ടുന്ന അനാസ്ഥയെ തുടര്‍ന്നായിരുന്നു അത്. കോഴിക്കോട് അലന്‍,താഹ എന്നീ യുവാക്കള്‍ക്കെതിരെ യുപിഎ ചുമത്തിയതും, തൃശൂര്‍ പൊലീസ് ക്യാമ്പില്‍ ബീഫ് വിളമ്പാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സമ്മതിക്കാതിരുന്നതും കൂടുതല്‍ സംശയം ജനിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ പൊലീസിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന് കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴേ ആക്ഷേപം ഉയര്‍ന്നിരുന്നു.

ഞായറാഴ്ച പാലക്കാട് സമാപിച്ച ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍, കേരളത്തില്‍ ഇതുവരെയും ഇടതുപക്ഷത്തെ മറികടക്കാനായിട്ടില്ലെന്നും തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയം തങ്ങളുടെ വിജയമായി കാണേണ്ടതില്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതെല്ലാം കൂട്ടിവായിക്കേണ്ടതുണ്ട്. സിപിഎമ്മില്‍ പഴയപോലെ ഗ്രൂപ്പിസമില്ല, മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെയുളളവരെല്ലാം ജൂനിയറാണ്, അവരെല്ലാം അദ്ദേഹത്തിന് എതിര് നില്‍ക്കില്ല. പിന്നെ എന്തിനാണ് ഫോണ്‍ ചോര്‍ത്തുന്നത്. ഇതിനായി സൈബര്‍ സെല്ലില്‍ ഒരു എസ്പിയെ  എംആര്‍ അജിത് കുമാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നും അന്‍വര്‍ പറയുന്നു. അങ്ങനെയെങ്കില്‍ അതെന്തിനാണ്? 

എം.ആര്‍ അജിത് കുമാറും സുരേഷ് ഗോപിയും തമ്മില്‍ നല്ല അടുപ്പമാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം സര്‍ക്കാരിന് ലഭിച്ചുകാണും. അതുകൊണ്ടാണ് എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അതിന് മുന്നോടിയായി അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തും. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്ന പ്രതിപക്ഷം ആരോപണം നിലനില്‍ക്കുമ്പോഴാണ് തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത്. അതുകൊണ്ട് സിപിഎമ്മും പ്രതിരോധത്തിലായിരുന്നു. 

പൂരം കലക്കി പൂരപ്രേമികളുടെയും ജനങ്ങളുടെയും വികാരം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചെന്നാണ് ആക്ഷേപം. അത് അന്നേയുണ്ടായിരുന്നു. പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് പകല്‍ വെളിച്ചത്താണ് അരങ്ങേറിയത്. ഇതിനെല്ലാം പിന്നില്‍ ഗൂഢാലോചന നടന്നെന്ന സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ആദ്യം അന്വേഷിക്കേണ്ടത് തൃശൂരിലെ സംഭവമാണ്. കോട്ടയത്ത് പൊലീസ്  അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.

അജിത് കുമാര്‍ കൂടെ നിന്ന് പണിതന്നെന്ന് മുഖ്യമന്ത്രിക്ക് കൂടി ബോധ്യപ്പെട്ടിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം അദ്ദേഹം പിവി അന്‍വറിനെ കളത്തിലിറക്കി കളിക്കുന്നതെന്ന വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. മലപ്പുറത്ത് റിദാന്‍ എന്ന യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലും എംആര്‍ അജിത് കുമാറിന് പങ്കുണ്ടെന്നാണ് പിവി അന്‍വറിന്റെ ഏറ്റവും പുതിയ ആരോപണം. കേസില്‍ അറസ്റ്റിലായ ഷാന്‍ കൊല്ലപ്പെട്ടയാളുടെ അടുത്ത സുഹൃത്തായിരുന്നു. അയാളത് ചെയ്യില്ലെന്ന് റിദാന്റെ വീട്ടുകാരും നാട്ടുകാരും പറയുന്നു. കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ റിസാന്റെ പക്കലുണ്ടായിരുന്നെന്നും അവ പുറത്തുവിടാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നും അന്‍വര്‍ ആരോപിക്കുന്നു. 

റിദാന്റെ രണ്ട് ഫോണുകളും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. എടവണ്ണ പാലത്തില്‍ നിന്ന് ചാലിയാറില്‍ എറിഞ്ഞെന്ന് ഷാനെ കൊണ്ട് പൊലീസ് പറയിപ്പിച്ച ശേഷം അവിടെ സ്‌കൂബാ ടീമിനെ ഉപയോഗിച്ച് തെരച്ചില്‍ വരെ നടത്തിച്ചു. അത്രയ്ക്ക് ആസൂത്രിതമായ രീതിയിലാണ് പൊലീസ് കാര്യങ്ങള്‍ നടപ്പാക്കിയതെന്നാണ് അന്‍വറിന്റെ വെളിപ്പെടുത്തലില്‍ നിന്ന് മനസിലാക്കുന്നത്. അതുകൊണ്ട് കൃത്യമായ അന്വേഷണം ഉണ്ടാവണം, കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകണം.

പി ശശിക്ക് ഇതിലൊന്നും പങ്കില്ലെന്നാണ് ഇതുവരെയുള്ള കാര്യങ്ങളില്‍ നിന്ന് മനസിലായത്. എന്നാല്‍ പൊലീസിനെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്ന ആരോപണം ശരിയാണ്. മൈക്കിനെതിരെ കേസെടുക്കുന്നത് പോലെയുള്ള കോമാളിത്തങ്ങള്‍ക്ക് പിന്നില്‍ ശശിയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി പരിശോധിച്ച ശേഷം ശശിക്കെതിരെയും നടപടി വേണം. പുതികാലത്ത് പൊലീസിനെ നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള ഒരാളെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാന്‍ സിപിഎം തയ്യാറാകണം. പൊലീസില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നവരുണ്ടെങ്കില്‍ അവരെയെല്ലാം ഒഴിവാക്കണമെന്നും തന്ത്രപ്രധാന സ്ഥാനങ്ങളിലൊന്നും അവരെ നിയമിക്കാന്‍ പാടില്ലെന്നും പാർട്ടി അനുഭാവികളും പറയുന്നു. അത് സര്‍ക്കാരിന് മാത്രമല്ല, സംസ്ഥാനത്ത് തന്നെ ദോഷമായി മാറുമെന്നാണ് വാദം.

#KeralaPolitics #PVAnvar #ADGPAjithKumar #CorruptionAllegations #CPI(M) #PinarayiVijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia