Evicted | എന്തുകൊണ്ടാണ് അസം സര്‍ക്കാര്‍ 1500 മുസ്ലിം കുടുംബങ്ങളെ മാത്രം കുടിയൊഴിപ്പിച്ചത്? തൊട്ടടുത്തുള്ള മറ്റ് വീടുകള്‍ ഒഴിപ്പിച്ചില്ല


ബ്രഹ്‌മപുത്രനദിയിലെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും കാരണം നദിയുടെ തീരത്ത് താമസിച്ചിരുന്നവര്‍ 40 കൊല്ലം മുമ്പ് ഇവിടേക്ക് കുടിയേറുകയായിരുന്നു
അർണവ് അനിത
ഗുവഹാത്തി: (KVARTHA) അസമിലെ (Assam) കനത്തമഴ (Rain) ആയിരങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിന് പുറമെയാണ് റെയില്‍വേ (Railway) പുറമ്പോക്കില്‍ നാല്‍പ്പത് കൊല്ലമായി താമസിച്ചിക്കുന്ന 1500 കുടുംബങ്ങള്‍ (Families) കുടിയൊഴിപ്പിക്കപ്പെട്ടത് (Evicted). മോറിഗോണ്‍ (Morigaon) ജില്ലയിലാണ് സംഭവം. രണ്ടാഴ്ച നീണ്ട ശക്തമായ മഴയെ തുടര്‍ന്ന് നനഞ്ഞ പുസ്തകങ്ങളും വസ്ത്രങ്ങളും ഉണക്കാന്‍ റെയില്‍വേ ട്രാക്കില്‍ നിവര്‍ത്തിവച്ചപ്പോഴാണ് കുടിയിറക്കാന്‍ അധികൃതര്‍ എത്തിയതെന്ന് പത്താംക്ലാസുകാരി മമോനി ബീഗം പറഞ്ഞു.
ഇനിയെന്ത് എന്ന ചോദ്യവുമായി നിരവധി പേരാണ് ഇവിടെയുള്ളത്. ഹൈക്കോടതിയുടെ (High Court) സ്‌റ്റേ ഉത്തരവുണ്ടായിട്ടും കാക്കിയിട്ട കഴുകന്മാര്‍ കരുണ കാട്ടിയില്ലെന്നാണ് ആരോപണം. ബംഗാളില്‍ നിന്ന് കുടിയേറിയ മുസ്ലിംങ്ങളും ഹിന്ദുക്കളുമാണ് സില്‍ഭംഗ ഗ്രാമത്തില്‍ റെയില്‍വേ പുറമ്പോക്കില്‍ ജീവിക്കുന്നത്. തകരഷീറ്റും ടാര്‍പോളിനും ഉപയോഗിച്ചാണ് ഇവര്‍ കൂര ഉണ്ടാക്കിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന് പറഞ്ഞാണ് ഇവരുടെ വീടുകള്‍ക്ക് മുകളിലൂടെ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ ഉരുണ്ടതെന്നാണ് ആരോപണം.
നൂറുമീറ്റര്‍ അകലെ ഒരു ക്ഷേത്രവും ആശ്രമവും നിരവധി വീടുകളുമുണ്ട്. അവയ്ക്ക് നേരെ അധികാരികള്‍ കണ്ണടയ്ക്കുന്നുവെന്നും കാരണം അവര്‍ ഹിന്ദുക്കളാണെന്നും പ്രദേശവാസികൾ പറയുന്നു. ബിജെപി(BJP) സര്‍ക്കാര്‍ രാജ്യത്ത് മനുഷ്യരെ എത്ര ക്രൂരമായാണ് ഭിന്നിപ്പിക്കുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ടെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടപ്പോഴേ ഇവരെ ഒഴിപ്പിക്കുമെന്ന് എംഎല്‍എ (MLA) അടക്കമുള്ള പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സ്ഥലം എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രദ്യുത് ബര്‍ഡോളി ആരോപിച്ചു. തങ്ങളില്‍ പലരും ബിജെപിക്ക് വോട്ട് ചെയ്തവരാണെന്ന് കുടിയിറക്കപ്പെട്ടവര്‍ പറയുന്നു.
8000 പേരാണ് വഴിയാധാരമായത്. അനധികൃത കയ്യേറ്റമാണ് ഒഴിപ്പിച്ചതെന്ന് ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍ തൊട്ടടുത്തുള്ള ഹിന്ദുക്കളുടെ വീടുകള്‍ റെയില്‍വേ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. എന്തുകൊണ്ട് അവരെ ഒഴിപ്പിക്കുന്നില്ല, എന്ന ഇവരുടെ ചോദ്യത്തിന് മറുപടിയില്ല. മൂന്ന് തലമുറയായി തങ്ങളുടെ കുടുംബം ഇവിടെയാണ് താമസിക്കുന്നതെന്ന് മമോനി പറഞ്ഞു.
മമോനിയുടെ മുത്തശ്ശന്‍ ഇവിടെയാണ് ജീവിച്ചത്. അവളുടെ അമ്മയും അവളും സഹോദരനും ഈ വീട്ടിലാണ് ജനിച്ചത്. ഇവരെ ഇറക്കിവിട്ടിരിക്കുകയാണ്. തൊട്ടടുത്താണ് കാളിക്ഷേത്രം അത് പൊളിച്ചില്ല, വര്‍ഷങ്ങള്‍ പഴക്കമുളള മദ്രസയും മസ്ജിദിന്റെ മതിലും ഇടിച്ചുനിരത്തി. പ്രദേശത്ത് മറ്റൊരു മദ്രസയും രണ്ട് മസ്ജിദുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. മതത്തിന്റെ പേരിലാണോ തങ്ങളെ ഇറക്കിവിട്ടതെന്ന് അബ്ദുൽ ഖാസിം എന്ന 52കാരന്‍ ചോദിക്കുന്നു.
ഭിന്നശേഷിക്കാരിയായ മൊനുവാര ബീഗം (45) സര്‍ക്കാരിന്റേത് ഏകപക്ഷീയവും മനുഷ്യത്വരഹിതവുമായ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്. മുസ്ലിംങ്ങളായത് കൊണ്ടാണോ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. ഒഴിപ്പിക്കലിന് അധികൃതര്‍ എത്തിമ്പോള്‍ കോടതിയുടെ സ്‌റ്റേ ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയശേഷം നടപടികള്‍ നിര്‍ത്തിവെച്ചെന്ന് ഡെപ്യൂട്ടി കമ്മിഷ്ണര്‍ ദേവാശിഷ് ശര്‍മ അറിയിച്ചു.
ജാഗ്രിറോഡ് മണ്ഡലം എംഎല്‍എയും ബിജെപി നേതാവുമായ പിജൂഷ് ഹസാരിക പ്രദേശവാസികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നായിരുന്നു അത്. എന്നാല്‍ ബിജെപി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അനധികൃത കയ്യേറ്റമാണ് ഒഴിപ്പിച്ചതെന്നും വോട്ടെടുപ്പുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും പറഞ്ഞു.
ബ്രഹ്‌മപുത്രനദിയിലെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും കാരണം നദിയുടെ തീരത്ത് താമസിച്ചിരുന്നവര്‍ 40 കൊല്ലം മുമ്പ് ഇവിടേക്ക് കുടിയേറുകയായിരുന്നു. അന്ന് ഈ പ്രദേശത്ത് ഒരു പാറമടയും ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്റെ പേപ്പര്‍ മില്ലും ഉണ്ടായിരുന്നു. കുടിയേറിയവര്‍ ഈ രണ്ടിടത്തും ജോലി ചെയ്തിരുന്നു. ഇന്ന് രണ്ടും അടച്ചുപൂട്ടിയിരിക്കുകയാണ്. പേപ്പര്‍ മില്‍ 2017ലാണ് പൂട്ടിയത്. അതോടെ പലരും നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിയേറി. മറ്റുള്ളവര്‍ ഇവിടെ തന്നെ തങ്ങി.
സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 12ന് റെയില്‍വേ (Railway) അധികൃതര്‍ പ്രദേശവാസികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനുളളില്‍ മാറണമെന്ന നോട്ടീസ് വീടുകളിലും മരങ്ങളിലും പതിച്ചിരുന്നു. തങ്ങളുടെ വീടുകളിലൊന്നും നോട്ടീസ് പതിപ്പിക്കുകയോ, നോട്ടീസ് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് ഹിന്ദു വിഭാഗം പറഞ്ഞപ്പോള്‍ തങ്ങള്‍ ഞെട്ടിയെന്ന് അബ്ദുൽ കരീം എന്നയാള്‍ പറഞ്ഞു. പ്രദേശത്ത് റെയില്‍വേയ്ക്ക് 124 ഏക്കര്‍ ഭൂമിയാണുള്ളത്. ഇവിടെയാണ് 1500 മുസ്ലിം കുടുംബങ്ങളും 80 ഹിന്ദു കുടുംബങ്ങളും കഴിയുന്നത്. ഹിന്ദുക്കള്‍ നേപ്പാളില്‍ നിന്ന് കുടിയേറിയവരാണ്.
രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെ ഒഴിഞ്ഞു പോകണമെന്ന് പലവിധത്തില്‍ പറഞ്ഞ ശേഷമാണ് നടപടി തുടങ്ങിയതെന്നും ഇത് രണ്ട് മണിക്കൂറേ നീണ്ട് നിന്നുള്ളൂ എന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഹിന്ദുക്കളുടെ വീടുകള്‍ സ്ഥതി ചെയ്യുന്ന ഭാഗത്തേക്ക് ബുള്‍ഡോസറുകള്‍ (Bulldozer) എത്തും മുമ്പ് കോടതി ഉത്തരവ് ലഭിച്ചെന്നും അതുകൊണ്ടാണ് നടപടി അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചോളം ഗോത്ര വര്‍ഗക്കാരുടെ (Tribe) വീടുകള്‍ അവര്‍ തന്നെയാണ് തകര്‍ത്തതെന്നും ചൂണ്ടിക്കാട്ടി. ക്വാറിയുടെ മറുവശത്ത് , പേപ്പര്‍ മില്ലിന് സമീപമുള്ള രണ്ട് ഹിന്ദു കുടുംബങ്ങള്‍ സ്വമേധയാ അവരുടെ വീടുകള്‍ പൊളിച്ചുമാറ്റിയതായി മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതല്ലാതെ പ്രദേശത്തെ ഒരു ഹിന്ദു വീട് പോലും തകര്‍ത്തിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് അസമില്‍ നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.