BJP president | ബിജെപിയില്‍ ആരാകും അടുത്ത 'ജെ.പി നദ്ദ'; അമ്പാനേ സാധ്യതകള്‍ ഇങ്ങിനെ
/അര്‍ണവ് അനിത
(KVARTHA) മൂന്നാം മോദി മന്ത്രിസഭയില്‍ ജയപ്രകാശ് നദ്ദ എന്ന ജെ പി നദ്ദ ആരോഗ്യമന്ത്രിയായതോടെ അടുത്ത ബിജെപി പ്രസിഡന്റ് ആരാണെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. 2023 ജനുവരിയില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ ജൂണ്‍ വരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി സി.ആര്‍ പാട്ടീല്‍, ശിവരാജ് സിംഗ് ചൗഹാന്‍, ഭൂപേന്ദര്‍ യാദവ് എന്നിവരില്‍ ആരെങ്കിലും എത്തുമെന്നായിരുന്നു മുമ്പത്തെ സൂചന. എന്നാല്‍ ഇവരെല്ലാം മോദി 3.0 ക്യാബിനറ്റില്‍ കടന്നതിനാല്‍ ആ സാധ്യതകള്‍ മങ്ങി. മോദിയുടെയും അമിത് ഷായുടെയും ചങ്കുകളെ മാത്രമേ അധ്യക്ഷപദവിയിലിരുത്തൂ എന്നുറപ്പാണ്. അതുകൊണ്ട് ആരായിരിക്കും അത് എന്ന ചോദ്യത്തിന് ആറ് സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകരും ദേശീയ മാധ്യമങ്ങളും പറയുന്നത്.
ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സലിനാണ് ഏറ്റവും കൂടുതല്‍ സാധ്യത. ഇദ്ദേഹം അമിത് ഷായുടെ വിശ്വസ്തനും ആര്‍എസ്എസ് മുന്‍ പ്രചാരകനുമാണ്. രാജസ്ഥാന്‍ സ്വദേശിയായ സുനിലിന് സംഘപരിവാറിലെ പലരുമായും അടുപ്പവും പിന്തുണയുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ആര്‍എസ്എസിന്റെ സഹായം ഇനി വേണ്ടെന്ന് നദ്ദ തുറന്നടിച്ചത് വലിയ വിവാദമായിരുന്നു. ബിജെപി വളര്‍ന്നുകഴിഞ്ഞെന്നും ഒറ്റയ്ക്ക് നില്‍ക്കാനുള്ള കരുത്തുണ്ടെന്നുമുള്ള അഭിപ്രായം വലിയ വിവാദമായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ ബിജെപിക്ക് 303 എന്ന മൃഗീയഭൂരിപക്ഷം കിട്ടിയതോടെ മോഡി ആര്‍എസ്എസുമായി അകലം പാലിച്ചിരുന്നു. പ്രധാനപ്പെട്ട കാര്യങ്ങളൊന്നും അവരുമായി ആശയവിനിമയം നടത്തിയിരുന്നില്ല.
പ്രധാനമന്ത്രിയോട് എന്തെങ്കിലും പറയാന്‍ ആര്‍എസ്എസ് ചുമതലപ്പെടുത്തിയിരുന്നവരുമായി അദ്ദേഹം അടുപ്പം കാണിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് സംഘപരിവാറുമായി അടുക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ അഞ്ച് കൊല്ലം ഒറ്റയ്ക്ക് ഭരിച്ചവര്‍ ഒറ്റയ്ക്ക് ഇലക്ഷനെ നേരിട്ടാല്‍ മതിയെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് നദ്ദ തുറന്നടിച്ചത്. അതുകൊണ്ട് ആര്‍എസ്.എസുമായി നല്ല രീതിയില്‍ മുന്നോട്ടുപോകാന്‍ മോദിക്കും ഷായ്ക്കും സുനില്‍ ബന്‍സലിനെ വേണം. കഴിഞ്ഞ തവണ ബിജെപി യുപിയില്‍ നേടിയ വലിയ വിജയത്തിന്റെ ശില്പി സുനിലായിരുന്നു. 2014ല്‍ അമിത് ഷായ്‌ക്കൊപ്പം യുപിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രധാന നേതൃത്വം വഹിച്ചതും സുനിലാണ്. ഉത്തര്‍പ്രദേശിലെ വിജയങ്ങള്‍ക്ക് ശേഷം ഒഡീഷ, തെലങ്കാലയിലെ ചാര്‍ജ്ജും നല്‍കി. സംഘടനാ തലത്തിലെ മികവും ആര്‍എസ്എസുമായുള്ള അടുപ്പവും സുനിലിന് അനുഗ്രഹമാകുമെന്നാണ് വിലയിരുത്തല്‍.
മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദ് തോഡും അധ്യക്ഷപദത്തിലെത്താനുള്ള യോഗ്യതയുണ്ട്. നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. 2022ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും കോ-ഓഡിനേറ്ററായിരുന്നു. അങ്ങനെയാണ് ദേശീയ നേതൃത്വത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി, മഹാരാഷ്ട്ര മന്ത്രിവരെയായി. വളരെ മാന്യനും സൗമ്യനുമാണ് എന്നതാണ് പ്രധാന ആകര്‍ഷണം. അതുകൊണ്ടാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് പെട്ടെന്ന് ഉയരാനായത്. മറാത്ത സമുദായക്കാരനാണെന്നതും അനുഗ്രഹമാണ്. സംവരണ പ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുമായി മറാത്തക്കാര്‍ പ്രക്ഷോഭത്തിലാണ്. അവരെ അനുനയിപ്പിക്കാന്‍ വിനോദിന്റെ നിയമനത്തിലൂടെ കഴിഞ്ഞേക്കും. മാത്രമല്ല ഇക്കൊല്ലം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാനുമാകുമെന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.
രണ്ടാം മോദിസര്‍ക്കാരിലെ ലോക്‌സഭാ സ്പീക്കറായിരുന്ന ഓം ബിര്‍ളയും പ്രസിഡന്റ് ആയേക്കാം. ആര്‍.എസ്.എസുമായുള്ള അടുപ്പാണ് പ്രധാന കാരണം. കോട്ട മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ഇത്തവണയും വിജയിച്ചിരുന്നു. മോദി-അമിത്ഷാ-ആര്‍എസ്എസ് ഈ മൂന്ന് ത്രയങ്ങളുടെയും വിശ്വസ്തനായ അപൂര്‍വ്വം വ്യക്തിത്വങ്ങളേ ബിജെപിയിലുള്ളൂ. അതിനാല്‍ ബിര്‍ള ദേശീയരാഷ്ട്രീയത്തിന്റെ അമരത്തെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
സംഘടനാ തലത്തിലും ആര്‍എസ്എസിലും പ്രവര്‍ത്തനമികവുള്ള മറ്റൊരു മുതിര്‍ന്ന നേതാവാണ് ഓം മാതൂര്‍. യുപി, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് മാതൂറാണ്. കഴിഞ്ഞ കൊല്ലം നടന്ന ചത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി ഭരണം പിടിച്ചെടുത്തതില്‍ മുഖ്യ കണ്ണിയാണ്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള വ്യക്തിയല്ലെങ്കിലും സംഘടനാ തലത്തില്‍ അറിവും പ്രാപ്തിയും കഴിവും ഉള്ളയാളാണ്. അതുകൊണ്ട് നേതാക്കളുമായെല്ലാം അടുത്തബന്ധമുണ്ട്. ഇതെല്ലാം അനുകൂലഘടകങ്ങളാണ്.
മൂന്നാമൂഴത്തില്‍ മോദി ഒഴിവാക്കിയ അനുരാഗ് താക്കൂറും പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തിയേക്കാം. കഴിഞ്ഞ സര്‍ക്കാരില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു ഹിമാചലിലെ ഹമിര്‍പൂരില്‍ നിന്നു ഈ എം.പി. അനുരാഗ് വരുമ്പോള്‍ പാര്‍ട്ടിക്ക് യുവമുഖം ലഭിക്കും. പാര്‍ട്ടിയില്‍ നിന്നകന്ന യുവതയെ തിരികെ കൊണ്ടുവരാനാകും. യുവമോര്‍ച്ചയുടെ മുന്‍ ദേശീയപ്രസിഡന്റായിരുന്നു എന്നതും അനുകൂലമാണ്. സംഘടനാതലത്തിലും മികച്ച പ്രവര്‍ത്തകനാണ്. ജെ.പി നദ്ദയും ഹിമാചല്‍ പ്രദേശുകാരനാണ് എന്നത് അനുരഗിന് തിരിച്ചടിയായേക്കും. ഒരേ സംസ്ഥാനത്തുള്ളവര്‍ക്ക് അധ്യക്ഷപദവി നല്‍കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയേക്കാം.
ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിയായ ബിഎല്‍ സന്തോഷ് പാര്‍ട്ടിയിലെ അധികാരകേന്ദ്രങ്ങളിലൊരാളാണ്. മോദിയും ഷായും കഴിഞ്ഞാല്‍ അടുത്തതാരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ്. മികച്ച ആര്‍എസ്എസ് പ്രചാരകനാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സംഘടാ തലത്തിലും സൈദ്ധാന്തികമായും പാര്‍ട്ടിയെ ശക്തമാക്കാന്‍ കരുത്തും ശേഷയുമുള്ള അപൂര്‍വ്വം നേതാക്കളില്‍ ഒരാള്‍. പല സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. സംഘടനാ തലത്തിലുള്ള കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിക്കുന്നത് ഇദ്ദേഹമാണ്. അതുകൊണ്ട് മാധ്യമങ്ങളില്‍ ഈ പേര് നിറഞ്ഞുനില്‍ക്കുന്നതാണ്. 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം ബി എല്‍ സന്തോഷാണെന്നാണ് അവിടുത്തെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. യെദ്യൂരപ്പയെ വെട്ടിനിരത്താന്‍ സന്തോഷ് ചെയ്ത പരിപാടികളെല്ലാം തിരിച്ചടിയായി. എന്നാല്‍ ഇതൊന്നും അദ്ദേഹത്തിന്റെ കസേരയ്ക്ക് ഇളക്കം വരുത്തുന്ന കാര്യങ്ങളല്ല.
കഴിഞ്ഞ രണ്ട് മോദി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പ്രസിഡന്റുമാരെ പോലെയുള്ള അധ്യക്ഷനെയല്ല ഇത്തവണ ബിജെപിക്ക് വേണ്ടത്. കാരണം കൂട്ടുകക്ഷി മന്ത്രിസഭയാണ് , അതിനെ നയപരമായി കൊണ്ടുപോകാനുള്ള നയവും ചാതുരിയും വേണം. അയയേണ്ടപ്പോള്‍ അയയാനും മുറുകേണ്ടപ്പോള്‍ മുറുകാനും കഴിയണം. അതായത് അമ്പാനേ. നല്ല ഫ്ലക്‌സിബിളാകണം. അതല്ലെങ്കില്‍ പണി പാളും അമ്പാനേ..