Profile | ആരാണ് പി സരിൻ? സിവിൽ സർവീസില്‍ ഉന്നത റാങ്ക്; എംബിബിഎസ് ബിരുദം; രണ്ടും വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തിലെത്തിയ അപൂർവ ജീവിതം അറിയാം


● ഐഎഎസ് പരീക്ഷയിൽ 555-ാമത് റാങ്ക് നേടി.
● കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കി.
● 2016-ൽ സിവിൽ സർവീസിൽ നിന്ന് രാജിവച്ചു.
● ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ചു.
പാലക്കാട്: (KVARTHA) ഡോ. പി സരിൻ എന്ന പേരാണ് ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്ന് പാലക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയ രംഗത്തെ വേറിട്ട വ്യക്തിത്വമാണ് അദ്ദേഹം. എംബിസിഎസ് ബിരുദവും സിവിൽ സർവീസിൽ ഉന്നത ഉദ്യോഗവും ഉണ്ടായിട്ടും രാഷ്ട്രീയത്തെ തിരഞ്ഞെടുത്ത സരിനെ കുറിച്ചറിയാം.
ആരാണ് ഡോ. പി സരിൻ?
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും രാജിവച്ച് രാഷ്ട്രീയത്തിലേക്ക് കടന്ന ഒരു യുവനേതാവാണ് ഡോ. പി സരിൻ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ സരിൻ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ശേഷം 2008ൽ സിവിൽ സർവീസ് പരീക്ഷയിൽ 555-ാമത് റാങ്ക് നേടിയിരുന്നു. ഇന്ത്യൻ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സരിൻ, തിരുവനന്തപുരത്തും കർണാടകയിലും നാല് വർഷം ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചു.
സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിലേക്ക്
2016ൽ കുടുംബത്തിന്റെ എതിർപ്പുകൾ മറികടന്ന്, ഐഎഎഎസിൽ നിന്നും രാജിവച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുമാറി. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ സ്ഥിരമായ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന സരിന്റെ തീരുമാനം പലരെയും അമ്പരിപ്പിച്ചു. എന്നാൽ സരിൻ പറയുന്നത്, രാജ്യത്തിന്റെ സേവനം എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ തീരുമാനം എടുത്തതെന്നാണ്. സിവിൽ സർവീസിലെ അനുഭവങ്ങൾ തനിക്ക് രാജ്യത്തെക്കുറിച്ച് ഒരു വ്യക്തമായ ധാരണ നൽകിയെന്നും അത് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറയുന്നു.
കോൺഗ്രസിൽ സജീവം
രാഷ്ട്രീയത്തിൽ സജീവമായ ശേഷം സരിൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐ.ടി സെല്ലിലും സജീവമായി പ്രവർത്തിച്ച സരിൻ, യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ മത്സരിച്ച് സംസ്ഥാന സെക്രട്ടറിയായി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോൽക്കേണ്ടി വന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിവാദം
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് സംബന്ധിച്ച് സരിൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ഈ തീരുമാനത്തെ വിമർശിച്ച് സരിൻ രംഗത്തുവന്നത് കോൺഗ്രസിൽ ചർച്ചകൾക്ക് വഴിവച്ചു. കോൺഗ്രസിനെതിരെയും വിഡി സതീശനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്തായി. ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്നും വ്യക്തമാക്കിയ സരിൻ പുതിയ രാഷ്ട്രീയ വഴികളിലൂടെ സഞ്ചരിക്കുകയാണ്.
#P_Sarin #Civil_Service #Politics #Kerala #YouthLeader #Congress