Crisis | ജനം താണ്ഡവം തുടങ്ങിയാൽ ഏകാധിപതികൾ അവസാനം ഇറങ്ങിയോടും; ഷെയ്ഖ് ഹസീനയ്ക്ക് സംഭവിച്ചത്!

 
Crisis

Photo Credit: X/ Tarique Rahman

ബംഗ്ലാദേശിൽ ജനങ്ങൾ പൊറുതിമുട്ടി. ക്ഷമ കെട്ടപ്പോൾ അവിടത്തെ കിരാത ഭരണത്തിനെതിരെ പ്രതികരിച്ചു. പെരിച്ചാഴിയെ പുകയിട്ട് പുറത്ത് ചാടിച്ചതാണ് എന്ന് തന്നെ പറയേണ്ടി വരും

സോണി കല്ലറയ്ക്കൽ

(KVARTHA) ഏകാധിപതികൾ എല്ലാം അവസാനം ഇറങ്ങി ഓട്ടം തന്നെ. ജനം ഇറങ്ങി താണ്ഡവം തുടങ്ങിയാൽ ഇത് തന്നെ അവസ്ഥ. ഒരു പരിധി വരെ അടിച്ചമർത്താം, അത് കഴിഞ്ഞാൽ ഇറങ്ങി ഓടാം. ഷെയ്ഖ് ഹസീന ചെറുതായിട്ട് ഏകാധിപതിയാകാൻ നോക്കിയതായിരുന്നു, ജനംഇളകി, പരിപാടി പൊളിഞ്ഞു നാടുവിടേണ്ടിവന്നു. എല്ലാ ഏകാധിപതികൾക്കും ഒരന്ത്യമുണ്ട്. എതിർ രാഷ്ട്രീയ പാർട്ടികളിലെ നിരവധി നേതാക്കളെ തൂക്കിക്കൊന്ന ഏകാധിപതി ആയിരുന്നു ഹസീന. ഇത് ലോകരാജ്യങ്ങളിലെ ഭരണാധികാരികൾക്ക് എല്ലാ ഒരു പാഠമാകട്ടെ.

Crisis

സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച്  ബംഗ്ലദേശ് വിട്ട ഷെയ്ഖ് ഹസീന ഡൽഹിയിലാണ് ഇപ്പോഴുള്ളത്. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ഡൽഹിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശിൽ സമരം തുടങ്ങിയത്.

Crisis 

വിദ്യാർത്ഥികളല്ല, ഭീകരർ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്. മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്‍റേയും പൊലീസിന്റെയും വെടിവെപ്പിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടു. സമരക്കാരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാരും മരിച്ചു. തിങ്കളാഴ്ച  പതിനായിരക്കണക്കിന് പ്രക്ഷോഭകർ പട്ടാളത്തിന്റെ മുന്നറിയിപ്പ് മറികടന്ന് തെരുവിലിറങ്ങി പ്രധാനമന്ത്രി  ഹസീനയുടെ ഔദ്യോഗിക വസതി ആയ ഗണഭവനിലക്ക് നീങ്ങി. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഹസീന സഹോദരി രഹാനയ്ക്കൊപ്പം സൈനിക ഹെലികോപ്റ്ററിൽ സ്ഥലം വിട്ടു. 

Crisis

സൈന്യം കൂടി കൈ ഒഴിഞ്ഞതോടെയാണ് ഹസീന രാജ്യം വിട്ടത് എന്നാണ് സൂചന. പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ വിലപിടിച്ചതെല്ലാം കൊള്ളയടിച്ചു. ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിന്റെ വീടും ജനക്കൂട്ടം കൊള്ളയടിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുറഹ്മാന്റെ പ്രതിമ ധാക്കയിൽ തകർത്തു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും എല്ലാ പാർട്ടികളുമായി ചർച്ച തുടങ്ങിയെന്നും സൈനിക മേധാവി വഖാറുസമാൻ പ്രഖ്യാപിച്ചു. അക്രമം അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വനം ചെയ്തു. 

ബംഗ്ലാദേശിൽ ജനങ്ങൾ പൊറുതിമുട്ടി. ക്ഷമ കെട്ടപ്പോൾ അവിടത്തെ കിരാത ഭരണത്തിനെതിരെ പ്രതികരിച്ചു. പെരിച്ചാഴിയെ പുകയിട്ട് പുറത്ത് ചാടിച്ചതാണ് എന്ന് തന്നെ പറയേണ്ടി വരും. അക്രമകാരികളായ ഭരണകർത്താക്കളുടെ അവസ്ഥ ഇതൊക്കെ തന്നെയാണ് എന്ന് മറക്കേണ്ട. ഇതിൽ നിന്നുണ്ടായ ഒരു കാര്യം, ആർക്കും തുടർ ഭരണം കൊടുക്കാതിരിക്കുക എന്നാണെന്നും,  കൊടുത്താൽ ആ രാജ്യം നശിപ്പിച്ചു കയ്യിൽ കൊടുക്കുമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പ്രതികരണം. എല്ലാ ഏകാധിപതികൾക്കും ഉള്ള താക്കീത് ആണ് ഈ സംഭവം എന്നാണ് നെറ്റിസൻസ് വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരത്തിൽ ഇരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന. ഏകാധിപതകളിൽ കാണുന്ന പ്രവണയാണിത്. പക്ഷെ, വിദ്യാർത്ഥി പ്രക്ഷോഭം വിജയം കണ്ടു. അഹങ്കാരവും അക്രമവും കൊണ്ട് ഒരു ഭരണാധികാരിക്കും അധികനാൾ ഒരു ജനതയെ ഭരിക്കാനാവില്ല. ഇത് എല്ലാ ഭരണാധികാരികൾക്കും ഒരു പാഠമാകേണ്ടതാണ്. അഴിമതി കാണിച്ചാൽ പാർട്ടി നോക്കാതെ എതിർക്കണം. ജനങ്ങൾ ഇത് കണ്ട് പഠിക്കണം. അപ്പോൾ രാജ്യം നന്നായി തുടങ്ങും. ജനങ്ങൾ തെരെഞ്ഞെടുത്ത ഒരു സർക്കാരിന്റെ പ്രധാനമന്ത്രി. അവരുടെ ഇന്നത്തെ ഒരു അവസ്ഥ നോക്കു, സുരക്ഷക്ക് വേറൊരു രാജ്യത്തെ ആശ്രയിക്കേണ്ടി വരുന്നു. ശരിക്കും ഇതിന് പറയുന്ന പേരാണ് ഗതികേട് എന്ന്. 

1971 ലെ യുദ്ധത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉണ്ടായിരുന്ന സംവരണം പുനഃസ്ഥാപിച്ച വിധി പുറപ്പെടുവിച്ചത് ബംഗ്ലാദേശ് കോടതി ആണ്. ആ വിധി റദ്ദാക്കണം എന്നതിൽ തുടങ്ങി ഈ രാജ്യവ്യാപക പ്രതിഷേധം. കോടതി നിർദേശ പ്രകാരം തന്നെ സർക്കാർ അത് റദ്ദാക്കി. രാജ്യത്തെ കോടതികൾ വിധിക്കുന്ന നിയമങ്ങൾ ജനഹിതം നോക്കി കൂടി ആയിരിക്കണമെന്നാണ് ഉയരുന്ന അഭിപ്രായം. ഇന്ത്യയിലെ മണിപ്പൂരിലും ഇന്നും തുടരുന്ന പ്രശ്നങ്ങൾ ഇതുപോലെ സംവരണം സംബന്ധിച്ച കോടതി വിധിക്ക് എതിരെ തുടങ്ങിയതാണ് എന്നാണ് പറയുന്നത്.

ബംഗ്ലാദേശികൾ നുഴഞ്ഞുകയറുകയാണ് എന്നും പറഞ്ഞ് അസാമിൽ പ്രശ്നമാക്കുന്നവർ തന്നെ ഉള്ളിൽക്കൂടെ ഹസീനയുമായി ബന്ധവും വെച്ചുപുലർത്തുന്നുവെന്നത് വിചിത്രമായി തോന്നാം. എന്തായാലും ജനം ഇറങ്ങി താണ്ഡവം തുടങ്ങിയാൽ ഏകാധിപതികൾ അവസാനം ഇറങ്ങി ഓടും.ഷെയ്ഖ് ഹസീനയ്ക്ക് സംഭവിച്ചത്
മറ്റൊരാൾക്കും ഉണ്ടാകാതിരിക്കട്ടെ. ജനഹിതം അറിഞ്ഞ് ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്നവരാകണം ഭരണകർത്താക്കൾ. അവരുടെ വേദനകളും പ്രയാസങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും കണ്ടില്ലെന്ന് നടിക്കരുത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia