By-Election | കേരളത്തിൽ നടന്ന 3 ഉപതിരഞ്ഞെടുപ്പുകൾക്ക് എന്ത് പുതുമയാണ് ഉണ്ടായത്? ജനങ്ങൾ മണ്ടന്മാരായത് മിച്ചം

 
whats new in the 3 by-elections held in kerala the people
Watermark

Image Credit: Facebook / Election Commission of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേരളത്തിലെ 3 ഉപതിരഞ്ഞെടുപ്പുകളും വളരെ മാറ്റം ഇല്ലാതെ നടന്നതായി വിമർശകർ അഭിപ്രായപ്പെടുന്നു.
● 'ഇവിടെ എന്തും ആകാമെന്ന നിലവാരത്തിൽ എത്തിയിരിക്കുന്നു ഇവിടത്തെ ഓരോ രാഷ്ട്രീയ പാർട്ടിയും അതിൻ്റെ നേതാക്കളും'. 

കെ ആർ ജോസഫ്

(KVARTHA) ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു ഉപതെരഞ്ഞെടുപ്പാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്നതെന്ന് ഓർക്കണം. നിലവിൽ കോൺഗ്രസിൻ്റെ കയ്യിലിരുന്ന പാലക്കാട് നിയമസഭാ സീറ്റിൽ വീണ്ടും ജയിച്ചത് കോൺഗ്രസ് പ്രതിനിധി തന്നെ. ചേലക്കര നിയമസഭാ സീറ്റ് എൽ.ഡി.എഫിൻ്റെ കയ്യിൽ ഇരുന്ന സീറ്റ് ആണെന്നതിൽ ആർക്കും യാതൊരു തർക്കവും ഉണ്ടെന്ന് തോന്നുന്നില്ല. ഈ ഉപതെരഞ്ഞെടുപ്പിൽ അവിടെ വിജയിച്ചത് എൽ.ഡി.എഫ് പ്രതിനിധി തന്നെ. 

Aster mims 04/11/2022

പിന്നെ വയനാട് ലോക് സഭാ മണ്ഡലം. കോഴിക്കോട് വിഭജിച്ച് വയനാട് ലോക് സഭാ മണ്ഡലം രൂപീകൃതമായ അന്ന് മുതൽ കോൺഗ്രസ് പ്രതിനിധികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലം ആണ്. ഏത് കുറ്റിച്ചൂലിനെ പോലും യു.ഡി.എഫിൻ്റെ പേരിൽ അവിടെ നിർത്തിയാലും വിജയിപ്പിച്ചെടുക്കാൻ പറ്റുന്ന മണ്ഡലം. അവിടെ കോൺഗ്രസിൻ്റെ പ്രധാന മുഖങ്ങളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ മത്സരിച്ചപ്പോൾ വലിയ ഭൂരിപക്ഷം അവർക്ക് ലഭിച്ചു എന്നതിൽ കവിഞ്ഞ് ഈ ലോക് സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനും വേറെ എന്ത് പ്രത്യേകതയാണ് ഉള്ളത്. അല്ലെങ്കിൽ എന്ത് പുതുമയാണ് അവകാശപ്പെടാനുള്ളത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ രാഹൂൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും മത്സരിക്കാതെ  റായ്ബറേലിയിൽ മത്സരിച്ച് പ്രിയങ്കയെ വയനാട്ടിൽ നിർത്തിയിരുന്നെങ്കിൽ പോലും പ്രിയങ്കാ ഇതുപോലെ തന്നെ വലിയ ഭൂരിപക്ഷത്തിൽ വയനാട്ടിൽ നിന്ന് ജയിക്കുമായിരുന്നു. ഒരു ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കി ജനങ്ങളുടെ അധിക ബാധ്യത ഒഴിവാക്കുകയും ചെയ്യാമായിരുന്നു. പ്രിയങ്കരി പ്രിയങ്കാ എന്നൊക്കെ പറഞ്ഞ് ചിലർ മാധ്യമങ്ങളിൽ നിന്ന് ആർത്ത് വിളിക്കുമ്പോൾ ശരിക്കും തോന്നിയ വികാരം പുച്ഛം തന്നെയായിരുന്നു. ഇങ്ങനെ ആർത്ത് വിളിച്ചവർ യാഥാർത്ഥ്യം ഒളിപ്പിച്ച് വെയ്ക്കുന്നതിലൂടെ എന്ത് പ്രതിബദ്ധതയാണ് സമൂഹത്തോടും ജനങ്ങളോടും ഉള്ളതെന്ന് ചിന്തിക്കണം. 

കേരളത്തിൽ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളും ഇവിടുത്തെ ജനങ്ങളെ മണ്ടന്മാരാക്കുകയായിരുന്നു എന്ന് വേണം പറയാം. അതിന് ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഉത്തരം പറയേണ്ടിരിക്കുന്നു. ഇവിടെ എന്തും ആകാമെന്ന നിലവാരത്തിൽ എത്തിയിരിക്കുന്നു ഇവിടത്തെ ഓരോ രാഷ്ട്രീയ പാർട്ടിയും അതിൻ്റെ നേതാക്കളും. വടകരയിൽ കോൺഗ്രസിന് സിറ്റിംഗ് എം.പി ഉണ്ടായിരിക്കെ അദ്ദേഹത്തെ അവിടെ നിന്നും മാറ്റി പാലക്കാട് നിന്നുള്ള നിയമസഭാ പ്രതിനിധിയെ വടകരയിൽ മത്സരിപ്പിക്കുകയായിരുന്നു. പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ എക്കാലവും പാലക്കാടുകാർക്ക് പ്രിയങ്കരൻ തന്നെ ആയിരുന്നു. 

അദ്ദേഹത്തിന് പോലും താല്പര്യമില്ലാതിരുന്നിട്ടും പാലക്കാട് നിന്ന് മാറ്റി വടകര ലോക് സഭാ മണ്ഡലത്തിൽ കൊണ്ട് വന്ന് മത്സരിപ്പിച്ചതിൻ്റെ ചേതോവികാരമാണ് മനസ്സിലാകാത്തത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ എത്തിയാൽ ഒരുപക്ഷേ,  സംസ്ഥാന മന്ത്രിയാകേണ്ട ആൾ കൂടിയായിരുന്നു ഷാഫി പറമ്പിൽ. മന്ത്രിയേക്കാൾ വലിയ പദവിയോ ഈ എം.പി സ്ഥാനം എന്നതും ഈ അവസരത്തിൽ ചിന്തിക്കപ്പെടേണ്ടതാണ്. 

വടകരയിൽ അതുവരെ ഉണ്ടായിരുന്ന എം.പി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് കെ മുരളീധരൻ കരുത്തനും ശക്തനുമാണെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തെ വടകരയിൽ നിന്ന് മാറ്റി തൃശൂരിൽ സ്ഥാപിച്ചാണ് പാലക്കാട് എൽ.എൽ.എ ആയിരുന്ന ഷാഫിയെ വടകരയിൽ മത്സരിപ്പിച്ചത്. ഇതിനോട് യാതൊരു യോജിപ്പും ഇല്ലാത്ത ധാരാളം പേർ ഇപ്പോഴും കോൺഗ്രസിൽ ഉണ്ടെന്നുള്ളതാണ് സത്യം. കെ മുരളീധരൻ തൃശൂർ ലോക് സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് അനിവാര്യതയാണെന്ന് തോന്നിയിരുന്നെങ്കിൽ ഇപ്പോൾ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തന്നെ വടകരയിൽ മത്സരിപ്പിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു. 

അതുപോലെ തന്നെയാണ് ചേലക്കരയും. ചേലക്കര നിയമസഭാ മണ്ഡലവും ആലത്തൂർ ലോക് സഭാ മണ്ഡലവും ശരിക്കും എൽ.ഡി.എഫിന് വേരോട്ടമുള്ള മണ്ഡലങ്ങളാണ്. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചത് തികച്ചും സഹതാപതരംഗം കൊണ്ട് മാത്രമാണ്. എന്നും സഹതാപം കൊണ്ടു മാത്രം വിജയിക്കാനാവില്ലെന്ന് എല്ലാവർക്കും അറിയാം. ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണൻ അല്ല ആര്  എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിന്നാലും രമ്യാ ഹരിദാസിനെ പരാജപ്പെടുത്താൻ പറ്റുമായിരുന്നെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു. 

അതിന് ചേലക്കരയിൽ നിന്നുള്ള നിയമസഭാ പ്രതിനിധി മന്ത്രി കെ രാധാകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കാനാണ് തൊഴിലാളി പാർട്ടിയായ സി.പി.എം നിലപാട് എടുത്തത്. മന്ത്രിയെന്നുള്ള നിലയിൽ ക്ലീൻ ഇമേജുള്ള രാധാകൃഷ്ണൻ കേരളത്തിൽ തന്നെ നിൽക്കേണ്ടത് വളരെ അത്യാവശ്യം ആയിരുന്നു. ഭാവിയിൽ എൽ.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരെ പരിഗണിക്കാൻ അർഹതയുള്ള നേതാവാണ് കെ. രാധാകൃഷ്ണൻ. അദ്ദേഹത്തെ ലോക് സഭയിലേയ്ക്ക് അയയ്ക്കുക വഴി തൊഴിലാളി സ്നേഹപാർട്ടിയും ജനങ്ങളുടെ തലയിൽ അധിക ബാധ്യത വെച്ചു കൊടുത്തു. 

ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മറ്റ് പുതുമകൾ ഒന്നും ഉണ്ടായില്ല. രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും എടുത്താൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഒന്നിച്ച് എം.പി ആയിരിക്കുകയാണ്. എം.പിമാരുടെ എല്ലാ ആനുകൂല്യങ്ങൾ ഇവർക്ക് മൂന്ന് പേർക്കും ഒരുപോലെ അനുഭവിക്കാം. ഇനി പ്രിയങ്കയുടെ ഭർത്താവും കൂടിയേ ലോക്സഭയിൽ എത്താനുള്ളു. അതുകൂടി വൈകാതെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാമോ?

അപ്പോഴും പാടും ചിലർ പ്രിയങ്കരി പ്രിയങ്ക എന്നൊക്കെ. പ്രിയങ്കയൊക്കെ സുരക്ഷിത സ്ഥലം മാത്രം നോക്കി മത്സരിക്കാതെ യു.പി യിലോ മറ്റോ മത്സരിച്ചിരുന്നെങ്കിൽ കോൺഗ്രസിനെ പഴയ പ്രതാപത്തിലേയ്ക്ക് ഉയർത്തിക്കൊണ്ടു വരാമായിരുന്നു. പ്രിയങ്കയുടെ വയനാട്ടിലെ ഈ വിജയം പോലും ശത്രുക്കൾക്ക് ഭാവിയിൽ കോൺഗ്രസിനെതിരെ ഒരു ആയുധം തന്നെ. എന്തായാലും ആവശ്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പുകൾ ജനങ്ങൾക്ക് സമ്മാനിച്ചത് അമിത ബാധ്യത മാത്രം. ശരിക്കും മണ്ടന്മാരായത് ഇവിടുത്തെ പാവപ്പെട്ട് ജനവും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia