UP Politics | യുപിയിൽ യോഗിക്കെതിരെ പടയൊരുക്കമോ? ജെപി നദ്ദയുമായി ഉപമുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഊഹാപോഹങ്ങൾ
പാർട്ടിയിലും സർക്കാരിലും അഭിപ്രായ ഭിന്നത വർധിച്ചിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ
ന്യൂഡെൽഹി: (KVARTHA) ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നു. സംസ്ഥാനത്ത് പാർട്ടിയിലും സർക്കാരിലും അഭിപ്രായ ഭിന്നത വർധിച്ചിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഞായറാഴ്ച ലക്നൗവിൽ നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ, സർക്കാരിനേക്കാൾ വലുതാണ് പാർട്ടിയെന്ന് മൗര്യ പറഞ്ഞിരുന്നു. മൗര്യയുടെ ഈ പ്രസ്താവന മുഖ്യമന്ത്രി യോഗിയെ ഉന്നമിട്ടായിരുന്നുവെന്നാണ് മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ബിജെപിയുടെ മോശം പ്രകടനത്തിന് പിന്നാലെ ഇതിന്റെ ഉത്തരവാദി ആരെന്നതിനെ ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്.
ചിലർ മോശം പ്രകടനത്തിന് കാരണമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിരൽ ചൂണ്ടുമ്പോൾ മറ്റ് ചിലർ സീറ്റ് വിഭജനമാണ് ഉന്നയിക്കുന്നത്. ചൊവ്വാഴ്ച നദ്ദയും മൗര്യയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നിന്ന് ഇറങ്ങിയ കേശവ് പ്രസാദ് മൗര്യ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ജെപി നദ്ദ ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരിയെയും കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും തമ്മിലുള്ള ഭിന്നത സംസ്ഥാന രാഷ്ട്രീയത്തിൽ സ്ഥിരം ചർച്ചാ വിഷയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റവരുൾപ്പെടെ സംസ്ഥാനത്തെ നിരവധി ബിജെപി നേതാക്കൾ മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിക്കുകയും തങ്ങളുടെ തോൽവിയുടെ കാരണങ്ങളിലൊന്നായി ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു.
കേശവ് മൗര്യ എന്താണ് പറഞ്ഞത്?
ബിജെപിയുടെ ഒരു ദിവസത്തെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്ത മൗര്യ, തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവനയിൽ, 'പാർട്ടി സർക്കാരിനേക്കാൾ വലുതാണെന്നും പാർട്ടിയേക്കാൾ വലുതല്ല സർക്കാരെന്നുമാണ് പറഞ്ഞത്. 'എല്ലാ ബിജെപി പ്രവർത്തകരും ഞങ്ങളുടെ അഭിമാനമാണ്. ഞാൻ ആദ്യം ഒരു ബിജെപി പ്രവർത്തകനും പിന്നീട് ഉപമുഖ്യമന്ത്രിയുമാണ്, എൻ്റെ വാതിൽ എല്ലാവർക്കുമായി എപ്പോഴും തുറന്നിട്ടിരുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി പ്രവർത്തകർ ഉന്നയിക്കുന്ന പൊതുപ്രശ്‌നങ്ങൾ അവഗണിച്ച യോഗി ആദിത്യനാഥിനും സംസ്ഥാന ബ്യൂറോക്രസിക്കുമെതിരെയുള്ള വിമർശനമായിരുന്നു ഈ വാക്കുകളിൽ പ്രതിഫലിച്ചതെന്ന് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്തു.
എന്നാൽ അമിത ആത്മവിശ്വാസം ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകളെ തകിടം മരിച്ചെന്ന് യോഗത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പിന്നീട് ചടങ്ങിൽ സംസാരിച്ച നദ്ദ ആദിത്യനാഥിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം ആളുകൾ ഉത്തർപ്രദേശിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് മാഫിയ രാജ് (ഭരണം) അവസാനിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഉത്തർപ്രദേശ് വളരെയധികം മുന്നേറിയിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥ രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും ബിജെപി അധ്യക്ഷൻ പ്രശംസിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 43ലും സമാജ്‌വാദി പാർട്ടിയും കോൺഗ്രസും അടങ്ങിയ ഇന്ത്യ സംഘം വിജയിച്ചപ്പോൾ, ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ 36ൽ ഒതുങ്ങിയിരുന്നു. 2019-ൽ എൻ.ഡി.എ 64 സീറ്റുകൾ നേടിയ സ്ഥാനത്താണ് ഈ തകർച്ച നേരിട്ടത്.