Criticism | ആശയപരമോ രാഷ്ട്രീയമോ, സമസ്ത-ലീഗ് തര്‍ക്കത്തിന് പിന്നിലെന്താണ്?
● പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സിഐസി ജനറല്‍ സെക്രട്ടറി. ഇവിടെ മതപഠനവും അല്ലാതെയുള്ള റെഗുലര്‍ വിദ്യാഭ്യാസവും നടത്തുന്നുണ്ട്.
● നബിദിനം, ദര്‍ഗകള്‍ എന്നിവയെ എതിര്‍ക്കുന്നവരാണ് മുജാഹിദുകള്‍.
● ലീഗ് കൂടുതല്‍ തീവ്രചിന്താഗതിയിലേക്ക് പോകുന്നു, ജമാഅത്തെ ഇസ്ലാമി ലീഗില്‍ പിടിമുറുക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വെറുതെയല്ല.
അർണവ് അനിത
തിരുവനന്തപുരം: (KVARTHA) സമസ്ത-ലീഗ് തര്‍ക്കം കഴിഞ്ഞ കുറേ നാളായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴത് ഏതാണ്ട് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. പുരോഗമന ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന സമസ്തയ്ക്ക് അടുത്തകാലത്തായി ലീഗ് ജമാഅത്തെ ഇസ്ലാമിയുമായി കൂടുതല്‍ അടുക്കുന്നതും മുജാഹിദ് നേതാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഇഷ്ടപ്പെടുന്നില്ല, പ്രത്യേകിച്ച് മുജാഹിദ് വിഭാഗക്കാരനായ പിഎംഎ സലാം ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന് നടത്തുന്ന ചില പ്രസ്താവനകളും മറ്റും.
ഇതിന്റെയൊക്കെ ഫലമായാണ് കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജുകളുമായുള്ള (സിഐസി) ബന്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സമസ്ത തീരുമാനിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സിഐസി ജനറല്‍ സെക്രട്ടറി. ഇവിടെ മതപഠനവും അല്ലാതെയുള്ള റെഗുലര്‍ വിദ്യാഭ്യാസവും നടത്തുന്നുണ്ട്.
സംഘപരിവാര്‍ ശക്തിപ്രാപിച്ചതോടെ എല്ലാ മുസ്ലിം വിഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്താനാണ് ലീഗ് അധ്യക്ഷനായ പാണക്കാട് സാദിഖ് അലി തങ്ങള്‍ നോക്കുന്നത്. അതിന്റെ ഭാഗമായാണ് അദ്ദേഹം ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ എല്ലാ വിഭാഗവുമായി സഹകരിക്കുന്നത്. എന്നാല്‍ അതിനോട് യോജിക്കാന്‍ സമസ്തയ്ക്ക് കഴിയുന്നില്ല. നബിദിനം, ദര്‍ഗകള്‍ എന്നിവയെ എതിര്‍ക്കുന്നവരാണ് മുജാഹിദുകള്‍. സമസ്ത തദ്ദേശീയതയുമായി ഇഴുകിച്ചേര്‍ന്ന് പോകുന്നവരാണ്. ചന്ദനക്കുടം പോലുള്ള ആഘോഷങ്ങള്‍ അതിന്റെ ഭാഗമാണ്. പക്ഷേ അനാചാരങ്ങളെ എതിർക്കുന്നുമുണ്ട്.
എന്നാല്‍ അടുത്തകാലത്തായി ലീഗ് മുജാഹിദ് ആശയങ്ങളിലേക്ക് കൂടുതല്‍ പോകുന്നു എന്നത് സമസ്തയ്ക്ക് അംഗീകരിക്കാനാകുന്നില്ല. അതുകൊണ്ടാണ് സാദിഖ് അലി തങ്ങള്‍ക്ക് ഖാസിയാകാന്‍ യോഗ്യതയില്ലെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പരസ്യമായി പ്രസ്താവിച്ചത്. ഇതോടെ ഉമര്‍ ഫൈസിക്കെതിരെ നടപടി വേണമെന്നാണ് ലീഗിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. ഇതില്‍ ഒരു രാഷ്ട്രീയം കൂടിയുണ്ട്. സിപിഎമ്മിനൊപ്പം നില്‍ക്കുന്നയാളാണ് ഉമര്‍ ഫൈസി.
എന്നാല്‍ നിലവിലെ സിപിഎമ്മിന്റെ രാഷ്ട്രീയ ലൈന്‍ ഭൂരിപക്ഷ സമുദായത്തിന്റെ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുക എന്നതാണ്. പാലക്കാട് കോണ്‍ഗ്രസിന് എത്ര എസ്ഡിപിഐ വോട്ട് കിട്ടിയെന്ന് അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യാഴാഴ്ച നടത്തിയ പ്രസ്താവന അതിന്റെ ഭാഗമാണ്. ലീഗ് കൂടുതല്‍ തീവ്രചിന്താഗതിയിലേക്ക് പോകുന്നു, ജമാഅത്തെ ഇസ്ലാമി ലീഗില്‍ പിടിമുറുക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വെറുതെയല്ല.
സംഘപരിവാറിനെ നേരിടാന്‍ എല്ലാ മുസ്ലിം ആശയങ്ങളെയും ഒരുമിച്ച് നിര്‍ത്തുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. അത് നല്ല ആശയമാണ്. എന്നാല്‍ സംഘപരിവാറിനെ പോലെ മതമൗലികവാദം മുന്നോട്ടുവയ്ക്കുന്നവരുമായി സഹകരിക്കുന്നത് സമസ്തയ്ക്ക് അംഗീകരിക്കാനാകില്ല. സമസ്തയും സര്‍ക്കാരും, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സംസ്ഥാന വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പികെ കുഞ്ഞാലിക്കുട്ടി അടക്കം അതിനെ ശക്തമായി എതിര്‍ത്തു. എന്നിട്ടും വഴങ്ങിയില്ല. അവസാനം മുസ്ലിം സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി അവരുടെയെല്ലാം യോഗം വിളിച്ചു.
ആ യോഗത്തിന് ശേഷം തന്റെ തീരുമാനത്തില്‍ നിന്ന് പിണറായി പിന്നാക്കം പോയി. അതോടെ ലീഗിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടമായി. കാരണം അതുവരെ സമസ്ത രാഷ്ട്രീയത്തില്‍ അങ്ങനെ ഇടപെട്ടിട്ടില്ലായിരുന്നു. ലീഗ് വഴിയാണ് സര്‍ക്കാരില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. അതിന് ശേഷം സമസ്തയും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമായി. അതിനെ പിഎംഎ സലാം വിമര്‍ശിച്ചിരുന്നു. ജന്‍ഡര്‍ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും സമസ്ത ഇടഞ്ഞതോടെ, സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാരുമായി അടുപ്പമുള്ളവരെ ലീഗ് വിരുദ്ധരെന്നാണ് വിളിക്കുന്നത്. അവര്‍ക്കെതിരെ ലീഗ് ചരടുവലി തുടങ്ങിയിട്ട് ഏറെ നാളായി. ഉമര്‍ ഫൈസിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ സമസ്ത നേതാക്കള്‍ക്കെതിരെ വിമര്‍ശനം നടത്തിയ പിഎംഎ സലാമിനെതിരെ എന്ത് നടപടിയെടുത്തെന്ന് എതിര്‍ വിഭാഗം ചോദിക്കുന്നു. അതുപോലെ സമസ്ത ഇടഞ്ഞതോടെ സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഹകീം ഫൈസി ആദ്യശ്ശേരി മാറിയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അതേ സ്ഥാനത്ത് കൊണ്ടുവന്നത് സമസ്തയെ ചൊടിപ്പിച്ചു. സിഐസിയില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പഠന ശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന് ഹകീം ഫൈസി നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. വിവാഹം കഴിയുന്നവര്‍ പഠനം അവസാനിപ്പിച്ച് പോകുന്നത് കൊണ്ടാണ് അത്തരത്തിലൊരു തീരുമാനം എടുത്തത്.
ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന മുശവറയില്‍ സമസ്തയിലെ നേതാക്കള്‍ തമ്മില്‍ ഭിന്നിപ്പുണ്ടായി. ഇതോടെ ജിഫ്രിമുത്തുക്കോയ തങ്ങള്‍ യോഗസ്ഥലത്ത് നിന്ന് അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് പോയി. അതിന് കാരണം ഉമര്‍ ഫൈസിയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഉമര്‍ ഫൈസി പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയ പരസ്യ പ്രസ്താവന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് അദ്ദേഹം ഹാളിന് പുറത്ത് പോകണമെന്ന് ആദ്യമേ നേതാക്കള്‍ ധാരണയെത്തിയിരുന്നു. എന്നാല്‍ ആ വിഷയം ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടും അദ്ദേഹം പോയില്ല.
ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ നിങ്ങളെ പോലുള്ള കള്ളന്മാര്‍ പറയുന്നത് ഞാനെന്തിന് അനുസരിക്കണം എന്നാണ് അദ്ദേഹം ചോദിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഇത് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് മാനസികപ്രയാസമുണ്ടാക്കിയെന്നാണ് അറിയുന്നത്. ഉമര്‍ഫൈസി മുക്കം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്തകളും ഇതിനിടയിൽ പുറത്തുവന്നു. അദ്ദേഹം എറണാകുളത്ത് യോഗം സംഘടിപ്പിക്കുമെന്നും കേള്‍ക്കുന്നു. ഇതൊന്നും സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഗുണമാകുന്ന കാര്യങ്ങളല്ല. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടാന്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. അതിന് ലീഗ് അതിന്റെ മതേതരമുഖം ഉയര്‍ത്തിപ്പിടിക്കണം.
#SamasthaLeagueConflict, #IslamicPolitics, #PMSalam, #SadiqAliThangal, #KeralaPolitics, #MuslimUnity