Budget | എംപിയെ കൊടുത്തിട്ടും കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചത് എന്തുകൊണ്ട്? സംസ്ഥാന ബിജെപിയിലും തിരയിളക്കമുണ്ടാക്കാം!

 
Budget
Watermark

Image Credit: X / PIB India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുരേഷ് ഗോപിയുടെ ഉറപ്പ് പാഴായി, എയിംസില്ല

അര്‍ണവ് അനിത

(KVARTHA) 'നിങ്ങള്‍ ഞങ്ങള്‍ക്ക് എംപിമാരെ തരൂ, എല്ലാം വാരിക്കോരി തരാം', എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra Modi) ബിജെപി (BJP) നേതാക്കളും കഴിഞ്ഞ പത്ത് കൊല്ലമായി വാഗ്ദാനം നല്‍കിയിരുന്നത്. ഇത്തവണ തൃശൂരില്‍ (Thrissur) നിന്ന് സുരേഷ് ഗോപി (Suresh Gopi) എം.പിയാവുകയും അദ്ദേഹവും ബിജെപി രൂപീകൃതമായത് മുതലുള്ള നേതാവായ ജോര്‍ജ് കുര്യനും കേന്ദ്രസഹമന്ത്രിമാരാവുകയും ചെയ്തു. എന്നിട്ടും കേന്ദ്ര ബജറ്റില്‍ കേരളത്തിന് എന്തെങ്കിലും പദ്ധതികളോ, സ്ഥാപനങ്ങളോ അനുവദിക്കുകയോ, പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ധനമന്ത്രി നിര്‍മലാസീതാരാമന്റെ ഒരു മണിക്കൂറിലധികം നീണ്ട് നിന്ന ബജറ്റ് പ്രസംഗത്തില്‍ കേരളം എന്ന വാക്ക് പോലും ഉണ്ടായിരുന്നില്ല. 

Aster mims 04/11/2022

Budget

എയിംസ് (AIIMS) കൈവെള്ളയില്‍ വെച്ച് തരുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് ടൂറിസത്തിന്റെ ചുമതല കൂടിയുണ്ട്. എന്നിട്ടും പ്രധാനപദ്ധതികളൊന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരാനായില്ല എന്നത് ജനങ്ങളെ നിരാശരാക്കി എന്ന് മാത്രമല്ല, രാഷ്ട്രീയമായി ബിജെപിക്ക് വലിയ തിരിച്ചടിയും ആയിരിക്കുകയാണ്. പൊതുബജറ്റിന്റെ സ്വഭാവം മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനില്ല എന്നതും ശ്രദ്ധേയമാണ്. ഭരണത്തെ താങ്ങിനിര്‍ത്തുന്ന ബിഹാറിലെ നിതീഷ് കുമാറിനും (Nitish Kumar)  ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിനും (Chandrababu Naidu)  വാരിക്കോരി കൊടുത്തു. 

ബിഹാറിന് പ്രത്യേക പ്രളയ പാക്കേജും അനുവദിച്ചു. രണ്ട് പ്രളയങ്ങളുടെ ദുരിത കയത്തില്‍ കേരളം കൈകാലിട്ടടിച്ചപ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന് മാത്രമല്ല ഖത്തര്‍ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ധനസഹായം സ്വീകരിക്കാനും മോദി സര്‍ക്കാര്‍ അനുവദിച്ചില്ല. കേരളത്തോട് മാത്രമല്ല, ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളെയാകെ ചവിട്ടി അരച്ചിരിക്കുകയാണ് ഈ ബജറ്റെന്നാണ് ആക്ഷേപം. കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ (South India) സംസ്ഥാനങ്ങള്‍ക്ക് പദ്ധതികളോ, മറ്റ് പ്രഖ്യാപനങ്ങളോ ബജറ്റിലില്ല. രാഷ്ട്രീയ പക്ഷാപാതം വളരെ വ്യക്തമാണ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുത്തിട്ടുമുണ്ട്, ഇത് ഫെഡറല്‍ സംവിധാനത്തിന് ചേര്‍ന്ന കാര്യമല്ലെന്നാണ് പ്രതിപക്ഷ വിമർശനം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. വിഴിഞ്ഞം പോലൊരു രാജ്യാന്തര പദ്ധതിക്ക് ഊര്‍ജം നല്‍കുന്ന പ്രഖ്യാപനം പോലും ഉണ്ടായില്ല. അടിസ്ഥാന വികസന രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് വിഴിഞ്ഞം തുറമുഖം. വയനാട് തുരങ്കപാത, ദേശീയപാത വികസനത്തിന് 6000 കോടിയുടെ അധിക വായ്പ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം കൂട്ടുക എന്നീ ആവശ്യങ്ങളെല്ലാം കേന്ദ്രം പരിഗണിച്ചില്ല. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 42 ശതമാനം നികുതി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത് അടക്കമുള്ള ആവശ്യങ്ങള്‍ കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. 

അതുപോലെ സംസ്ഥാനത്തെ റെയില്‍ ഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള യാതൊരു നീക്കവും ബജറ്റിലില്ല. പാലക്കാട് ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുകയാണ്. വന്ദേഭാരത് ട്രെയിന്‍ വന്നെങ്കിലും അതുകൊണ്ട് സാധാരണ യാത്രക്കാര്‍ക്ക് വലിയ പ്രയോജനം ലഭിച്ചില്ല. ബജറ്റിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നിതീഷിനും നായിഡുവിനും മാത്രമാണ് വാരിക്കോരി നല്‍കിയിരിക്കുന്നത്, കേരളത്തെ വകവരുത്തിയെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. 

അതുകൊണ്ട് കോണ്‍ഗ്രസും സിപിഎമ്മും ശക്തമായ നിലപാടുകളുമായി രംഗത്ത് വരും. തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടായതിനാല്‍ അവര്‍ ബജറ്റ് ആയുധമാക്കുമെന്ന് ഉറപ്പാണ്. സുരേഷ് ഗോപിയുടെ ഉറപ്പുകളെല്ലാം പാഴ് വാക്കായെന്ന ആക്ഷേപം ഇതിനകം പല എംപിമാരും ഉന്നയിച്ചിട്ടുണ്ട്.  ഇത് സുരേഷ് ഗോപിയെ മാത്രമല്ല ബിജെപിയെയും സമ്മര്‍ദ്ദത്തിലാക്കും. ധനമന്ത്രിയെ നേരില്‍ കണ്ട് കേരളത്തിന് പ്രത്യേകമായി എന്തെങ്കിലും അനുവദിപ്പിക്കാന്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ശ്രമിച്ചേക്കുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ ജനങ്ങളെ നേരിടാനാകാത്ത സ്ഥിതിയുണ്ടാകും. 

തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് തിരിച്ചടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാം. പ്രളയദുരിതാശ്വാസ പാക്കേജ് ബിഹാറിന് നല്‍കിയത് ദേശീയതലത്തില്‍ ബിജെപിക്ക് ഗുണം ചെയ്യുമെങ്കിലും കേരളത്തിലത് തിരിച്ചടിയാകും. 2018ലും 19ലും പ്രളയമുണ്ടായപ്പോള്‍ കേന്ദ്രം കേരളത്തിന് വേണ്ടത്ര പരിഗണന നല്‍കിയില്ല. കോവിഡ് കാലത്തും ഇതേ അവസ്ഥയാണ് ഉണ്ടായിരുന്നത്. അന്ന് അനുവദിച്ച അരിയുടെ പണം പോലും പിന്നീട് കേന്ദ്രം ചോദിച്ച അവസ്ഥപോലും ഉണ്ടായിരുന്നു. 

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ തുക വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അനുവദിച്ചില്ല. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുകയും കേരളത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇത്തരത്തില്‍ നിരന്തരം സംസ്ഥാനത്തോട് കാണിച്ച അവഗണന തുടരുന്നു എന്നതാണ് പുതിയ ബജറ്റും വ്യക്തമാക്കുന്നതെന്നാണ് ആരോപണം. രാഷ്ട്രീയമായ എതിര്‍പ്പ് കൊണ്ട് മാത്രമാണ് സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം കേന്ദ്രം അനുവദിക്കാത്തതെന്നാണ് ആക്ഷേപം. അതുകൊണ്ട് വരുംദിവസങ്ങളില്‍ പാര്‍ലമെന്റിലും പുറത്തും വലിയ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് ഉറപ്പാണ്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script