Controversy | വിരമിച്ച ജഡ്ജുമാരും പൊലീസ് ഉദ്യോഗസ്ഥരും ആര്‍എസ്എസ് കൂടാരത്തിലെത്തുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?

 
Retired judges and police officials attending an RSS event
Retired judges and police officials attending an RSS event

Representational image generated by Gemini AI

● കേന്ദ്ര നിയമമന്ത്രിയും പരിപാടിയിൽ പങ്കെടുത്തു.
● ഹിജാബ് നിരോധന കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ഹേമന്ത് ഗുപ്തയും സംബന്ധിച്ചു.

ആദിത്യൻ ആറന്മുള 

(KVARTHA) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഗണപതിപൂജയില്‍ പങ്കെടുത്തത് വലിയ വിവാദമായിരിക്കുകയാണ്. ഇതിലൂടെ ചീഫ് ജസ്റ്റിസും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്ത് സന്ദേശമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം. പാര്‍ലമെന്ററി സംവിധാനങ്ങളില്‍ നിന്ന് ചീഫ് ജസ്റ്റിസും കോടതികളില്‍ നിന്ന് ഭരണകര്‍ത്താക്കളും അകന്ന് നില്‍ക്കേണ്ടവരാണ്. ഇരുവരും ഔദ്യോഗികമായി കണ്ടുമുട്ടുന്നതില്‍ തെറ്റില്ല. 

എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള കാര്യങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നതെന്നാണ് ആക്ഷേപം. അതിന് മറ്റൊരു ഉദാഹരണമാണ് സുപ്രീം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും വിരമിച്ച 30 ജഡ്ജിമാര്‍ വിശ്വഹിന്ദുപരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത്. ഇവരൊക്കെ വിധിപറഞ്ഞ കേസുകളില്‍ അവരുടെ രാഷ്ട്രീയം പതിഞ്ഞിരുപ്പുണ്ടോ എന്ന് സ്വാഭാവികമായും സംശയം തോന്നും.

സമകാലിക സംഭവങ്ങളും വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ 'പൗരന്‍' എന്ന നിലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയില്‍  പങ്കെടുത്തതായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ ഉദ്ധരിച്ച്  ദി ക്വിന്റ് റിപ്പോർട്ട് ചെയ്തിരുന്നു.  2022 ഒക്ടോബറില്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചയാളാണ് ജസ്റ്റിസ് ഗുപ്ത. വിഎച്ച്പി ലീഗല്‍ സെല്‍ സെപ്റ്റംബര്‍ 8 ന് നടത്തിയ പരിപാടി രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നുവെന്നാണ് പറയുന്നത്. കേന്ദ്ര നിയമമന്ത്രിയും പങ്കെടുത്തിരുന്നു.  

മതപരിവര്‍ത്തനം, ഗോസംരക്ഷണം, വാരണാസിയിലെയും മഥുരയിലെയും ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങള്‍, അയല്‍രാജ്യങ്ങളിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം എന്നിവ യോഗം ചര്‍ച്ച ചെയ്തു. ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ വച്ചാണ് യോഗം നടന്നത്. രാജ്യത്തെ മറ്റേത് പൗരനേയും പോലെ നിലവിലെ വിഷയങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്നും അതുകൊണ്ടാണ് വിരമിച്ച ശേഷം ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ അളല്ലെന്നും പറഞ്ഞു.

ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ സംഘടിപ്പിച്ച ജഡ്ജിമാരുടെ മീറ്റിംഗില്‍ പങ്കെടുത്ത്, നീതിന്യായ പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് പറഞ്ഞു. വികസിത ഇന്ത്യ ഈ അവസരത്തില്‍, വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അലോക് കുമാര്‍ ജിയുടെ  സാന്നിധ്യത്തില്‍ വിരമിച്ച ജഡ്ജിമാര്‍, നിയമജ്ഞര്‍, മുതിര്‍ന്ന അഭിഭാഷകര്‍, മറ്റ് പ്രമുഖര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു എന്നും പറയുന്നു.

സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്, ജസ്റ്റിസ് ഗുപ്ത മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും പട്ന ഹൈക്കോടതിയുടെയും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച് രണ്ട് മാസത്തിന് ശേഷം ജസ്റ്റിസ് ഗുപ്തയെ ന്യൂ ഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിന്റെ (എന്‍ഡിഐഎസി) ചെയര്‍പേഴ്‌സണായി കേന്ദ്രം നിയമിച്ചു.

ഹിജാബ് നിരോധന കേസിലെ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പാക്കിയ അന്തിമ വിധിയില്‍ ഗുപ്ത നിരോധനം  ശരിവച്ചു. 2021 ഫെബ്രുവരിയിലാണ് കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായി ചില മുസ്ലീം സ്ത്രീകള്‍ മുടി, കഴുത്ത്, ചിലപ്പോള്‍ മുഖത്തിന്റെ ഭാഗങ്ങള്‍ എന്നിവ മറയ്ക്കാന്‍ ധരിക്കുന്ന ഒരു തരം ശിരോവസ്ത്രമാണ് ഹിജാബ്. സര്‍ക്കാര്‍ ഉത്തരവിനെ കര്‍ണാടക ഹൈക്കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു, ഹിജാബ് ധരിക്കുന്നത് 'അത്യാവശ്യ മതപരമായ ആചാരമല്ല' എന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതസ്വാതന്ത്ര്യത്താല്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും നിരോധനം ശരിയാണെന്നും ഹൈകോടതി ശരിവച്ചു.  

ഈ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഗുപ്തയും ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് പരിഗണിച്ചു. ജസ്റ്റിസ് ഗുപ്ത ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍ ജസ്റ്റിസ് ധൂലിയ അത് തെറ്റായി വിധിച്ചതായി കണ്ടെത്തി. തുടര്‍ന്ന് വിഷയം വിശാല ബെഞ്ചിന് വിടണമെന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

2022 ഓഗസ്റ്റില്‍, ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി ബെംഗളൂരുവിലെ ചാമരാജ്‌പേട്ടിലെ ഈദ്ഗാഹ്  മൈതാനം ഉപയോഗിക്കാന്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്യപ്പെട്ട മറ്റൊരു രണ്ടംഗ ബെഞ്ചിന്റെ ഭിന്ന  വിധിയുടെ ഭാഗമായിരുന്നു ജസ്റ്റിസ് ഗുപ്ത. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത മൂന്നംഗ ബെഞ്ച് അന്നുതന്നെ കേസ് പരിഗണിച്ചിരുന്നു.

2020 ജൂണില്‍, ജസ്റ്റിസ് ഗുപ്ത, ജസ്റ്റിസ് എല്‍എന്‍ റാവു, എ റസ്‌തോഗി എന്നിവര്‍ ചേര്‍ന്ന് ഏകകണ്ഠമായ മറ്റൊരു വിധി പറഞ്ഞു, സ്വകാര്യമായും പൊതുയിടങ്ങളിലും സംസാര രൂപേണ നടത്തുന്ന ജാതി അധിക്ഷേപങ്ങള്‍ ശിക്ഷാര്‍ഹമല്ലെന്നായിരുന്നു വിധി. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുടെ വീട്ടില്‍ കയറി ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഇത്. 

2019 സെപ്തംബറില്‍, 50 ശതമാനം എന്ന പരിധി ലംഘിച്ചതിന് മറാത്ത സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഗുപ്ത. ഇനി നിങ്ങള്‍ പറയൂ, ഇത്തരത്തിലുള്ള വിധികള്‍ പുറപ്പെടുവിച്ച ഒരാള്‍ വിശ്വഹിന്ദുപരിഷത്തിന്റെ ചടങ്ങില്‍ പങ്കെടുത്തത് പൗരന്‍ എന്ന നിലയിലുള്ള കടമ നിര്‍വഹിക്കാനാണോ? അതോ പല വിധികളിലും തന്റെ രാഷ്ട്രീയനിലപാട് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിയത് തുടരുന്നതിന്റെ ഭാഗമായാണോ? രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് ഇത്തരം വിഷയം. 

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച സംഘത്തില്‍ ആദ്യം ഉണ്ടായിരുന്ന എസിപി രാജേഷ് ബിജെപിക്കാരനാണെന്ന് സ്വാമി ആരോപണം ഉന്നയിച്ചിരുന്നു. അന്ന് എല്ലാവരുമത് നിഷേധിച്ചു. എന്നാല്‍ വിരമിച്ച രാജേഷ്, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരം പെരുന്താന്നി എന്‍എസ്എസ് ഹൈസ്‌കൂളിലെ ബൂത്തിലാണ് ഇയാള്‍ ഏജന്റായി ഇരുന്നത്. ആശ്രമം കത്തിച്ച കേസില്‍ ശാസ്ത്രീയ തെളിവ് ലഭിച്ചില്ലെന്ന വ്യാജ പ്രചരണം നടത്തിയതും രാജേഷാണെന്ന് സ്വാമി ആരോപിച്ചിരുന്നു.

#RetiredJudges #RSS #SupremeCourt #NarendraModi #PoliticalControversy #LegalEthics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia