Politics | സുരേഷ് ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ്, വളച്ചൊടിച്ചുവോ?


● 'ആദിവാസിവകുപ്പിൻ്റെ ചുമതലയിൽ ഉന്നതകുലജാതർ വരണം' എന്ന് കേന്ദ്രമന്ത്രി
● സാമൂഹിക നീതിയെ ചോദ്യം ചെയ്യുന്നതായി വിമർശകർ
● പ്രസ്താവന വലിയ വിവാദവും ചർച്ചയും ആയിരിക്കുകയാണ്.
(KVARTHA) 'ആദിവാസിവകുപ്പിൻ്റെ ചുമതലയിൽ ഉന്നതകുലജാതർ വരണം' എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞത് വലിയ വിവാദവും ചർച്ചയും ആയിരിക്കുകയാണ്. സുരേഷ് ഗോപിയെ പോലെ ഒരാൾ തങ്ങളുടെ സമുദായത്തിൻ്റെ ഉന്നമനത്തിനുവേണ്ടിയുള്ള ഒരു മന്ത്രിയായി വരണമെന്നത് ഇന്നാട്ടിലെ ഓരോ പട്ടിക ജാതിക്കാരനും ട്രൈബൽ വിഭാഗക്കാരനും പിന്നോക്ക വിഭാഗക്കാരനും ആഗ്രഹിക്കുന്ന കാര്യമാണെന്ന് ഇതിനോട് ചിലരുടെ അഭിപ്രായം. കാരണം അദ്ദേഹത്തെപോലുള്ളവർ പൊതുസമൂഹത്തിൽ ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങൾ തന്നെ. സുരേഷ് ഗോപിയെപ്പോലുള്ള ഒരാൾ തങ്ങളുടെ വകുപ്പിൻ്റെ നേതൃസ്ഥാനത്ത് ഇരുന്നാൽ സ്വസമുദായത്തിലുള്ളവർ ആ വകുപ്പ് ഭരിക്കുന്നതിൽ നന്നാകും എന്ന് കരുതുന്നവർ ആണ് ഈ പറയുന്ന പിന്നാക്ക സമുദായത്തിലെ പലരും.
ഇപ്പോൾ ഇക്കാര്യം തുറന്നു പറഞ്ഞതിൻ്റെ പേരിൽ സുരേഷ് ഗോപിയെ പൊതുസമൂഹ മധ്യത്തിൽ ആക്ഷേപിക്കുന്നവർ കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർ എന്ന് പറയേണ്ടിവരുമെന്ന് അവർ വിമർശിക്കുന്നു. ഒരാൾ ആത്മാർത്ഥമായും സത്യന്ധമായും പൊതുനന്മയ്ക്കുമായി ഒരു കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അത് തങ്ങളുടെ പാർട്ടിക്കാരനല്ല എന്ന ഒറ്റക്കാരണത്തിൻ്റെ പേരിൽ അടിച്ചാക്ഷേപിക്കുന്ന രീതി. ഒരോരുത്തർക്കും അവരുടേതായ പാർട്ടി നേതാക്കന്മാർ പറയുന്നത് അമൃതും . എന്ത് വിഡ്ഢിത്തം തട്ടിവിട്ടാലും അതെല്ലാവരും ഒറ്റയടിക്ക് അങ്ങ് വിഴിങ്ങിക്കൊള്ളും. ഇവിടെ ആർക്കാണ് ജാതിയും മതവും ഇല്ലാത്തത്.
മുന്നോക്കക്കാരൻ്റെയും പിന്നോക്കക്കാരൻ്റെയും ട്രൈബൽ വിഭാഗത്തിൻ്റെയും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൻ്റെയും എല്ലാം മനസ്സിൽ മതവും ജാതിയും ഉണ്ട്. ഒരോ താക്കോൽ സ്ഥാനത്തും തങ്ങളുടെ ആൾക്കാർ വരണമെന്ന് മുന്നോക്ക ജാതിയിൽപ്പെട്ട ചില ആളുകൾ ചരടുവലിക്കുന്നതും വാക് പോരു നടത്തുന്നതും ഒക്കെ നാം കാണാറുള്ളതാണ്. അവരൊക്കെ ജാതിയും മതവുമൊക്കെ മനസ്സിൽ കൊണ്ട് നടന്ന് പെരുമാറുന്നു. മറ്റ് സമുദായക്കാർക്ക് ഇവരുടെ മനസ്സിൽ സ്ഥാനമൊട്ട് ഇല്ലതാനും. ഇവിടെ സംവരണവും സംവരണാനുകൂല്യങ്ങളും എല്ലാ മതത്തിൻ്റെയും ജാതിയുടെയും പേരിൽ തന്നെ. അത് അനുഭവിക്കുന്നവർ തന്നെയാണ് ഒരോ സമുദായങ്ങളിലെയും 90 ശതമാനം പേരും.
പക്ഷേ, സംവരണ സീറ്റിലോ സമൂദായത്തിൻ്റെ നേതൃതലത്തിലോ സ്വസമുദായത്തിൽ പെട്ട ഒരാൾ വന്നിട്ട് ആ സമുദായം ഇത്രനാൾക്കുള്ളിൽ എത്രമാത്രം പുരോഗമിച്ചിട്ടുണ്ടെന്നും ചിന്തിക്കണം. ഇവിടെ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളായും കേന്ദ്രസർക്കാരുകളായാലും പിന്തുടരുന്ന ഒരു നയമുണ്ട്. ഭരണത്തിൽ ഏത് പാർട്ടി വന്നാലും പിന്നോക്കം ആവട്ടെ, പട്ടികജാതി, പട്ടിക വർഗ്ഗമാകട്ടെ ആ വകുപ്പ് ഭരിക്കുവാൻ ആ സമുദായത്തിൽ നിന്നുള്ള ഒരാളെ വെയ്ക്കുന്നത് നാം നിത്യേന കണ്ടുപോരുന്ന കാഴ്ചയാണ്. പട്ടിക ജാതി ട്രൈബൽ വർഗത്തിൽ പെട്ട മന്ത്രിമാരൊക്കെ ആ വകുപ്പ് ഭരിച്ച് അഞ്ച് വർഷം സുഖിച്ച് ജീവിച്ച് പിന്നീട് കാലാവധി കഴിഞ്ഞശേഷം അങ്ങനെയൊരു പേർ കേൾക്കാൻ കൂടിയുണ്ടാകില്ലെന്നതാണ് വാസ്തവം.
ഇവരുടെ ഈ കാലത്ത് തങ്ങളുടെ സമുദായം എത്രമാത്രം വികസിച്ചുവെന്നത് ആ സമുദായക്കാരും ഒന്ന് വിലയിരുത്തേണ്ടതാണ്. മറ്റ് ചില മുന്നോക്കക്കാരൻ ആകട്ടെ പട്ടിക ജാതിയുടെയോ പട്ടിക വർഗ്ഗത്തിൻ്റെയോ തലപ്പത്ത് എന്തെങ്കിലും സ്ഥാനം ഏറ്റാൽ അതൊരു കുറച്ചിൽ പോലെ കരുതുന്നവരാണ്. തങ്ങളെയും ആ സമുദായത്തിൽ പെട്ടവരായി ചിത്രീകരിക്കപ്പെടുമോ എന്ന് അവർ ഭയക്കുന്നു. അതിനാൽ തന്നെ ഉന്നത കുലജാതർ എന്ന് മനസ്സിൽ ചിന്തിക്കുന്ന ഒരുത്തരും അത്തരമൊരു നേതൃത്വം ഏറ്റെടുക്കാൻ തയാറാകുന്നില്ല. അത് അവർക്കൊരു കുറച്ചിലാണ്. പകരം ഇതിൻ്റെയൊക്കെ നേതൃത്വത്തിലേയ്ക്ക് തങ്ങളുടെ ഒപ്പം നിൽക്കുന്ന ഈ സമുദായത്തിൽപ്പെട്ടവർക്ക് വേണ്ടി ചരടുവലിക്കുകയും ചെയ്യുന്നു. ഇവിടെയാണ് സുരേഷ് ഗോപിയെപ്പോലുള്ളവരുടെ മഹത്വം.
ആദിവാസിവകുപ്പിൻ്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും താരം സൂചിപ്പിക്കുകയുണ്ടായി. ഉന്നത കുലജാതൻ എന്ന പേരിൽ തന്നെ ആ വകുപ്പിൽ നിന്ന് അകറ്റി നിർത്തിയകാര്യം സത്യസന്ധമായി പൊതു സമൂഹത്തോട് തുറന്ന് പറയുകയാണ് സുരേഷ് ഗോപി ചെയ്തത്. അല്ലാതെ, താൻ ഒരു ഉന്നത കുലജാതൻ എന്ന് പേർ എടുക്കാൻ വേണ്ടിയും മറ്റുള്ളവരെ അറിയിക്കാൻ വേണ്ടിയും പറഞ്ഞതല്ല. സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് അദ്ദേഹത്തിൻ്റെ സമുദായം. അദ്ദേഹം ഒരിക്കലും സംവരണ മണ്ഡലത്തിൽ അല്ല മത്സരിച്ച് ജയിച്ചത്, ജനറൽ വിഭാഗത്തിൽ തന്നെയായിരുന്നു.
ഇത്തരം പ്രവണതകൾ തിരുത്തപ്പെടണമെന്നാണ് സുരേഷ് ഗോപി സൂചിപ്പിച്ചത്. ട്രൈബൽ വകുപ്പ് ഉന്നത കുലജാതിക്കാരും, ഉന്നതകുല ക്ഷേമ വകുപ്പ് ട്രൈബൽ മന്ത്രിമാരും വരണം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അതാണ് ജനാധിപത്യത്തിന്റെ മഹത്വം. ട്രൈബൽ വിഭാഗത്തിൽ പെട്ട ഒരു ജനപ്രതിനിധിയെ പിന്നോക്ക വിഭാഗ മന്ത്രി എന്ന ലേബലിൽ ഒതുക്കി നിർത്തരുത്, അദ്ദേഹത്തിന് മറ്റ് വകുപ്പുകൾ നൽകണം.. തിരിച്ചും ആദിവാസി വകുപ്പ് ഉൾപ്പടെ ആ വിഭാഗത്തിൽ പെട്ടവരിൽ മാത്രം ഒതുക്കാതെ മറ്റുള്ളവർക്കും നൽകണം. ഇത്തരം വേർതിരിവകൾ അവസാനിക്കണം എന്നല്ലേ സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം, സുരേഷ് ഗോപിയുടെ പ്രസ്താവന വെറുമൊരു വ്യക്തിപരമായ അഭിപ്രായമായി കണക്കാക്കാൻ സാധിക്കില്ലെന്നും, ഇത് ഇന്ത്യൻ ഭരണഘടനയുടെ സംവരണ നയത്തെയും സാമൂഹിക നീതിയെയും ചോദ്യം ചെയ്യുന്ന നിലപാടാണ് ആണെന്നുമാണ് മറുവാദം. സുരേഷ് ഗോപിയുടെ പ്രസ്താവന ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആദിവാസികളുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്നും പലരും അഭിപ്രായപ്പെടുന്നു.
'രാജ്യത്ത് ഉയർന്ന ജാതിക്കാർ എന്നും രാജാവും താഴ്ന്ന ജാതിക്കാർ എന്നും അടിമകളുമായിരുന്നു. രാജ്യത്തിന്റെ എല്ലാ മേഖലയിലും അന്നും ഇന്നും ആധിപത്യം ഉയർന്ന ജാതിക്കാർക്ക് മാത്രമാണ്', എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ ചില ആളുകൾ പങ്കുവെക്കുന്നു. ഈ കാലത്തും മനുഷ്യരെ താണകുലം ഉന്നതകുലം എന്ന് വേർതിരിച്ചു കാണുന്ന വെറും അറപ്പാണ് എന്നിങ്ങനെയുള്ള രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. താഴ്ന്ന ജാതിക്കാരെ അംഗീകരിക്കാത്ത മനസ് പലർക്കും ഇപ്പോഴുമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ,താൻ പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്‌താവന പിൻവലിക്കുന്നുവെന്ന് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചു. വേർതിരിവിനെ പറ്റിയാണ് താൻ പറഞ്ഞതെന്നും നല്ല ഉദേശത്തോടെയുള്ള പ്രസ്താവന വളച്ചൊടിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. എന്തായാലും ഇന്നും ജാതിയുടെ പേരിൽ പലതരം വിവേചനങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും സംവാദങ്ങളും നടക്കേണ്ടത് അത്യാവശ്യമാണ്.
ഈ ലേഖനം പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Suresh Gopi's statement regarding assigning responsibilities in the tribal department to upper-caste individuals has stirred debate, with critics arguing it questions the principles of social justice and constitutional reservation.
#SureshGopi #IndianPolitics #ReservationPolicy #CasteDiscrimination #TribalRights #SocialJustice