Politics | കള പറിച്ച് തീരുമ്പോൾ കളത്തിലാരെങ്കിലും കാണുമോ? എംവി ഗോവിന്ദൻ മാസാണ്! 

 
CPM


കളകളേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് പാർട്ടിയെ ബാധിച്ച അർബുദത്തിന്റെ ചികിത്സയ്ക്കാണ്

സോണി കല്ലറയ്ക്കൽ

(KVARTHA)
കൂടുതൽ നെൽകൃഷിയുള്ള ജില്ലയാണ് ആലപ്പുഴ (Alappuzha), പ്രത്യേകിച്ച് കുട്ടനാട്ടിൽ (Kuttanad). ഒരു പ്രാവശ്യം കൊണ്ടൊന്നും ഇവിടുത്തെ കള പറിക്കുന്നത് തീരില്ല. കുറഞ്ഞത് രണ്ടു മൂന്ന് പ്രാവശ്യം എങ്കിലും വേണ്ടി വരും. എന്തായാലും മഴക്കാലം കഴിഞ്ഞാലേ കള പറിയൊക്കെ നടക്കൂ. പായലും കൂടി നീക്കി കുറെ കുമ്മായം കൂടി ഇട്ടാൽ ഒന്ന് വെളുപ്പിച്ച് എടുക്കാം. കള പറിച്ചു കഴിഞ്ഞാൽ വിള ഉണ്ടാകുമോ എന്നാണ് കണ്ട് അറിയേണ്ടത്. ആലപ്പുഴ മാത്രമല്ല, ഇനിയങ്ങോട്ട് കേരളത്തിലെ കാരണഭൂതനും ടീമിനും ഒരുമിച്ച് കള പറിക്കാൻ ഇറങ്ങാം. സത്യം തുറന്നുപറഞ്ഞ ഗോവിന്ദൻ മാസ്റ്ററെ (M V Govindan) നിങ്ങള്‍ മാസാണ്. 
 

CPM

ആലപ്പുഴ സി.പി.എമ്മിലെ (CPM) കളകൾ പറിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതാണ് പൊതുസമൂഹത്തിൽ ചർച്ചയാകുന്നത്. കളപറിക്കാൻ ഇറങ്ങുമ്പോൾ ഗോവിന്ദൻ മാസ്റ്റർ പോലും പാർട്ടിക്ക് പുറത്താകുമോ എന്ന് ചോദിക്കുന്നവരാണ് ഏറെയും. കാരണം പാർട്ടി സി.പി.എം ആണെന്ന് അറിയാവുന്നതുകൊണ്ടും അതിൻ്റെ നേതാവ് കേരളത്തിലെ ജനങ്ങളുടെ ദാസൻ ആയതും കൊണ്ടും തന്നെ. ഈ കളപറിക്കൽ നടന്നതു തന്നെ! പരുക്കുണ്ടാകാതെ പറിക്കണമെങ്കിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണം. പിശക് പറ്റിയിൽ , വെളുക്കാൻ തേച്ചത് പാണ്ടാകും എന്ന് ഗോവിന്ദൻ മാസ്റ്ററെ ഉപദേശിക്കാനും പലരും മറക്കുന്നില്ല എന്നതാണ് വാസ്തവം. 

എന്തായാലും ഇത് സംബന്ധിച്ച് ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകൾ ഒന്ന് ശ്രദ്ധിക്കാം. 'ആലപ്പുഴ സിപിഎമ്മിലെ കളകൾ പറിക്കും. കളകളുള്ളത് പുന്നപ്ര വയലാറിന്റെ മണ്ണിലാണ്. അതു പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റൂ. അത് ആരായാലും ഒഴിവാക്കും. അവരെ ഒഴിവാക്കുന്നതിന്റെ പേരിൽ എന്തു നഷ്ടമുണ്ടായാലും പ്രശ്നമില്ല. കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്‍പ്പിക്കുന്നതേ  നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ  നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെ', ഇതാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയ കാര്യം. 

ഈ പറഞ്ഞ ഗോവിന്ദൻ മാസ്റ്റർ ഒരു കാര്യം മനസിലാക്കണം. സിപിഎമ്മിൽ കള പറിക്കാൻ തുടങ്ങിയാൽ സിപിഎം എന്ന പാർട്ടിയേ ഇല്ലാതാകും. കൂടുതലും കൊള്ളക്കാരും അഴിമതിക്കാരും ഗുണ്ടകളും ബിനാമികളും പീഡനവീരന്മാരും ആണ് പാർട്ടിയിലുള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത് പാർട്ടി നേതാക്കൾക്ക് അറിയില്ലെങ്കിൽ അത് ജനങ്ങൾക്ക് അറിയാമെന്നും അവർ അത് മനസ്സിലാക്കിയിരിക്കുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. അതുകൊണ്ട് ആലപ്പുഴയും കായംകുളവും മാത്രമല്ല, കേരളം മുഴുവൻ ഇനി കളപറിക്കേണ്ടത് സി.പി.എമ്മിന്റെ ആവശ്യമായിരിക്കുന്നു. 

തിരുവനന്തപുരം മുതൽ കാസർകോട് വരെ കളപറിക്കാനുള്ളതാണ്. പാർട്ടിയിലെയും പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ, യൂണിയനായ സിഐടിയു, ഒപ്പം ക്ലിഫ് ഹൗസ് അങ്ങനെ  എല്ലാ കളകളും പറിക്കേണ്ടേ? കള പറച്ചു കഴിയുമ്പോൾ ഒറിജിനൽ വല്ലതും ബാക്കിയുണ്ടാകുമോ എന്നാണ് അറിയേണ്ടത്. ബ്രാഞ്ച് തലം മുതൽ ഒരു ശുദ്ധി കലശം വേണം. പലരും ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കിയിട്ടുണ്ട്, പല പല പദ്ധതികളുടെയും കമ്മീഷൻ ആയിട്ടും അല്ലാതെയുമൊക്കെയാണെന്നാണ് ആരോപണം. എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാകും എന്നത് ഇപ്പോൾ എല്ലാവർക്കും മനസിലായി. അതുകൊണ്ട് കളപറിക്കൽ ശരിക്കും നടപ്പിലാക്കണം.

കളകളേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് പാർട്ടിയെ ബാധിച്ച അർബുദത്തിന്റെ ചികിത്സയ്ക്കാണ്. ആ ക്യാൻസർ എന്നത് കണ്ണൂർ ലോബിയാണ് എന്നത് തുറന്ന് പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയ്ക്ക് ആവില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്. അദേഹം ഈ ലോബിയുടെ ഭാഗം തന്നെയാണെന്ന് ആർക്കാണ് അറിയാത്തതെന്നാണ് ചോദ്യം. കളകൾ പെരുകാൻ അവസരം കൊടുത്തപ്പോൾ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്ന് ഓർക്കണമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. കള പറിച്ചു തീരുമ്പോൾ കളത്തിലാരും കാണില്ല. അതുകൊണ്ട് കള മാസ്റ്ററെ. അതുകളയ്, വിട്ടുകളയ്! 100 വർഷത്തെ വിപ്ലവ പാരമ്പര്യമുള്ള കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാനാർത്ഥിയും ബി ജെ പി സ്ഥാനാർത്ഥിയും തമ്മിൽ നാല്പതിനായിരം വോട്ടിൻ്റെ അന്തരം മാത്രമാണ് ആലപ്പുഴയിൽ. യു.ഡി.എഫ് സ്ഥാനാർത്ഥി കെ സി  വേണുഗോപാൽ അല്ലായിരുന്നെങ്കിൽ കേരളത്തിനൊരു വനിതാ കേന്ദ്ര മന്ത്രിയെ കിട്ടുമായിരുന്നു. 

ജി സുധാകരൻ നല്ല കഴിവുള്ള എല്ലാ അർത്ഥത്തിലും, എല്ലാവരും അഗീകരിക്കുന്ന ഒരു നേതാവ് ആയിരുന്നു. അദ്ദേഹത്തെ ഒരു സൈഡിൽ ഒതുക്കിയപ്പോൾ തുടങ്ങി ആലപ്പുഴയിൽ പാർട്ടിയുടെ നാശം. ഹുങ്കും അഹങ്കാരവും വലിച്ചെറിഞ്ഞു പാർട്ടിയെ ശുദ്ധികരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. ജനങ്ങളെ ഇനിയും വിഡ്ഢികൾ ആക്കാൻ നോക്കേണ്ട. മര്യാദക്കാരും ലളിത ജീവിതം നയിക്കുന്നവരും ആയ സിപിഎം പ്രവർത്തകർ ഉണ്ട്. അവരോട് ജനങ്ങൾക്ക്  ഇഷ്ടമാണ്. അവർ പണം സമ്പാദിച്ചിട്ടില്ല. പരിപ്പുവടയും ചായയും കുടിച്ചു ജീവിക്കുന്നു. മാഷേ വലിച്ചെറിയൂ ഈ മൂടുപടം, ഏറെ സ്നേഹത്തോടെ, ബഹുമാനത്തോടെ പറയുകയാണ്. വിളയ്ക്കു മീതെ ആണല്ലോ കള വളർന്നു നിൽക്കുന്നത്. അതുകൊണ്ട് വിളയും കളയും തിരിച്ചറിയാൻ ബുദ്ധിമുട്ടും.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia