Mahatma Gandhi | 1982നു മുമ്പ് ഗാന്ധിജി അറിയപ്പെട്ടിരുന്നില്ലേ? ലോകമെമ്പാടുമുള്ള ചരിത്ര വസ്തുതകളിലേക്ക് ഒരെത്തി നോട്ടം


ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ പോരാട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു
ന്യൂഡെൽഹി: (KVARTHA) മഹാത്മാഗാന്ധിയെ മുമ്പ് ആർക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തെ ലോകമറിഞ്ഞത് 'ഗാന്ധി' സിനിമയിലൂടെയാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം വലിയ ചർച്ചയായിരിക്കുകയാണ്. 1982 ൽ റിച്ചാർഡ് ആറ്റൻബറോ 'ഗാന്ധി' സിനിമ പുറത്തിറക്കും വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി.
മഹാത്മാ ഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ പിതാവും ലോകപ്രശസ്തനായ നേതാവുമായിരുന്നു എന്നതിൽ സംശയമില്ല. പക്ഷേ, 1982 ൽ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന സിനിമ അദ്ദേഹത്തെ ലോകമെമ്പാടും കൂടുതൽ പരിചയപ്പെടുത്തിയെന്ന പ്രധാനമന്ത്രിയുടെ പരാമർശം ചരിത്രപരമായി കൃത്യമല്ലെന്ന് ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടു.
മഹാത്മാ ഗാന്ധിയും പ്രശസ്തിയും
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വഹിച്ച പങ്ക് അതുല്യമാണ്. അഹിംസ എന്ന തത്വശാസ്ത്രത്തിലൂടെയും സത്യാഗ്രഹം പോലുള്ള പ്രക്ഷോഭങ്ങളിലൂടെയും ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. സ്വാതന്ത്ര്യസമര കാലത്തും തുടർന്നും, ഗാന്ധിജി ഒരു അന്താരാഷ്ട്ര പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ അഹിംസ തത്വശാസ്ത്രം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരെയും നേതാക്കളെയും സ്വാധീനിച്ചു. നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തുടങ്ങിയവർ ഗാന്ധിജിയുടെ ആരാധകരായിരുന്നു.
1982നു മുമ്പ് ഗാന്ധിജി അറിയപ്പെട്ടിരുന്നില്ലേ?
1953 -ൽ 'മഹാത്മാഗാന്ധി: ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകൻ' എന്ന അമേരിക്കൻ ഡോക്യുമെൻ്ററിയുടെ വിഷയം ഗാന്ധിജിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ 20-ാം നൂറ്റാണ്ടിലെ പ്രവാചകൻ ഒരു പങ്ക് വഹിച്ചു. അഹിംസ തത്വശാസ്ത്രത്തിന്റെ പ്രസക്തിയും ലോക സമാധാനത്തിനുള്ള ഗാന്ധിജിയുടെ സംഭാവനകളും ഇത് എടുത്തുകാട്ടുന്നു.
മഹാത്മാ ഗാന്ധിയുടെ വധത്തെ ആസ്പദമാക്കി 1963 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് 'നൈൻ അവേഴ്‌സ് ടു രാമ' പുറത്തിറങ്ങി. മാർക്ക് റോബ്‌സണാണ് ഇത് സംവിധാനം ചെയ്തത്. ചിത്രം ഗാന്ധിയുടെ അവസാന ദിവസങ്ങളും വധത്തിന്റെ സംഭവങ്ങളും ചിത്രീകരിക്കുന്നു. മഹാത്മാഗാന്ധിയെ കൊല്ലാനുള്ള നാഥുറാം ഗോഡ്‌സെയുടെ പദ്ധതിയുടെ സാങ്കൽപ്പിക വിവരണമാണ് കഥ. 1968- ൽ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 'മഹാത്മാ: ലൈഫ് ഓഫ് ഗാന്ധി, 1869-1948' എന്ന ഡോക്യുമെൻ്ററിയും പുറത്തിറങ്ങിയിട്ടുണ്ട്.
ഗാന്ധിയുടെ പ്രതിമകൾ
1982-ലെ സിനിമയ്ക്ക് വളരെ മുമ്പ് തന്നെ, ലോകമെമ്പാടും ഗാന്ധിജിയുടെ പ്രതിമകൾ സ്ഥാപിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലും യുകെയിലും അമേരിക്കയിലും ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലും ഗാന്ധിജിയുടെ പ്രതിമകൾ കാണാം.
* ഗാന്ധി വേൾഡ് പീസ് മെമ്മോറിയൽ 1950-ൽ അമേരിക്കയിൽ നിർമ്മിച്ചു. കാലിഫോർണിയയിലെ ലേക്ക് ഷ്രൈൻ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പ്രതിമ വെങ്കലത്തിൽ നിർമ്മിച്ചതാണ്, എട്ട് അടി ഉയരമുണ്ട്. ഗാന്ധി നടക്കുന്ന ഒരു ലളിതമായ പോസ് ആണ് കാണിക്കുന്നത്.
* യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള മഹാത്മാഗാന്ധിയുടെ പ്രതിമകളിലൊന്നാണ് ബ്രസൽസിൽ മോളൻബീക്ക് കമ്യൂണിലെ പാർക്കിൽ സ്ഥിതിചെയ്യുന്നത്. പ്രശസ്ത ബെൽജിയൻ കലാകാരൻ റെനെ ക്ലിക്കറ്റ് നിർമ്മിച്ച ഈ പ്രതിമ, 1969 ൽ ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിച്ചതാണ്.
* മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ 1968 മെയ് 17 ന് അന്നത്തെ പ്രധാനമന്ത്രി ഹരോൾഡ് വിൽസൺ അനാച്ഛാദനം ചെയ്തു.
* ഗാന്ധിജിയുടെ മരണവും പൈതൃകവും അടയാളപ്പെടുത്തുന്നതിനായി ഉഗാണ്ടയിലെ ജിംഗയിൽ നൈൽ നദിയുടെ ഉറവിടത്തോട് ചേർന്ന് ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം , 1948-ൽ, മഹാത്മാഗാന്ധിയുടെ ചിതാഭസ്മത്തിൻ്റെ ഒരു ഭാഗം ഉഗാണ്ടയിലെ നൈൽ ഉൾപ്പെടെ ലോകത്തിലെ നിരവധി പ്രമുഖ നദികളിൽ വിതറി. ആ സ്ഥലത്തിനടുത്താണ് സ്മാരകം നിലകൊള്ളുന്നത്.
*1988 മെയ് 15-ന് കാനഡയിലെ ഒൻ്റാറിയോ പ്രീമിയർ ഡേവിഡ് പീറ്റേഴ്‌സൺ വോയ്‌സ് ഓഫ് വേദാസ് ഗ്രൗണ്ടിൽ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തിട്ടുണ്ട്.