Visit | സന്ദീപ് വാര്യർ പാണക്കാട്ടെത്തി; ഹൃദ്യമായ സ്വീകരണം; സന്ദർശനം തെറ്റിദ്ധാരണകൾ മാറ്റാൻ സഹായമാകുമെന്ന് പ്രതികരണം
● പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു.
● 'മലപ്പുറത്തിന് മതനിരപേക്ഷ സംസ്കാരം കിട്ടാൻ കാരണം പാണക്കാട് കുടുംബം'
● കോൺഗ്രസിൽ ചേർന്നത് സന്തോഷമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: (KVARTHA) ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിച്ചു. മലപ്പുറത്തിന് മതനിരപേക്ഷ സംസ്കാരം കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് കടന്നുവരാം. ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് താൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണകൾ മാറ്റാൻ സഹായമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സന്ദീപിന്റെ കോൺഗ്രസിലേക്കുള്ള കടന്നു വരവിനെ സന്തോഷത്തോടെയാണ് നോക്കി കാണുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതേതരത്വത്തിന്റെ രാഷ്ട്രീയഭൂമിയിലേക്ക് അദ്ദേഹം കടന്നു വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതിക്കാണ് സന്ദീപ് കോൺഗ്രസിൽ ചേർന്നതോടെ മാറ്റം വരുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി കോൺഗ്രസിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ കാലമാണ്. ദേശീയമായി തന്നെ പ്രാധാന്യമുള്ള ഒന്നാണ് സന്ദീപിൻ്റെ വരവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത് ലീഗ് സംസ്ഥാന ജനറൽ സെക്രടറി പി കെ ഫിറോസ്, കെപിസിസി സെക്രടറി വി ബാബുരാജ് തുടങ്ങിയവർ സന്ദീപിനൊപ്പമുണ്ടായിരുന്നു.
#SandeepWarrier #Congress #MuslimLeague #KeralaPolitics #India #Secularism