Politics | ശ്രീജിത്ത് പണിക്കർ തുറന്നുവിട്ട ‘ഭൂതം’, കെ സുരേന്ദ്രൻ മറുപടി പറയുമോ? ചെറിയ ഉള്ളിക്കും ആക്രി നിരീക്ഷകനും ഇടയിൽ ചർച്ചയായി ‘മകന്റെ കള്ളനിയമനവും, കുഴൽപ്പണവും’
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെന്നുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു
തിരുവനന്തപുരം: (KVARTHA) സംസ്ഥാന ബിജെപി നേതൃത്വത്തിൽ ഉടലെടുത്ത വിവാദങ്ങൾക്കിടെ, വലത് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ തുറന്നുവിട്ട ഭൂതത്തിൽ കുടുങ്ങി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 'മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം' എന്നിവ വീണ്ടും ചർച്ചയാക്കിയാണ് ശ്രീജിത്ത് പണിക്കർ സുരേന്ദ്രനെ വെട്ടിലാക്കിയിരിക്കുന്നത്.
തർക്കത്തിന് പിന്നിൽ
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള പോരിന് തുടക്കമായത്. സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്നുള്ള ആരോപണമാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്. 'കള്ളപ്പണിക്കന്മാർ, ആക്രി നിരീക്ഷകൻ’ എന്നിങ്ങനെയാണ് ആരോപണങ്ങൾക്ക് മറുപടി പറയവെ സുരേന്ദ്രൻ പറഞ്ഞത്.
'തിരഞ്ഞെടുപ്പ് വന്നപ്പൊ നിങ്ങള്‍ (മാധ്യമങ്ങള്‍) പറഞ്ഞു, സുരേഷ് ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം പരിശ്രമിക്കുന്നുവെന്ന്. നിങ്ങള്‍ മാത്രമല്ല, ചില ആക്രി നിരീക്ഷകരും. അവര് വൈകുന്നേരം ചാനലുകളില്‍ വന്നിരിക്കുന്നുണ്ടല്ലോ, കള്ളപ്പണിക്കര്‍മാര്‍ കുറേയാള്‍ക്കാര്‍. അവര് വന്നിട്ട് പറയുകയാണ്, സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നുവെന്ന്’, എന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.
ശ്രീജിത്ത് പണിക്കരുടെ മറുപടി
സുരേന്ദ്രന്റെ വിമർശനത്തിന് അതിരൂക്ഷമായ ഭാഷയിലാണ് ശ്രീജിത്ത് പണിക്കർ മറുപടി നൽകിയത്. തൊലിയുരിച്ച ചെറിയുള്ളിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശ്രീജിത് പണിക്കരുടെ മറുപടി. ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്:
‘പ്രിയപ്പെട്ട ഗണപതിവട്ടജി, നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.
സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. അല്ലെങ്കിൽ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകൾ ഇല്ലാതാക്കാൻ “മൂന്ന് ഡസൻ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.
പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകും.
ഒരു കാര്യത്തിൽ നന്ദിയുണ്ട്. സോഷ്യൽ മീഡിയയിൽ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം! പണിക്കർ, ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.
വെട്ടിലായതാര്?
പണിക്കരുടെ ആരോപണങ്ങൾ വരും ദിവസങ്ങളിലും വലിയ ചർച്ചയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ജോലി ലഭിച്ചതില്‍ നേരത്തെ തന്നെ ആരോപണമുയരുന്നു. ഇവിടെ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലാണ് കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന് നിയമനം ലഭിച്ചത്. ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ധൃതി പിടിച്ച് പരീക്ഷയും പ്രാക്ടികല്‍ പരീക്ഷയും മറ്റും നടത്തുകയും പിന്നീട് റാങ്ക് ലിസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചില്ലെന്നും കാട്ടി പരീക്ഷയിൽ പങ്കെടുത്തവരടക്കം ആരോപണവുമായി രംഗത്തുവന്നിരുന്നു. ഈ വിവാദം ഒരിക്കൽ കൂടി ചൂടുപിടിക്കുമ്പോൾ സുരേന്ദ്രന് മറുപടി പറയേണ്ടി വരും.
കൊടകര കുഴല്‍പ്പണ കേസിലും സുരേന്ദ്രനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് പണിക്കരുടെ പോസ്റ്റ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 41 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കുഴല്‍പ്പണമായി എത്തിയതും കുഴല്‍പ്പണം കവര്‍ച്ച ചെയ്തതുമായ സംഭവമാണ് കൊടകര കുഴല്‍പ്പണ കേസ്. ഇത് ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നാണ് ഉയർന്ന ആരോപണം. ഇതിനും ഇപ്പോൾ വിശദീകരണം നൽകേണ്ട അവസ്ഥയാണ് സുരേന്ദ്രന് വന്നുചേർന്നിരിക്കുന്നത്.
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെന്നുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് കസേരയിൽ അധിക കാലം തുടരാനാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.