By-election | പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയത്തെക്കുറിച്ച് വി ടി ബൽറാമിൻ്റെ ഏഴ് നിരീക്ഷണങ്ങൾ
● 'സിപിഎമ്മിനെ ബിജെപിയുടെ സഖ്യകക്ഷിയായി ജനങ്ങൾ കാണുന്നു'
● 'ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ കലാപങ്ങൾ ആ പാർട്ടിക്കകത്ത് തുടങ്ങിയിരിക്കുന്നു'
പലക്കാട്: (KVARTHA) കോൺഗ്രസ് നേതാവും എം എൽ എയുമായ വി ടി ബൽറാം പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയത്തെക്കുറിച്ച് തൻ്റെ ഫേസ്ബുക്ക് പേജിൽ വിശദമായ വിശകലനം നടത്തി. ബൽരാമിന്റെ എഴ് നിരീക്ഷണങ്ങൾ ഇവയാണ്.
-
ബിജെപിക്ക് എതിരായ ഏകീകൃത മുന്നണി: കേരളത്തിലെ ജനങ്ങൾ ബിജെപിയെ നേരിടാൻ കോൺഗ്രസിനെയും യുഡിഎഫിനെയും പിന്തുണയ്ക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചത്. സിപിഎമ്മിനെ ബിജെപിയുടെ സഖ്യകക്ഷിയായി ജനങ്ങൾ കാണുന്നു.
-
സിപിഎമ്മിൻ്റെ സ്ഥിരമായ മൂന്നാം സ്ഥാനം: മതേതരത്വം സംരക്ഷിക്കാൻ സിപിഎം ഒരു കാലത്തും കോൺഗ്രസിന് വോട്ട് മറിച്ചു നൽകില്ല. പാലക്കാട്ടെ മുൻ ഇലക്ഷനുകളിലൊന്നും അങ്ങനെ നൽകിയിട്ടുമില്ല.
-
ബിജെപിയുടെ തകർച്ച: പാലക്കാട് ബിജെപിക്ക് ഇനി ഒരു 'എ' ക്ലാസ് സീറ്റല്ല. അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ട്.
-
സിപിഎമ്മിന്റെ വ്യക്തിഹത്യ: കോൺഗ്രസ് സ്ഥാനാർത്ഥിയെക്കുറിച്ച് നടത്തിയ വ്യക്തിഹത്യ പ്രചാരണങ്ങൾ പരാജയപ്പെട്ടു. ഇത്തരം പ്രചാരണങ്ങൾ സിപിഎമ്മിന്റെ വോട്ട് വർദ്ധിപ്പിക്കുന്നില്ല.
-
വർഗീയ പ്രചാരണങ്ങളുടെ പരാജയം: സിപിഎമ്മിന്റെ വർഗീയ പ്രചാരണങ്ങൾ ഇനി ഫലിക്കില്ലെന്ന് ജനങ്ങൾ തെളിയിച്ചു. ന്യൂനപക്ഷങ്ങൾ സമഗ്രമായി വിലയിരുത്തിയാണ് തീരുമാനങ്ങൾ എടുക്കുന്നത്.
-
സിപിഎമ്മിലെ നേതൃത്വ പ്രതിസന്ധി: സിപിഎമ്മിൽ ക്രഡിബിലിറ്റിയുള്ള നേതാക്കളുടെ അഭാവം പ്രകടമാണ്. പുതിയ തലമുറ വോട്ടർമാർ സിപിഎം നേതാക്കളെ പരിഹാസ്യമായി കാണുന്നു.
-
ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ: ബിജെപിയിൽ സുരേന്ദ്രൻ പോലുള്ള നേതാക്കൾ സിപിഎമ്മുമായി ഡീലുകൾ നടത്തുന്നു എന്ന ആരോപണം ശക്തമാണ്.
ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മുമ്പ് 'പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി' എന്ന ബൽറാമിനെ പോസ്റ്റ് ശ്രദ്ധ നേടിയിരുനന്നു.
നിരീക്ഷണങ്ങൾ അടങ്ങിയ ബൽരാമിന്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പാലക്കാട് തെരഞ്ഞെടുപ്പ് റിസൾട്ടുമായി ബന്ധപ്പെട്ട് ചില പ്രാഥമിക നിരീക്ഷണങ്ങൾ:
1) ബിജെപിയെ നേർക്കുനേരെയുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്താൻ സാധിക്കുന്നത് കോൺഗസിനും യുഡിഎഫിനുമാണ് എന്ന് കേരളം വീണ്ടും വിധിയെഴുതിയിരിക്കുന്നു. സിപിഎമ്മിനെ ബിജെപിയുടെ സഖ്യകക്ഷി മാത്രമായാണ് ജനങ്ങൾ കാണുന്നത്.
2) ‘മതേതരത്വം സംരക്ഷിക്കാൻ’ സിപിഎം ഒരു കാലത്തും കോൺഗ്രസിന് വോട്ട് മറിച്ചു നൽകില്ല. പാലക്കാട്ടെ മുൻ ഇലക്ഷനുകളിലൊന്നും അങ്ങനെ നൽകിയിട്ടുമില്ല. ഷാഫിയും ഇ ശ്രീധരനും ഏറ്റുമുട്ടുമ്പോഴും ശ്രീകണ്ഠനെതിരെ പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ ജയിക്കാനായി മത്സരിക്കുമ്പോഴും ഇപ്പോൾ ഭരണത്തിന്റെ മുഴുവൻ സന്നാഹങ്ങളുമുപയോഗിച്ച് രണ്ടാം സ്ഥാനമെങ്കിലും നേടാൻ ഡസ്പറേറ്റായി നോക്കിയപ്പോഴും എല്ലാം സിപിഎം സ്ഥിരമായി മൂന്നാം സ്ഥാനത്ത് തന്നെയാണ്. അവരുടെ വോട്ടിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. അവർക്ക് അവിടെ അത്രയേ വോട്ടുള്ളൂ, 35000നും 38000നുമിടക്ക്.
3) ബിജെപിയുടെ പാലക്കാട്ടെ തകർച്ച തുടങ്ങിക്കഴിഞ്ഞു. അവരെ സംബന്ധിച്ച് പാലക്കാട് ഇനിയൊരു 'എ' ക്ലാസ് സീറ്റല്ല. അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ അവിടെ ഭരണമാറ്റത്തിന് സാധ്യത വർദ്ധിച്ചിരിക്കുന്നു.
4) കാമ്പുള്ള രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കാതെ കോൺഗ്രസ് സ്ഥാനാർത്ഥിയെക്കുറിച്ച് നിലവാരമില്ലാത്തതും ബാലിശവുമായ വ്യക്തിപര ആരോപണങ്ങളുന്നയിച്ച് പ്രചരണങ്ങളെ ഡീറെയിൽ ചെയ്യിക്കാനുള്ള സിപിഎം ശ്രമങ്ങൾ പതിവായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഇപ്പോൾ പാളുകയാണ്. തലക്കകത്തും പുറത്തും ഒന്നുമില്ലാത്ത ചില മാധ്യമ പുംഗവന്മാരുടെ അതിവൈകാരിക പ്രകടനങ്ങൾ കൊണ്ട് അവരുടെ ചാനലിന്റെ റേറ്റിംഗ് മാത്രമേ കൂടുകയുള്ളൂ, സിപിഎമ്മിന്റെ വോട്ട് കൂടില്ല.
5) ഇനിയെങ്കിലും ഹീനമായ വർഗീയ പ്രചരണങ്ങൾ സിപിഎം നിർത്തണമെന്ന് ജനങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുന്നു. അങ്ങനെ ഏതെങ്കിലും ഒരു സിംഗിൾ വിഷയത്തിന്മേൽ വൈകാരികമായി പ്രതികരിക്കുന്നവരല്ല കേരളത്തിലെ ന്യൂനപക്ഷങ്ങൾ ഇപ്പോൾ. സമകാലിക ഇന്ത്യൻ അവസ്ഥയെ സമഗ്രമായി വിലയിരുത്തിയാണ് അവർ ഈയടുത്തകാലത്തായി കോൺഗ്രസിനും യുഡിഎഫിനുമൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയന്റെ പഞ്ച് ഡയലോഗുകൾ കേട്ട് കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഓവറായ കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സിപിഎം ഒഴിവാക്കിയാൽ അവർക്ക് നന്ന്.
6) ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ കലാപങ്ങൾ ആ പാർട്ടിക്കകത്ത് തുടങ്ങിയിരിക്കുന്നു. പണത്തോട് ആർത്തിയുള്ള സുരേന്ദ്രനെപ്പോലുള്ള നേതാക്കൾ സിപിഎമ്മുമായി ഒരുപാട് ഡീലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപിക്കാർക്ക് പോലും മനസ്സിലാവുന്നുണ്ട്.
7) ക്രഡിബിലിറ്റിയുള്ള ഒരൊറ്റ നേതാവു പോലും ഇന്ന് സിപിഎമ്മിലില്ല. ‘അപ്പ കണ്ടവനെ അപ്പാ’ എന്നു വിളിക്കുന്ന, വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കിൽ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയർ വ്യത്യാസമില്ലാതെ സിപിഎമ്മിന്റെ നേതാക്കൾ. പുതിയ തലമുറ വോട്ടർമാർക്ക് മുന്നിൽ അവർ മിക്കവരും പരിഹാസ്യ കഥാപാത്രങ്ങളാണ്.