Controversy | വി എസ് നടത്തിയ പോരാട്ടങ്ങൾ സ്വയം റദ്ദ് ചെയ്യുന്ന സിപിഎം; പാലക്കാടൻ മണ്ണിൽ വീണ്ടും കുടിവെള്ള ചൂഷണ വിരുദ്ധ സമരം തിളക്കുന്നു


● ആറ് ഡിസ്റ്റലറികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
● 'പ്രതിദിനം ഒരു ലക്ഷത്തിലേറെ ശുദ്ധജലമാണ് ഉപയോഗിക്കാൻ പോകുന്നത്'
● സിപിഐ സംസ്ഥാന നേതൃത്വം ആശയകുഴപ്പത്തിലാണ്
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായപ്പോൾ കേരളം കണ്ട ഐതിഹാസിക സമരങ്ങളിലൊന്നായിരുന്നു പ്ലാച്ചിമടയിലേത്. കുടിവെള്ള സംരക്ഷണത്തിനായി വി.എസും മയിലമ്മയുമോക്കെ നടത്തിയ പോരാട്ടം കേരളത്തെ ത്രസിപ്പിച്ചിരുന്നു. ഇവരോടൊപ്പം അണിനിരന്ന രാജ്യമാകെയുള്ള പരിസ്ഥിതി പ്രവർത്തകരുടെ പിന്തുണയിൽ കൊക്കകോള കമ്പനികളെ പാലക്കാടൻ മണ്ണിൽ നിന്നും കെട്ടുകെട്ടിക്കാൻ കഴിഞ്ഞു. ജലചൂഷണത്തിനെതിരെ വി.എസ് നടത്തിയ പോരാട്ടങ്ങൾ ദേശീയ മാധ്യമങ്ങളുടെ വാർത്തകളിലും ഇടം നേടിയിരുന്നു.
കേരളത്തിൽ കുടിവെള്ള ചൂഷണത്തിനെതിരെ ഒരു കമ്യൂണിസ്റ്റ് നേതാവിൻ്റെ കോർപറേറ്റ് വിരുദ്ധ സമരം ഇന്ത്യയിൽ തന്നെ ചെറുതും വലുതുമായ ജനകീയ സമരങ്ങൾക്ക് വിത്തുപാകി. എന്നാൽ വാർധക്യ സഹജമായ അസുഖങ്ങൾ കാരണം പോരാട്ടജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്ന വിഎസിൻ്റെ പാർട്ടിയായ സിപിഎം തന്നെ പുതിയ ജലചൂഷണത്തിന് കളമൊരുക്കുന്നത് ചരിത്രം പ്രഹസനമായി വീണ്ടും ആവർത്തിക്കുമെന്നതിൻ്റെ പുതിയ തെളിവായി മാറുകയാണ്.
അന്ന് വിഎസ് നടത്തിയ ജനകീയ പോരാട്ടങ്ങൾക്ക് തോളോട് തോൾ ചേർന്ന് പിൻതുണ നൽകിയ സിപിഐ സംസ്ഥാന നേതൃത്വം ആശയകുഴപ്പത്തിലാണ്. ജലചൂഷണം വേണ്ടെന്ന് മൃദുവായി പറയുമ്പോഴും ജനകീയ വികാരം ഉൾകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനാകുന്നില്ല. ഈ വിഷയത്തിൽ സർക്കാരിനെ എതിർപ്പറിയിച്ചു തിരുത്തൽ ശക്തിയാകാൻ സിപിഐക്ക് കഴിയുന്നില്ല.
എന്നാൽ പാലക്കാട് ജില്ലാ കമ്മിറ്റി ജലചൂഷണം അനുവദിക്കില്ലെന്ന കടുത്ത നില പാടിലാണ്. ജില്ലാ ഘടകത്തിൻ്റെ തീരുമാനത്തിനൊപ്പം നിന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ബ്രൂവറി വേണ്ടെന്ന നിലപാട് ഗത്യന്തരമില്ലാതെ സ്വീകരിച്ചത്. കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന ആശങ്ക മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തള്ളിയിട്ടും സിപിഐയ്ക്ക് തൊണ്ട തൊടാതെ ഇവരുടെ വാദങ്ങൾ വിഴുങ്ങാൻ കഴിഞ്ഞിട്ടില്ല.
ഈ കാര്യത്തിൽ എൽഡിഎഫിൽ ആശങ്ക അറിയിക്കാനാണ് സിപിഐ തീരുമാനം. മുന്നണി യോഗത്തിന് മുൻപ് സിപിഎം - സിപിഐ സംസ്ഥാന സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തും. അതിൽ സിപിഐയെ അനുനയിപ്പിക്കാനാകുമെന്നാണ് സിപിഎം കരുതുന്നത്. ഭൂഗർഭ ജല ചൂഷണം ഉണ്ടാകില്ലെന്ന് ഒയാസിസ് കമ്പനി നൽകിയ ഉറപ്പ് സിപിഎം വീണ്ടും വിശദീകരിക്കും. വ്യവസായ ആവശ്യങ്ങൾക്കുള്ള വെള്ളമല്ലാതെ കുടിവെള്ളം മദ്യനിർമ്മാണത്തിന് അനുവദിക്കില്ലെന്നും ആവർത്തിക്കും.
മദ്യനയം മാറിയെന്ന് പറഞ്ഞാണ് എക്സൈസ് മന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ നേരിട്ടത്. എന്നാൽ നയം മാറ്റത്തിന് അനുസരിച്ച് ഡിസ്റ്റിലറി അനുമതി നൽകുമ്പോൾ കാര്യമായ ചർച്ച ഉണ്ടായില്ലെന്ന സിപിഐ വിമർശനം എക്സൈസ് മന്ത്രിയെ അടക്കം സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. പദ്ധതിക്ക് അനുമതി നൽകിയ രീതിയിൽ പാർട്ടി മന്ത്രിമാർക്കെതിരെ സിപിഐയിൽ അമർഷമുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കാതെ വ്യവസായനിക്ഷേപത്തിന് കണ്ണുമടച്ച് പിന്തുണ നൽകരുതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ വിമർശനം.
പാലക്കാട് എലപ്പള്ളി പഞ്ചായത്തുകളിൽ ആറ് ഡിസ്റ്റലറികൾക്കാണ് സർക്കാർ അനുമതി നൽകിയത്. കർഷകർക്ക് കൃഷിക്ക് ഉപയോഗിക്കാൻ പോലും ജലമില്ലാത്ത പാലക്കാട്ട് പ്രതിദിനം ഒരു ലക്ഷത്തിലേറെ ശുദ്ധജലമാണ് സ്പിരിറ്റ് - നിർമ്മാണത്തിനായി ഉപയോഗിക്കാൻ പോകുന്നത്. സിപിഎം പിബി അംഗമായ പിണറായി വിജയൻ മുഖ്യമന്ത്രിയായി ഭരിക്കുമ്പോൾ പാലക്കാടൻ മണ്ണിൽ ബ്രുവറിക്കായി ഒത്താശ ചെയ്തു കൊടുക്കുന്നത് സോഷ്യൽ മീഡിയയിൽ ചുടേറിയ ചർച്ചയായിരിക്കുകയാണ്.
Protests intensify in Palakkad against new distilleries as CPM faces backlash over water exploitation concerns, undermining VS Achuthanandan’s legacy.
#KeralaNews #PalakkadProtests #WaterCrisis #VSLegacy #CPM