സമരകേരളത്തിന് തീ കൊളുത്തിയ ‘നീട്ടിയും കുറുക്കിയുമുള്ള പ്രസംഗശൈലി’; വി എസിന്റെ വ്യത്യസ്ത പ്രസംഗം കേൾക്കാൻ ജനസാഗരം

 
V.S. Achuthanandan delivering a speech to a crowd
V.S. Achuthanandan delivering a speech to a crowd

Photo: Special Arrangement

● 1980 മുതൽ 1992 വരെ സിപിഎം സംസ്ഥാന സെക്രട്ടറി.
● അഴിമതിക്കെതിരെയും പ്രകൃതി സംരക്ഷണത്തിനുമുള്ള പോരാട്ടങ്ങൾ.
● 'നീട്ടിയും കുറുക്കിയുമുള്ള' പ്രസംഗശൈലി അദ്ദേഹത്തിന്റെ പ്രത്യേകത.
● ജനങ്ങളെ ആകർഷിച്ച ജനകീയ പ്രസംഗങ്ങൾ.


കാർത്തിക് കൃഷ്ണ

കണ്ണൂർ: (KVARTHA) കമ്യൂണിസ്റ്റ് പാർട്ടിയിൽ തൊഴിലാളിവർഗത്തിന്റെ ദത്തുപുത്രന്മാരായി നിരവധി നേതാക്കളുണ്ടായിരുന്നെങ്കിലും, കർഷക-തൊഴിലാളി കുടുംബത്തിൽനിന്ന് പ്രതിസന്ധികളെ അതിജീവിച്ചുവന്ന അപൂർവം നേതാക്കളിൽ ഒരാളായിരുന്നു വി.എസ്. അച്യുതാനന്ദൻ.

1923-ൽ പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ ജനിച്ചത്. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ, ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിൽ, പട്ടിണിയും ദുരിതങ്ങളും അനുഭവിച്ചാണ് വി.എസ്. വളർന്നുവന്നത്.
 

അതുകൊണ്ടുതന്നെ, ദുരിതപൂർണ്ണമായ ബാല്യമായിരുന്നു വി.എസ്. അച്യുതാനന്ദന്റേത്. പതിനൊന്നാമത്തെ വയസ്സായപ്പോഴേക്കും വസൂരി ബാധിച്ച് അച്ഛനും അമ്മയും വി.എസിന് നഷ്ടമായി. പിന്നീട് സഹോദരിയുടെയും മറ്റ് ബന്ധുക്കളുടെയും തണലിലായിരുന്നു ജീവിതം. 

ജീവിതദുരിതങ്ങളെ തുടർന്ന് വി.എസിന് ഏഴാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് സഹോദരന്റെ ജൗളിക്കടയിൽ സഹായിയായി കൂടി. യൗവനത്തിൽ ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. 

പതിനേഴാമത്തെ വയസ്സിൽ, അന്ന് നിരോധിക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. അന്ന് കയർ ഫാക്ടറി തൊഴിലാളിയായിരുന്ന വി.എസ്. അച്യുതാനന്ദൻ പി. കൃഷ്ണപിള്ള, ആർ. സുഗതൻ, സി. ഉണ്ണിരാജ എന്നിവരുടെ പാർട്ടി ക്ലാസ്സുകളിൽ പങ്കെടുത്തതോടെ തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങളുടെ ഭാഗമായി മാറി. നിരവധി പോലീസ് മർദനങ്ങളും ജയിൽവാസവും അന്നേ തുടങ്ങിയിരുന്നു.

കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ കർഷകരുടെ അവകാശപ്പോരാട്ടങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായപ്പോൾ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വി.എസ്. നേതൃപരമായി ഇടപെടൽ നടത്തിയിരുന്നു. 

പിന്നീട് പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി സമരങ്ങളിലും വി.എസ്. നേതൃപരമായി ഇടപെട്ടിരുന്നു. പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് കസ്റ്റഡിയിലായ വി.എസ്. നേരിട്ടത് കൊടിയ പോലീസ് മർദനമായിരുന്നു.
 

ഐക്യകേരള രൂപീകരണത്തിന് മുൻപ്, 1952-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷണൽ സെക്രട്ടറിയായി വി.എസ്. നിയോഗിതനായി. 1956-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1959-ൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

1964-ൽ സി.പി.ഐ.യുടെ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 നേതാക്കൾ പുതിയ പാർട്ടി രൂപീകരിച്ചതോടെ സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി വി.എസ്. മാറി. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 1985-ൽ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1992 വരെ ഒരു വ്യാഴവട്ടക്കാലം സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. 
 

കർക്കശക്കാരനായ സംഘടനാ സെക്രട്ടറിയിൽനിന്ന് പാർലമെന്ററി രംഗത്തേക്കുള്ള വി.എസിന്റെ കടന്നുവരവും പിന്നീട് അഴിമതിക്കെതിരെയും പ്രകൃതി സംരക്ഷണത്തിനുമായുള്ള പോരാട്ടങ്ങളും ചരിത്രമായി മാറി. നിയമസഭയിൽ പ്രതിപക്ഷ നിരയിൽനിന്ന് പ്രതിഷേധങ്ങൾക്ക് തീ കൊളുത്തുമ്പോഴും മാധ്യമങ്ങളെ കാണുമ്പോഴും, കേൾക്കുന്നവർക്ക് നാടകീയമായി തോന്നാറുള്ള തന്റെ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗശൈലിയിൽ അദ്ദേഹം മാറ്റം വരുത്തിയില്ല. 

ആലപ്പുഴയിലെ കർഷകത്തൊഴിലാളികളുടെ യോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ, മൈക്കില്ലാത്ത കാലത്ത് വളരെ ഉച്ചത്തിൽ, അവർക്ക് കൂടി കേൾക്കാവുന്ന ശൈലിയിൽ നീട്ടിയും കുറുക്കിയും ആവർത്തിച്ചും സരസമായുള്ള പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്. ഇത് അവസാന നിമിഷം വരെ വി.എസ്. ശൈലിയായി തുടരുകയും ചെയ്തു.


വി.എസ്. അച്യുതാനന്ദന്റെ പ്രസംഗശൈലിയെക്കുറിച്ച്  നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 
 


Article Summary: V.S. Achuthanandan's unique speech style ignited Kerala protests.
 


#VSAchuthanandan #KeralaPolitics #SpeechStyle #CommunistLeader #PunnapraVayalar #KeralaHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia