

● പുന്നപ്ര-വയലാർ പ്രക്ഷോഭത്തിൽ വി.എസ് മുൻനിരയിൽ സജീവമായിരുന്നു.
● 83-ാം വയസ്സിൽ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു.
● വി.എസ്സിന്റെ ജീവിതം 'സമരം തന്നെ ജീവിതം' എന്ന ആത്മകഥയ്ക്ക് അന്വർത്ഥമായിരുന്നു.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) രാഷ്ട്രീയ കേരളത്തിന്, 'വി.എസ്' എന്ന രണ്ടക്ഷരം എന്നും എപ്പോഴും പോരാട്ടത്തിന്റെ പര്യായമാണ്. കേരളത്തിലെ ഓരോ മനുഷ്യന്റെയും മനസ്സിലെ മുഷ്ടിചുരുട്ടിയ കൈകളായിരുന്നു വി.എസ്. അവർ പറയാൻ ആഗ്രഹിച്ച സത്യങ്ങൾ വി.എസ് വിളിച്ചുപറഞ്ഞു. നേരിനുവേണ്ടി സമരകാഹളം മുഴക്കി. താൻ നിരന്തരം നടത്തിയ പോരാട്ടങ്ങളിലൂടെ യൗവനം ആർജിക്കുകയായിരുന്നു വി.എസ്.
നാടുവാഴിത്തത്തിനെതിരായ സമരങ്ങളിൽ തുടങ്ങി കർഷകർക്കും തൊഴിലാളിവർഗ്ഗത്തിനും പിന്നീട് പരിസ്ഥിതിക്കും സ്ത്രീസമത്വത്തിനുമായി മാറ്റിവെച്ച എട്ട് പതിറ്റാണ്ട്. അവസാന ശ്വാസം വരെ കർമ്മനിരതമായിരുന്നു ആ ജീവിതത്തിലെ ഓരോ നിമിഷവും.
വി.എസിന്റെ പോരാട്ടങ്ങൾ കേരളമാകെ കത്തിപ്പടർന്നു. കുട്ടികളും സ്ത്രീകളും യുവാക്കളും വയോധികരും രാഷ്ട്രീയഭേദമന്യേ 'കണ്ണേ, കരളേ വി.എസേ' എന്ന് ആർത്തിരമ്പി. അത്രമാത്രം ഹൃദയത്തിൽ തൊട്ട പോരാട്ടങ്ങളായിരുന്നു വി.എസ് നടത്തിയത്.
എൻഡോസൾഫാൻ സമരം വി.എസ് ഏറ്റെടുത്തതോടെയാണ് ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ദുരന്തത്തിന് കാരണക്കാരായ ഭരണകൂടത്തിന് ഒടുവിൽ അതിൽ ഇടപെടേണ്ടിവന്നു.
1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്.അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മ അക്കമ്മയെയും പതിനൊന്നാം വയസ്സിൽ അച്ഛൻ ശങ്കരനെയും വസൂരി ബാധിച്ച് നഷ്ടമായതോടെ ഏഴാം ക്ലാസ്സിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു.
തുടർന്ന് മൂത്ത സഹോദരന്റെ തുന്നൽക്കടയിൽ സഹായിയായും അതിനുശേഷം ആസ്പിൻകയർ ഫാക്ടറിയിൽ തൊഴിലാളിയായും അധ്വാനവർഗ്ഗത്തിന്റെ ഉൾത്തുടിപ്പുകൾ അനുഭവിച്ചു.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനത്താൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് വി.എസ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി.
കേരളത്തിലെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചതും കമ്യൂണിസ്റ്റ് പാർട്ടിക്ക് ജനകീയാടിത്തറ നൽകിയതുമായ പുന്നപ്ര-വയലാർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു വി.എസ്. 1946 ഒക്ടോബർ 28-ന് അർദ്ധരാത്രി സർ സി.പിയുടെ പോലീസ് വി.എസ്സിനെ പൂഞ്ഞാറിൽനിന്ന് അറസ്റ്റ് ചെയ്തു. കൊടിയ മർദ്ദനമാണ് ലോക്കപ്പിൽ വി.എസ്സിന് അനുഭവിക്കേണ്ടിവന്നത്.
രണ്ട് കാലുകളും ലോക്കപ്പിന്റെ അഴികൾക്കിടയിലൂടെ പുറത്തെടുത്തു. തോക്കിന്റെ ബയണറ്റ് കാലിൽ കുത്തിയിറക്കി. ബോധം പോയ വി.എസ്സിനെ മരിച്ചെന്ന് കരുതി കാട്ടിൽ ഉപേക്ഷിക്കാൻ പോലീസ് കൊണ്ടുപോകുമ്പോൾ, അതിന് സഹായിയായിരുന്ന കള്ളൻ കോരപ്പൻ നൽകിയ വിവരമനുസരിച്ച് പോലീസ് ഞരക്കം കേട്ട് പാലായിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെനിന്ന് മാസങ്ങളോളമുള്ള ചികിത്സയ്ക്കുശേഷം മരണത്തെ മുഖാമുഖം കണ്ടാണ് അത്ഭുതകരമായ തിരിച്ചുവരവ്.
പിന്നീട് 1947 ഓഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് മിഴി തുറക്കുംവരെ ഒളിവിലായിരുന്നു വി.എസ്. സംഘടനാ രംഗത്ത് വേഗത്തിലായിരുന്നു വി.എസ്സിന്റെ വളർച്ച. 1957-ൽ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ, ഇ.എം.എസ് സർക്കാരിന് മാർഗ്ഗനിർദ്ദേശം നൽകാൻ പാർട്ടി രൂപീകരിച്ച ഒൻപതംഗ സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു വി.എസ്.
പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയായിട്ടാണ് വി.എസ് അറിയപ്പെട്ടത്. 1964-ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 അംഗങ്ങളിൽ ഒരാളായിരുന്നു വി.എസ്. അങ്ങനെ സി.പി.എമ്മിന്റെ സ്ഥാപക നേതാവുമായി. 1980 മുതൽ 92 വരെ 12 വർഷം സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1985 മുതൽ 2007 വരെ നീണ്ട 22 വർഷക്കാലം പാർട്ടി പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു.
സംഘടനാ രംഗത്തെ വേഗതയുണ്ടായിരുന്നില്ല വി.എസ്സിന്റെ പാർലമെന്ററി ജീവിതത്തിന്. 1965-ൽ സ്വന്തം വീട് ഉൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തോൽവിയായിരുന്നു ഫലം.
എന്നാൽ, രണ്ട് വർഷത്തിന് ശേഷം അതേ മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലം പാർട്ടി ജയിക്കുമ്പോൾ വി.എസ് തോൽക്കുകയും വി.എസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി വി.എസ്സിന്റെ രാഷ്ട്രീയ ജീവിതത്തിൽ.
പാർട്ടിക്കകത്തെ വിഭാഗീയതയിൽ ഒരു ഭാഗത്തെന്നും വി.എസ് ഉണ്ടായിരുന്നു. ആദ്യം നായനാരും പിന്നീട് പിണറായി വിജയനുമായിരുന്നു എതിരാളികൾ. 96-ൽ പാർട്ടിയുടെ ഉറച്ച കോട്ടയായ മാരാരിക്കുളത്ത് തോറ്റെങ്കിലും ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ വി.എസ് പാർട്ടിയിൽ കരുത്താർജിച്ചു.
98-ലെ പാലക്കാട് സംസ്ഥാന സമ്മേളനം പ്രത്യക്ഷത്തിൽത്തന്നെ ആ കരുത്തിന് വേദിയായി. എതിരാളികളായ സി.ഐ.ടി.യു വിഭാഗത്തെ വെട്ടിനിരത്താൻ അന്ന് വി.എസ്സിന് കരുത്ത് പകർണത് സാക്ഷാൽ പിണറായി വിജയനായിരുന്നു. വി.എസ്സാണ് അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൈപിടിച്ചുയർത്തിയത്.
പിന്നീട് ഇവർ തമ്മിലായി പോരാട്ടം. പാർട്ടി കൈവിട്ടപ്പോഴും ജനകീയാടിത്തറയിൽ വി.എസ് തന്റെ പോരാട്ടം തുടർന്നു. 2001 മുതൽ 2006 വരെയുള്ള പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് കാർക്കശ്യക്കാരനായ പാർട്ടി നേതാവെന്ന നിലയിൽനിന്ന് ജനപ്രിയ നേതാവെന്ന നിലയിലേക്ക് വി.എസ്സിനെ വളർത്തിയത്.
അഴിമതിക്കെതിരെ പോരാടിയും പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തിയും വി.എസ് ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചു. പാമോലിൻ, ലാവ്‍ലിൻ, ഐസ്‌ക്രീം പാർലർ, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഒറ്റയ്ക്ക് പോരാടിയും എൻഡോസൾഫാൻ, പ്ലാച്ചിമട കൊക്കോകോള വിരുദ്ധ സമരം എന്നിവ അടക്കമുള്ള ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും വി.എസ് ജനകീയ പ്രതിരോധത്തിന്റെ മുഖമായി.
പാരിസ്ഥിതിക പ്രശ്നങ്ങളിലെ കമ്യൂണിസ്റ്റ് ഇടപെടലായി മാറിയ വി.എസ് മതികെട്ടാൻമല വരെ നടന്നുകയറി. പിന്നീട് പാർട്ടി സീറ്റ് നിഷേധിച്ചപ്പോഴും വി.എസ്സിന് കരുത്തായത് ഈ ജനകീയ പിന്തുണയാണ്.
എൺപത്തിമൂന്നാം വയസ്സിലാണ് വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. ശക്തമായ ജനകീയ ഇടപെടലിനെത്തുടർന്നാണ് വി.എസ്സിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം നിഷേധിച്ച സീറ്റ് പാർട്ടി അനുവദിച്ചത്. അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ളതായിരുന്നു വി.എസ്സിന്റെ അഞ്ച് വർഷത്തെ ഭരണം.
പ്രകൃതി സന്തുലനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വി.എസ് മൂന്നാറിലടക്കം നടത്തിയ ഇടപെടലുകൾ രണ്ട് പ്രളയങ്ങളെ അതിജീവിച്ച നവകേരളം ഇപ്പോൾ നന്നായി തിരിച്ചറിയുന്നുണ്ട്. കർഷകത്തൊഴിലാളി പെൻഷൻ വർദ്ധിപ്പിച്ചതടക്കം ഒട്ടേറെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാനും വി.എസ്സിനായി.
ഒരുപക്ഷേ പാർട്ടി നേതൃത്വത്തിന്റെ പിന്തുണ കൂടിയുണ്ടായിരുന്നെങ്കിൽ ഭരണത്തുടർച്ചയുണ്ടാക്കാമായിരുന്ന ആദ്യ സർക്കാരായി മാറിയേനെ വി.എസ്സിന്റേത്. 2011-ൽ കേവലം നാല് സീറ്റുകളുടെ വ്യത്യാസത്തിലാണ് ഭരണം നഷ്ടമായത്.
എൺപത്തിയെട്ടാം വയസ്സിലാണ് വി.എസ് മൂന്നാമതും കേരളത്തിന്റെ പ്രതിപക്ഷ നേതാവായത്. ഇത്തവണയും പാർട്ടിയോട് പടവെട്ടിയാണ് മത്സരിക്കാൻ അദ്ദേഹം അവസരം നേടിയെടുത്തത്. വർദ്ധമാന കേരളത്തിൽ വി.എസ്സിനോളം ക്രൗഡ് പുള്ളറായ ഒരു രാഷ്ട്രീയ നേതാവില്ല. ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വി.എസ് പങ്കെടുക്കുന്ന വേദികളിൽ ജനം ആർത്തിരമ്പി. ആ വന്ദ്യവയോധികനെ, നവതിയിലും കർമ്മനിരതനായ കമ്യൂണിസ്റ്റ് നേതാവിനെ കാണാനും കേൾക്കാനും കൊച്ചുകുട്ടികളടക്കം തിങ്ങിനിറഞ്ഞു.
വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണമാണ് വി.എസ് പങ്കെടുത്ത അവസാന പൊതുപരിപാടി. തീരെ വയ്യാഞ്ഞിട്ടും വി.എസ് ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. 14,465-ന്റെ മിന്നും ഭൂരിപക്ഷമാണ് വി.എസ്സിന്റെ വാക്കുകളെ വിശ്വസിച്ച വട്ടിയൂർക്കാവിലെ ജനങ്ങൾ വി.കെ.പ്രശാന്തെന്ന യുവതലമുറയിലെ നേതാവിന് നൽകിയത്.
കേരളത്തിലെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമാണ് വി.എസ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ ഇന്നത്തെ കേരളമാക്കാൻ നടത്തിയ പോരാട്ടങ്ങളിലെല്ലാം വി.എസ്സിന്റെ കൂടി കയ്യൊപ്പ് ചാർത്തപ്പെട്ടിട്ടുണ്ട്.
‘സമരം തന്നെ ജീവിതം’ എന്നാണ് വെറും 31 പേജുള്ള തന്റെ ആത്മകഥയ്ക്ക് വി.എസ് ഇട്ട തലക്കെട്ട്. ആ തലക്കെട്ടിനെ അന്വർത്ഥമാക്കിയ ജീവിതമായിരുന്നു വി.എസ്സിന്റേത്. എട്ട് പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിൽ ഏറ്റവും സംതൃപ്തി നൽകിയതെന്താണ് എന്ന ചോദ്യത്തിന് 'ജീവിതത്തിലുടനീളം ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കാനായി' എന്ന ഉത്തരമാണ് വി.എസ് നൽകിയത്. മരണം തിരശ്ശീലയിട്ടെങ്കിലും രാജ്യം കണ്ട മഹാനായ നേതാവിന് ജനമനസ്സുകളിൽ മരണമില്ല. ഇനി വി.എസ് ചരിത്രമായി ജീവിക്കും.
ഈ മഹാനായ ജനനായകന്റെ ജീവിതകഥ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: V.S. Achuthanandan: A towering figure in Kerala politics, a fighter for the common people.
#VSAchuthanandan #KeralaPolitics #CommunistLeader #PublicService #KeralaNews #IndianPolitics