Victory | കന്നിയങ്കത്തിൽ തകർപ്പൻ ജയവുമായി വിനേഷ് ഫോഗട്ട്; ഒളിമ്പിക്സ് നിരാശയ്ക്ക് ശേഷം രാഷ്ട്രീയ വിജയം


● ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ സജീവമായിരുന്നു.
● ഹരിയാനയിലെ ജുലാന സീറ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു.
● 6000-ത്തിലധികം വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി
ന്യൂഡൽഹി: (KVARTHA) ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വിജയം. ജുലാനയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായാണ് അവർ മത്സരിച്ചത്. ബിജെപിയുടെ യോഗേഷ് കുമാറിനെയാണ് 6,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി വിനേഷ് മത്സരിച്ച് 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയിരുന്നു. എന്നാൽ ഫൈനലിന് മുമ്പ് ഭാരപരിശോധനയിൽ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.
വെള്ളിമെഡൽ ഉറപ്പാക്കി സ്വർണപ്രതീക്ഷയിൽ നിൽക്കെയാണ് അനുവദനീയമായതിനേക്കാൾ 100 ഗ്രാം അധികമാണെന്ന് ഭാരപരിശോധനയിൽ കണ്ടെത്തിയത്. പാരീസ് ഒളിമ്പിക്സിന് ശേഷം ഗുസ്തിയിൽ നിന്ന് വിരമിച്ച് കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വിനേഷിനും ഈ ഫലം നിർണായകമായിരുന്നു. ഗുസ്തി ലോകത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച വിനേഷ് ഫോഗട്ട്, രാഷ്ട്രീയ രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചത് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ വിരുദ്ധ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തുകൊണ്ടാണ്.
റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള ഗുസ്തിക്കാരുടെ പ്രതിഷേധം രാജ്യത്തുടനീളം വലിയ ചർച്ചയായിരുന്നു. മുമ്പ് ഒമ്പത് വർഷത്തോളം കരസേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ബിജെപി സ്ഥാനാർഥി ബൈരാഗി മുൻ വാണിജ്യ പൈലറ്റുമാണ്. 1.85 ലക്ഷത്തിലധികം വോട്ടർമാരുള്ള ജുലാനയിൽ 40 ശതമാനം വോട്ടർമാരും ജാട്ട് സമുദായത്തിൽ നിന്നുള്ളവരാണ്.
#VineshPhogat #HaryanaElections #IndianWrestler #ParisOlympics #BrijBhushanSharanSingh #Congress