Analysis | അരസിയലില്‍ നയം മുഖ്യം ബിഗിലേ; വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് തമിഴ് നാട്ടിൽ നിലനിൽപുണ്ടാവുമോ?

 
Vijay's Political Debut: A Critical Analysis
Watermark

Photo Credit: X/ TVK Vijay Trends

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വിജയ്‌യുടെ പാർട്ടിക്ക് വ്യക്തമായ രാഷ്ട്രീയ നയമില്ല
● വിദ്യാഭ്യാസം സംബന്ധിച്ച വിജയ്‌യുടെ അഭിപ്രായങ്ങൾ തെറ്റാണ്
● വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ദ്രാവിഡ രാഷ്ട്രീയത്തെ ബാധിക്കും

അർണവ് അനിത 

(KVARTHA) തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് തമിഴകവും മറ്റുള്ളവരും കാത്തിരുന്നത്. എന്നാല്‍ തന്റെ സിനിമകളെ വെല്ലുന്നതരത്തിലുള്ള ഉപരിപ്ലവമായ നിലപാടുകളും പ്രഖ്യാപനങ്ങളും മാത്രമാണുണ്ടായത്. തമിഴ്‌സിനിമയും രാഷ്ട്രീയവും തമ്മില്‍ കെട്ടുപിണഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്നത് യാഥാര്‍ത്ഥ്യമാണ്. എം.ജി.ആറും കരുണാനിധിയും ജയലളിതയും ചലച്ചിത്ര ലോകത്തൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എന്നാല്‍ അവരൊക്കെ സാമൂഹ്യപ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്ത സിനിമകളിലൂടെയാണ് മനുഷ്യരുടെ മനസില്‍ ഇടംപിടിച്ചത്. 

Aster mims 04/11/2022

Vijay's Political Debut: A Critical Analysis

അത്തരം ചലച്ചിത്രങ്ങള്‍ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. മാത്രമല്ല അവരൊക്കെ ജനങ്ങോട് അടുത്ത് നിന്നവരും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയവരും ആയിരുന്നു. കാലം മാറി സിനിമയും രാഷ്ട്രീയവും മാറി. പാ രഞ്ജിത്തും മാരി സെല്‍വരാജും വെട്രിമാരനും ജ്ഞാനവേലും അടക്കമുള്ള സംവിധായകര്‍ സാമൂഹ്യപ്രസക്തമായ സിനിമകളെടുത്ത് ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്നു. 

അപ്പോഴും പഴയ മാസ് മസാലപടങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന നടനാണ് വിജയ്. അദ്ദേഹത്തിന് രാഷ്ട്രീയം എന്താണെന്നോ, ഭരണഘടന എന്തെന്നോ, ഫെഡറല്‍ സംവിധാനം എങ്ങനെയാണെന്നോ യാതൊരു തിരിച്ചറിവും ഇല്ല. തന്റെ സിനിമകളിലെ അതിമാനുഷിക നായകന്മാരെ പോലെ, തിയേറ്ററില്‍ കയ്യടി കിട്ടുന്ന തരത്തിലുള്ള കുറേ പ്രഖ്യാപനങ്ങളാണ് തമിഴ് വെട്രി കഴകം എന്ന തന്റെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ വിജയ് നടത്തിയത്.

തമിഴ്‌നാട്ടിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍, ജാതിവിവേചനം, വ്യാജചാരായം വില്‍പ്പന അങ്ങനെ നൂറ് നൂറ് പ്രശ്‌നങ്ങളുണ്ട്. അവയെകുറിച്ചൊന്നും യാതൊരു അഭിപ്രായവും വിജയ് മുന്നോട്ടുവെച്ചില്ല. പകരം വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും എന്ന, ഒരിക്കലും നടക്കാത്ത കാര്യം മുന്നോട്ടുവയ്ക്കുകയാണുണ്ടായത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ള കാര്യമാണ്. അത് സംസ്ഥാന പട്ടികയില്‍ മാറ്റണമെന്ന ആവശ്യം തന്നെ ഭരണഘടനയെ കുറിച്ചോ, ഭരണഘടനയില്‍ എന്തിനാണ് അങ്ങനെ ഉള്‍പ്പെടുത്തിയത് എന്നതിനെ കുറിച്ചോ യാതൊരു അറിവും ഇല്ലാത്തത് കൊണ്ടാണ്. 

ബിജെപിയെ ആശയപരമായും ഡിഎംകെയെ രാഷ്ട്രീയമായും നേരിടുമെന്നും താരം പറഞ്ഞു. കവി എന്താണ് ഉദ്ദേശിച്ചതെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. ആശയത്തില്‍ ഊന്നിയാണല്ലോ ബിജെപിയും ഡിഎംകെയും പ്രവര്‍ത്തിക്കുന്നത്. ആ നിലയ്ക്ക് ഒരു കൂട്ടരെ ആശയപരമായും മറ്റവരെ രാഷ്ട്രീയമായും നേരിടും എന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് തമിഴ്‌നാടാണ്, അവിടുത്തെ ദ്രാവിഡ രാഷ്ട്രീയം. ആ രാഷ്ട്രീയമാണ് താനും മുന്നോട്ട് വയ്ക്കുന്നതെന്ന് വിജയ് പറയുന്നു. എന്നാല്‍ ഡിഎംകെയെ രാഷ്ട്രീയമായി നേരിടുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. 

ഇത്തരത്തില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കാരണം വിജയ്‌ക്കോ, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ വ്യക്തമായ രാഷ്ട്രീയ നയമോ, ലക്ഷ്യമോ ഇല്ലാത്തത് കൊണ്ടാണ്. ഡിഎംകെയെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ കൃത്യമായി അക്കമിട്ട് നിരത്തി ജനങ്ങളെ ബോധ്യപ്പെടുത്തണം. അല്ലാതെ ബിജെപി ആരോപിക്കുന്നത് പോലെ ഡിഎംകെയില്‍ കുടുംബാധിപത്യമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളിലും കുടുംബാധിപത്യമുണ്ട്, അത് പല തരത്തിലാണെന്ന് മാത്രം. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികളില്‍ കുറേ പേര്‍ നേതാക്കളുടെ മക്കളോ, ഭാര്യമാരോ ഒക്കെയായിരുന്നു.

ബിജെപിയെ ആശയപരമായി നേരിടുമെന്ന് പറയുന്നു. അത് എങ്ങനെ, ബ്രാഹ്‌മണ്യത്തില്‍ അധിഷ്ഠിതമാണ് ബിജെപി ആശയം. അതിനെ നേരിടണമെങ്കില്‍ പിന്നാക്ക-ദളിത് വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അണിനിരത്തണം. ജാതി വ്യവസ്ഥ ഇല്ലാതാക്കണം. അതിനുള്ള എന്തെങ്കിലും കര്‍മപദ്ധതികള്‍ വിജയ്ക്കുണ്ടോ? അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുണ്ടോ? അഴിമതിരഹിത രാഷ്ട്രീയം എന്നത് തമിഴ് സിനിമകളില്‍ മാത്രം കാണുന്ന മാജിക്കാണ്. അതൊന്നും പ്രായോഗിക രാഷ്ട്രീയത്തില്‍ നടക്കാത്ത കാര്യമാണ്. ആംആദ്മി പാര്‍ട്ടിയൊക്കെ വെള്ളം കുടിക്കുന്നത് അത്തരം ആശയങ്ങളുടെ പേരിലാണ്. 

അഴിമതി കുറയ്ക്കുക മാത്രമാണ് ഏതൊരു സര്‍ക്കാരിനും ചെയ്യാവുന്ന കാര്യം. പിന്നെ സാധാരണ ജനം ആഗ്രഹിക്കുന്നത് സമാധാന അന്തരീക്ഷം, റേഷന്‍, വെള്ളം, വൈദ്യുതി, സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചിക്തസാ സൗകര്യം, തൊഴിലും മാന്യമായ കൂലിയും, കാര്‍ഷിക മേഖലയെയും കര്‍ഷകരെയും സഹായിക്കുക, വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ക്ഷേമപദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ്. ഇവയൊക്കെ കൃത്യമായി ചെയ്താല്‍ തന്നെ ജനം സംതൃപ്തരാകും. തമിഴ്‌നാട് പോലൊരു വലിയ സംസ്ഥാനത്ത് വ്യവസായത്തിന് വലിയ സാധ്യതകളുണ്ട്, അതൊക്കെ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ആ നിലയിലുള്ള വികസനങ്ങളും നടപ്പാക്കണം. 

അങ്ങനെ തമിഴ്‌നാടിനെ ഒരു വലിയ പുരോഗമന പാതയിലേക്ക് കെട്ടിപടുക്കാനുള്ള കാഴ്ചപ്പാടാണ് തമിഴ് വെട്രി കഴകം മുന്നോട്ട് വയ്‌ക്കേണ്ടത്. അതിന് വിദഗ്ധരുടെ ഉപദേശം തേടുകയും അത് വിലയിരുത്തി അതിനനുസരിച്ച് നയങ്ങളും നിലപാടുകളും സ്വീകരിക്കണം. അതിന് അനുസൃതമായി വേണം പാര്‍ട്ടി മുന്നോട്ട് പോകാന്‍. നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ ദ്രാവിഡ രാഷ്ട്രീയത്തിന് തിരിച്ചടിയാകും വിജയ് യുടെ വരവ്. കാരണം വോട്ടുകള്‍ ഡിഎംകെ, എഐഡിഎംകെ, ടിവികെ എന്നിങ്ങിനെ ഭിന്നിക്കുകയും പലയിടത്തും ബിജെപിക്ക് ജയിക്കാനുള്ള സാധ്യതയുണ്ടാവുകയും ചെയ്യും.

#Vijay #TamilPolitics #Cinema #SocialIssues #DMK #BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia